14 December Saturday
അഴിമതിയ്‌ക്കും കൈക്കൂലിയ‌്ക്കും വിട

വില്ലേജ് ഓഫീസുകളില്‍ പണമിടപാടിന് ഇ-പോസ് മെഷീൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

ഇപോസ് മെഷീൻ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

 കോട്ടയം

വില്ലേജ‌് ഓഫീസുകളിലെ പണമിടപാടിന‌് കാത്തുനിൽക്കേണ്ട പണം നൽകാനായി വില്ലേജ‌് ഓഫീസുകളിൽ ഇപോസ‌് മെഷീനുകൾ തയ്യാർ. പൊതുജനങ്ങൾക്ക് കറൻസിരഹിത സേവനം നൽകുന്നതിനാണ‌് ജില്ലയിലെ വില്ലേജ് ഓഫീസുകൾക്ക് ഇ-പോസ് മെഷീൻ നൽകുന്നത‌്. നികുതികളും ഫീസുകളും ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഉപയോഗിച്ചും യുപിഐ മുഖേനയും അടയ‌്ക്കാൻ കഴിയുന്ന പുതിയ സംവിധാനമാണ‌് ഇതിലൂടെ പൊതുജനങ്ങൾക്ക‌് ലഭ്യമാകുക. 
 കാലഘട്ടത്തിന്റെ ആവശ്യകത കണക്കിലെടുത്ത് സർക്കാർ ഏർപ്പെടുത്തുന്ന ആധുനിക സംവിധാനങ്ങളുടെ പ്രയോജനം പൊതുജനങ്ങൾക്ക് പൂർണതോതിൽ ലഭ്യമാക്കാൻ  ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മെഷീനുകൾ വിതരണം ചെയ‌്തുകൊണ്ട‌് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. വില്ലേജ് ഓഫീസുകളിൽ പണമിടപാടിന് ഇ-പോസ് മെഷീൻ നൽകുന്നതോടെ ആധുനിക സംവിധാനങ്ങളുടെ   പ്രയോജനം ജനങ്ങൾക്ക് പൂർണമായും ലഭ്യമാകും. ഇ-പോസ് മെഷീൻ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നതിലൂടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാകും. ബാങ്കുകളിലും ട്രഷറികളിലും സമയബന്ധിതമായി പണം അടയ്ക്കുന്നതിന് ഉദ്യോഗസ്ഥർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കൂടിയാണ് പുതിയ സംവിധാനം.
 ജില്ലയിലെ നൂറ് വില്ലേജ് ഓഫീസുകൾക്കുമുള്ള  ഇ-പോസ് മെഷീനുകളുടെ വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ കലക്ടർ പി കെ സുധീർ ബാബു, സബ്കലക്ടർ ഈഷ പ്രിയ, അസി. കലക്ടർ ശിഖാ സുരേന്ദ്രൻ, എഡിഎം അലക്സ് ജോസഫ് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി  കലക്ടർമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
 നികുതികളും ഫീസുകളും ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും യുപിഐ മുഖേനയും അടയ്ക്കാൻ കഴിയുന്ന പുതിയ സംവിധാനം ഫെഡറൽ ബാങ്കിന്റെ സഹായത്തോടെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ഇതിനാവശ്യമായ സോഫ്റ്റ‌് വെയർ വികസിപ്പിച്ചെടുത്തത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top