17 September Tuesday

ജനങ്ങളിലേക്ക്‌ ഓടിയെത്തി കാപ്പൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

ളാലത്ത്  വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മാണി സി കാപ്പൻ വോട്ടർമാരുമായി സൗഹൃദം പങ്കിടുന്നു

 പാലാ

മേലുകാവിലെ എസ്‌എച്ച്‌ കോൺവെന്റിൽ എൽഡിഎഫ്‌ സ്ഥാനാർഥി മാണി സി കാപ്പൻ എത്തുമ്പോൾ കാത്തിരിക്കുകയായിരുന്നു കന്യാസ്‌ത്രീകൾ. കോൺവെന്റിന്റെ വളപ്പിൽ നട്ടുവളർത്തിയ പാഷൻ ഫ്രൂട്ട്‌ വള്ളിയിൽ നിന്ന്‌ പഴുത്ത ഏതാനും പഴങ്ങളുമായിട്ടായിരുന്നു ഇവരുടെ കാത്തിരിപ്പ്‌. സന്തോഷത്തോടെ മാണി സി കാപ്പൻ അവ സ്വീകരിച്ചു.  എംഎൽഎയാകുമ്പോൾ പരിഹാരം കാണേണ്ട ചില  പ്രശ്‌നങ്ങൾ അവർ മുന്നോട്ടുവച്ചു. സർക്കാരിന്റെ ഭാഗമായി ഇതെല്ലാം ചെയ്യാനാകുമെന്ന്‌ മാണി സി കാപ്പൻ അവർക്ക്‌ ഉറപ്പുകൊടുത്തു.  പാലാ മണ്ഡലമാകെ ഇളക്കിമറിച്ചാണ്‌ മാണി സി കാപ്പന്റെ പ്രചാരണം മുന്നേറുന്നത്‌. എല്ലാവരെയും പരമാവധി കാണാൻ ശ്രമിക്കുന്നു. ഓണാഘോഷ പരിപാടികളിലും വിവാഹചടങ്ങളുകളിലും മരണവീടുകളിലുമെല്ലാം അതിഥിയായി സ്ഥാനാർഥിയുണ്ട്‌. എവിടെയായാലും പരിചയക്കാരുടെ അടുപ്പം മാണി സി കാപ്പന്‌ മുതൽക്കൂട്ടാകുന്നു. വികസനപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വ്യക്തമായ കാഴ്‌ചപ്പാടും കാപ്പന്റെ സ്വീകാര്യത വർധിക്കുകയാണ്‌. 
 തിങ്കളാഴ്‌ച മേലുകാവ്, മൂന്നിലവ് മേഖലകളിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പ്രചാരണം. അപകടത്തിൽ പരിക്കേറ്റ്‌ വിശ്രമിക്കുന്ന സിൽജി തോമസിനെ സന്ദർശിച്ചു. ചാലമറ്റത്ത് പ്രേംജിത്ത് ലാലിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തു. തുടർന്ന്‌ സിഎസ്ഐ ഈസ്റ്റ് കേരള മഹാ ഇടവകയുടെ സൺഡേ സ്‌കൂൾ ക്യാമ്പ്, ആയുർവേദ ഡിസ്‌പെൻസറി, മേലുകാവ് തിരുഹൃദയമഠം എന്നിവിടങ്ങളിൽ വോട്ടു തേടി.സീനിയർ സിറ്റിസൺസ് ക്ലബ്ബ് ഓണാഘോഷത്തിലും പങ്കെടുത്തു.
കവണാർ ലാറ്റക്‌സിലെ തൊഴിലാളികളെ നേരിൽകണ്ട് വോട്ട്‌  അഭ്യർഥിച്ചു.  എൽഡിഎഫ്‌ കുടുംബയോഗങ്ങളിലും കൺവൻഷനുകളിലും സ്ഥാനാർഥി പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top