22 October Tuesday

കാരുണ്യവർഷവുമായി ജോഷി മംഗലം: ഇരുന്നൂറുപേരുടെ ഓണം കേമമാകും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

 കാഞ്ഞിരപ്പള്ളി

കാരുണ്യവർഷവുമായി ജോഷി മംഗലം വീണ്ടും. ഇരുന്നൂറുപേർക്ക്‌    അരിയും പലവ്യഞ്ജനങ്ങളും നൽകി ഇദ്ദേഹം നാടിന്‌ അഭിമാനമായി. അഞ്ചു കിലോ അരി, പരിപ്പ്, പയർ, കിഴങ്ങ്, പഞ്ചാസാര, പപ്പടം എന്നിങ്ങനെ ഒരു സദ്യക്ക് വേണ്ട സാധനങ്ങൾ സഞ്ചിയിലാക്കി നിർധനരെ തെരഞ്ഞുപിടിച്ചു വീട്ടിലെത്തിച്ചു. പായസ കൂട്ടുംവച്ചു. കിറ്റൊന്നിന് 700രൂപ ചെലവഴിച്ച്‌ നൂറുപേർക്കാണ്‌ മുമ്പ്‌ നൽകിയിരുന്നത്‌.   പൊതുപ്രവർത്തകർ മുഖാന്തരം മേഖലയിലെ നിർധനരെ കണ്ടെത്തിയാണ് പട്ടിക ഒരുക്കിയത്. അർഹതപ്പെട്ടവർ സഹായവുമായി വന്നാൽ  മടക്കാറില്ല ജോഷി. അൻപതോളം നിർധനർക്ക്‌ വിവിധ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്നും സൗജന്യമായി മരുന്നു നൽകാനും സംവിധാനമുണ്ട്. ഡോക്ടർ നൽകുന്ന കുറിപ്പുമായി എത്തിയാൽ സൗജന്യമായി മരുന്നു നൽകും. തുക എത്രയായാലും ജോഷി നൽകും. കിടപ്പുരോഗികളായ ഒട്ടനവധി പേർക്ക്‌ വീട്ടുചെലവുകളും ജോഷി നൽകുന്നുണ്ട്. മുണ്ടക്കയത്ത്‌ അമ്മമാർ താമസിക്കുന്ന അഗതി മന്ദിരത്തിലും ജോഷി സാധനങ്ങൾ എത്തിച്ച്‌ നൽകുന്നുണ്ട്‌.  ക്രിസ്‌മസും ഈസ്റ്ററും ഓണവുമെല്ലാം  ഇദ്ദേഹം ആഘോഷിക്കുന്നത് ഈ അഗതി മന്ദിരത്തിലാണ്. മേഖലയിലെ രോഗികൾക്ക് ചികിത്സാസഹായ നിധി ശേഖരണം നടക്കുമ്പോൾ സംഘാടകർ കൈനീട്ടം സ്വീകരിക്കുന്നത് ജോഷിയിൽ നിന്നാണ്. അത്തരം സഹായങ്ങൾക്ക് ജോഷി കണക്കു നോക്കാറുമില്ല.
മുണ്ടക്കയത്ത് ഒരുവർഷം മുമ്പ് ഇരുപത്താറുകാരനായ സുമീർ വാഹനാപകടത്തിൽ മരിച്ചപ്പോൾ സഹായസമിതിയുടെ ഉത്തരവാദപ്പെട്ട സ്ഥാനം ഏറ്റെടുത്ത്  ആദ്യ ഗഡുവായി പതിനായിരം രൂപയും നൽകി. 12 ലക്ഷത്തോളം സമാഹരിച്ചപ്പോൾ ചോറ്റിയിൽ തന്റെ പേരിലുളള വസ്തുവിൽ ആറ്‌ സെന്റ് സ്ഥലം  സുമീറിന്റെ കുടുംബത്തിനു സൗജന്യമായി നൽകി. നിർധനരായ അഞ്ചോളം പേർക്ക് വീട് വെയ്‌ക്കാൻ സൗജന്യമായി സ്ഥലവും നൽകി. മുണ്ടക്കയം 31–--ാം മൈൽ അടക്കമുള്ള സ്ഥലങ്ങളിൽ ‘മംഗലം റബേഴ്സ്’ എന്ന പേരിൽ റബർക്കട നടത്തുകയാണ് ജോഷി.  വ്യാപാരി വ്യവസായി സമിതി മുണ്ടക്കയം യൂണിറ്റ് പ്രസിഡന്റുമാണ്‌ ജോഷി. പാറത്തോട് ചോറ്റിക്കു സമീപം ഇടചോറ്റിയിൽ മംഗലം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് കെ എസ്‌ രാജു ഉദ്ഘാടനം ചെയ്തു. അഗതി മന്ദിരത്തിനുളള ഫണ്ട് പ്രസ് ക്ലബ്‌ സെക്രട്ടറി നൗഷാദ് വെംബ്ലി കൈമാറി.  ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, ഫാ. ഡൊമിനിക് കുറ്റിക്കാട്ടിൽ, ചോറ്റി ജുമാമസ്ജിദ് ഇമാം റിയാസ് മൗലവി, ചോറ്റി ക്ഷേത്രം തന്ത്രി സാബു സ്വാമി, ആർ സി നായർ, സജി കുരീക്കാട്ട്, രാജീവ്  അലക്‌സാണ്ടർ  എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top