20 June Thursday
ശമ്പ‌ളം പോലും കൊടുക്കാതെ കോട്ടയം നഗരസഭ

ശുചിത്വ കർമസേനയോട‌് എന്തിനീ അവഗണന

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

  

കോട്ടയം
നാടിനെ ശുചിയാക്കുന്ന യജ‌്ഞം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ശനിയാഴ‌്ച ആരംഭിക്കാനിരിക്കെ മാസങ്ങൾ മുമ്പ‌് നിയമിതരായ ഹരിത കർമസേനാംഗങ്ങൾ കരുണതേടുകയാണ‌്. കോട്ടയം നഗരസഭാ പരിധിയിൽ നിയമിതരായവർക്ക‌് നഗരസഭ ശമ്പളം പോലും നൽകിയിട്ടില്ല. ഇവർ ശേഖരിക്കുന്ന മാലിന്യങ്ങൾ യഥാസമയത്ത‌് കൊണ്ടുപോകുന്നില്ല.
 നഗരസഭയിലെ 52 വാർഡുകളിൽ 30 ഇടത്ത‌ാണ‌് രണ്ടുപേരെ വീതം നിയോഗിച്ചത‌്. ചിലയിടങ്ങളിൽ മൂന്നുപേരുണ്ട‌്. ആകെ 70 പേർ കഴിഞ്ഞ‌ ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിച്ചു. കൗൺസിലർമാരുടെ നേതൃത്വത്തിലാണ‌് സേനാംഗങ്ങളെ നിയമിച്ചത‌്. അജൈവ മാലിന്യം ശേഖരിച്ച‌് ഓരോ വാർഡിലും നിശ‌്ചിത കേന്ദ്രത്തിൽ എത്തിക്കുകയും ബോധവൽകരണ പരിപാടികളുമാണ‌് പ്രധാന ചുമതല. ഒരു വാർഡിലെ എണ്ണൂറോളം വീടുകളിലാണ‌് ശുചിത്വ സേന നേരിട്ടെത്തി മാലിന്യം സ്വീകരിക്കുക. ഇവർക്ക‌് കൈയുറയോ മാലിന്യമിടാൻ ബാഗുകളോ പോലും നഗരസഭ നൽകിയില്ല. ശേഖരിക്കുന്ന മാലിന്യം ഓരോ വാർഡിലും എവിടെയാണ‌് നിക്ഷേപിക്കേണ്ടതെന്ന‌് നിർദേശം നൽകിയിട്ടില്ല
 
. ഇതുമൂലം 
ശുചിത്വ സേനാംഗങ്ങൾ സ്വകാര്യ വ്യക്തികളുടെ അനുവാദം വാങ്ങി അവരുടെ വീടിനോട‌് ചേർന്ന പുരയിടത്തിലും വഴിയിലുമൊക്കെയാണ‌് ഇടാറ‌്. വണ്ടിയില്ലാത്തതിനാൽ നഗരസഭ ഇത‌് ദിവസവും നീക്കാറില്ല. ഇത‌് വീട്ടുടമസ്ഥരും ശുചിത്വ സേനാംഗങ്ങളും തമ്മിൽ തെറ്റാൻ ഇടയാക്കുന്നു. 
 മാസം 6,000 രൂപയാണ‌് കർമ സേനാംഗങ്ങളുടെ ശമ്പളം നിശ‌്ചയിച്ചിരുന്നത‌്. എന്നാൽ ഒരുരൂപ പോലും കൊടുത്തിട്ടില്ല. ചോദിക്കുമ്പോൾ നഗരസഭ മുടന്തൻ ന്യായങ്ങൾ പറയുന്നതായി ഹരിത കർമസേനാംഗങ്ങൾ പറയുന്നു‌. മാലിന്യം നിക്ഷേപിക്കാൻ കോടിമതയിൽ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി എന്ന പേരിൽ ഷെഡ്ഡ‌് തുടങ്ങിയിരുന്നു. മാലിന്യം ഇവിടെ സംസ‌്കരിക്കാനും നിശ‌്ചയിച്ചു. എന്നാൽ ഇവിടെ വൈദ്യുതി പോലും എത്തിക്കാത്തതിനാൽ സംസ‌്കരണം നടക്കുന്നില്ല. പഞ്ചായത്തുകളിൽ പോലും ഹരിതകർമ സേന സംഭരിക്കുന്ന മാലിന്യം നല്ല രീതിയിൽ സംസ‌്കരിക്കുമ്പോഴാണ‌് നഗരസഭയുടെ ഈ അനാസ്ഥ. ഇപ്പോൾ വല്ലപ്പോഴും നഗരസഭയുടെ വാഹനം വാർഡുകളിലെത്തി മാലിന്യം ശേഖരിക്കും. എന്നിട്ടും ആഴ‌്ചകളായി മാലിന്യം നീക്കാത്ത പ്രദേശങ്ങളുണ്ട‌്. ശേഖരിക്കുന്ന മാലിന്യം കോടിമതയിൽ തന്നെ മറ്റൊരിടത്ത‌് നിക്ഷേപിക്കുന്നു. പദ്ധതി ആരംഭിച്ചപ്പോൾ മാലിന്യനീക്കത്തിന‌് മൂന്നു വണ്ടി വാടകക്കെടുക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. പക്ഷേ നടപ്പായില്ല.
 
  
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top