22 September Tuesday

മഹാപ്രളയത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

കോട്ടയം വട്ടമൂട് പാലത്തിന് സമീപം വീടുകളിൽ വെള്ളം കയറി കുടിങ്ങിയവരെ വള്ളത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു 

 കോട്ടയം

ജില്ലയിൽ പടിഞ്ഞാറൻ മേഖല വെള്ളത്തിനടയിൽ. കോട്ടയം നഗരഹൃദയ പ്രദേശം ഒഴികെ ചുറ്റുമുള്ള മുഴുവൻ സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. ശനിയാഴ്‌ച രാത്രി പെയ്‌ത മഴയിൽ കോട്ടയം, അയ്‌മനം, കുമരകം, വൈക്കം, തിരുവാർപ്പ്‌, ചങ്ങനാശേരി മേഖലകളിൽ വെള്ളം കയറി. ഞായറാഴ്‌ച പകൽ കാര്യമായ മഴയുണ്ടായിരുന്നില്ല. മലയോര മേഖലയിൽ മഴയ്‌ക്ക്‌ ശമനമുണ്ട്‌. 
മീനച്ചിലാറിലെ ജലനിരപ്പ്‌ ഉയർന്നാണെങ്കിലും പാലാ ടൗണിൽ വെള്ളമിറങ്ങി. പാലാ–-കോട്ടയം റൂട്ടിൽ വിരലിലെണ്ണാവുന്ന കെഎസ്‌ആർടിസി ബസുകളേ സർവീസ്‌ നടത്തിയുള്ളൂ. കോട്ടയം കുമരകം റോഡ്‌ അടച്ചു.  മണർകാട്ട്‌ കാറോടെ ഒഴുക്കിൽപ്പെട്ട യുവാവ്‌ മരിച്ചത്‌ നാടിനെ ഞെട്ടിച്ചു. ഈരാറ്റുൂേപട്ടയിൽ വെള്ളംകയറിയ കട വൃത്തിയാക്കാനെത്തിയയാൾ ഷോക്കേറ്റ്‌ മരിച്ചു. മഴക്കെടുതിയിൽ ജില്ലയിലെ ഇതോടെ നാലു മരണമായി. 
 കോട്ടയം നഗരത്തിലെ വിവിധ ഭാഗങ്ങളും നെഹ്‌റു സ്‌റ്റേഡിയവും വെള്ളത്തിലാണ്‌. നാഗമ്പടം ബസ്‌സ്‌റ്റാൻഡിലും വെള്ളം കയറി. അറുത്തൂട്ടി പാലത്തോട്‌ ചേർന്ന റോഡ്‌ കൈവരിയോടെ ഇടിഞ്ഞു. തോടിനോട്‌ ചേർന്ന റോഡാണ്‌ വെള്ളത്തിൽ പതിച്ചത്‌. നൂറുകണക്കിനു പേർ ക്യാമ്പുകളിൽ അഭയം തേടി. വീട്ടിലിടാൻ സാധിക്കാത്തതിനാൽ പലരും കാറുകൾ റോഡരികിലാണ്‌ പാർക്ക്‌ ചെയ്‌തിരിക്കുന്നത്‌. കാറുകളുടെ നീണ്ട നിര തന്നെ റോഡുകളിൽ കാണാം. പാലങ്ങളിൽ പാർക്ക്‌ ചെയ്‌തിരിക്കുന്നത്‌ അപകടസാധ്യതയും വർധിപ്പിക്കുന്നു. 
മലയോരത്ത്‌  കിണറുകൾ ഇടിഞ്ഞു താഴ്‌ന്ന നിരവധി സംഭവങ്ങളുണ്ടായി. തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴ, പെരിങ്ങുളം ഭാഗത്ത്‌ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം കൃഷിനാശം സംഭവിച്ചു. പൂഞ്ഞാറിൽ ചേന്നാട്‌ ഭാഗത്തും മണ്ണിടിച്ചിലിൽ നാശമുണ്ടായി. തലനാട്‌, തീക്കോയി ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഭയന്ന്‌ ആളുകൾ വീടുവിട്ടു‌.  കല്ലറ 110 പാടശേഖരത്തിൽ 500 ഹെക്ടറിൽ വെള്ളം കയറി 12 മുതൽ 45 ദിവസം വരെ വളർച്ചയുള്ള നെൽച്ചെടികൾ മുടങ്ങി. അയ്‌മനം പഞ്ചായത്തിലെ കുറുവത്തറ, കല്ലൂങ്കത്തറ, മങ്ങാട്ട്‌ പുത്തൻകരി എന്നീ പാടശേഖരങ്ങളിൽ മടവീണ്‌ 350 ഹെക്ടർ നെല്ല് വെള്ളത്തിലായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top