23 January Wednesday
‘ഗോരക്ഷ’ 14 ന‌് തുടക്കം

കുളമ്പുരോഗ പ്രതിരോധം; വാക‌്സിനേഷൻ 95, 312 ഉരുക്കൾക്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

 

 
കോട്ടയം
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ‌്പ്പ‌് ‘ഗോരക്ഷ’ 14 മുതൽ ഫെബ്രുവരി ഏഴുവരെ നടക്കുമെന്ന‌് ജില്ലാ വെറ്ററിനറി ഓഫീസർ ഡോ. ജി അംബികാദേവി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്പൂർണ കുളമ്പുരോഗ പ്രതിരോധ ജില്ലയാക്കി മാറ്റുകയാണ‌് ലക്ഷ്യം. ജില്ലയിൽ 95, 312 ഉരുക്കൾക്കാണ‌് ഇത്തവണ കുത്തിവയ‌്പ്പ‌് നൽകുന്നത‌്. 
പരിശീലനം ലഭിച്ച 129 സ‌്ക്വാഡുകൾ വീടുകളിലെത്തിയും ക്യാമ്പുകൾ സംഘടിപ്പിച്ചും വാക‌്സിനേഷൻ നടത്തും. കാലികൾ–- 81,680 , എരുമ, പോത്ത‌്–- 6141, പന്നി–-7491 എന്നിവയെ ഇതിന‌് വിധേയമാക്കും. വാക‌്സിനേഷന്റെ 25ാമത‌് ഘട്ടമാണ‌് ഇപ്പോൾ നടക്കുന്നത‌്. കുളമ്പുരോഗം ബാധിച്ച പശുക്കൾ ഉൽപാദനം നശിച്ച‌് സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാൽ മുഴുവൻ പശുക്കളെയും വാക‌്സിൻ എടുപ്പിക്കാൻ കർഷകർ ശ്രദ്ധിക്കണം. പത്ത‌് രൂപയാണ‌് വാക‌്സിനേഷൻ ചാർജ‌്.
 വാക‌്സിനേഷനെ തുടർന്ന‌് പാൽ ഉൽപാദനം കുറയുന്നതിൽ ആശങ്ക വേണ്ടെന്നും ഇത‌് താൽകാലികമാണെന്നും അവർ പറഞ്ഞു. ഒരാഴ‌്ചവരെ ഇത്തരത്തിൽ പാൽ കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട‌്. രോഗ പ്രതിരോധ പ്രവർത്തനം നടക്കുന്നതിനാലാണിത‌്.
ഡെപ്യൂട്ടി വെറ്ററിനറി ഓഫീസർ ഡോ. ഡോളിമോൾ പി ജോർജ‌്, സീനിയർ വെറ്ററിനറി ഓഫീസർ ജയ ചാണ്ടി, പിആർഒ കുര്യാക്കോസ‌് മാത്യു, ജില്ലാ കോ–-ഓർഡിനേറ്റർ ഡോ. സാജു ജോസഫ‌് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
 Top