20 April Saturday

ജില്ലയിലെ അനധികൃത പണമിടപാടു സ്ഥാപനങ്ങളില്‍ റെയ്ഡ‌്

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019
കോട്ടയം
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവന്ന അനധികൃത പണമിടപാട‌് സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന‌് തിരിച്ചറിയൽ രേഖകൾ,  മുദ്രപത്രങ്ങൾ, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ തുടങ്ങിയവയും പിടിച്ചെടുത്തു.  കറുകച്ചാൽ, വാകത്താനം, ഏറ്റുമാനൂർ, അയർകുന്നം, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത‌്. കഴിഞ്ഞ കുറെ നാളുകളായി അമിതമായ പലിശയിടപാടു നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ജില്ല പൊലീസ് മേധാവി ഹരി ശങ്കർ റെയ്ഡിനു നിർദേശിക്കുകയായിരുന്നു. 
വാകത്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന റെയ്ഡിൽ പന്ത്രണ്ടാംകുഴി പുളിമൂടുഭാഗത്ത്‌ കാവുങ്കൽമൂലയിൽ കെ എം കുര്യനും(70) അയർകുന്നത്ത് നടന്ന റെയ്ഡിൽ തിരുവഞ്ചൂർ സ്വദേശി രാജേഷും(43) പൊലീസിന്റെ പിടിയിലായി. നിയമപരമായ ലൈസൻസ് ഇല്ലാതെ പണമിടപാട് സ്ഥാപനം നടത്തിയ രാജേഷിന്റ വീട്ടിൽനിന്നും വാഹനങ്ങളുടെ ആർ സി ബുക്ക്‌, താക്കോൽ, രണ്ടുലഷം രൂപ എന്നിവയും കണ്ടെടുത്തു. 
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന റെയ്ഡിൽ നഗരത്തിലെ അനധികൃത ധനകാര്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ടു പേർ പിടിയിലായി. ഏറ്റുമാനൂർ കാണക്കാരി മനോജ്‌ ഭവനിൽ മനോജ്‌ ജോസഫ്‌(43), അതിരമ്പുഴ ചിറയിൽ രാജൻ പി തോമസ്‌(47) എന്നിവരെയാണ‌് അറസ്റ്റ‌് ചെയ്തത‌്. കടുത്തുരുത്തി, കുറുവിലങ്ങാട്, കറുകച്ചാൽ തുടങ്ങിയ സ്റ്റേഷൻ പരിധിയിലുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. കുറുവിലങ്ങാട് നെടുനിലം ജെസ്റ്റിനെതിരെ കടുത്തുരുത്തി പൊലീസ് കേസെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top