കോട്ടയം
കോഴിയിറച്ചിയുടെ വില കുതിക്കുന്നു. ഉത്സവസീസൺ അല്ലാതിരുന്നിട്ട് കൂടി വില പലയിടത്തും 170 മുതൽ 180 രൂപ വരെയെത്തി. രണ്ടാഴ്‌ചക്കിടെയാണ് കോഴിവിലയിൽ പെട്ടെന്ന് വർധനയുണ്ടായത്. അതേസമയം കുടുംബശ്രീയുടെ വിലകുറഞ്ഞ കേരള ചിക്കൻ ആശ്വാസമായി വിപണിയിലുണ്ട്. കിലോ 147 രൂപയാണ് വില. കേരള ചിക്കന് വിലകൂടുന്നെന്ന മട്ടിലുള്ള വാർത്തകൾ ശരിയല്ലെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു.
തമിഴ്‌നാട്ടിൽനിന്ന് കോഴിയുടെ വരവ് കുറഞ്ഞതാണ് വിലകൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഇന്ധനവില വർധിച്ചതും തമിഴ്‌നാട്ടിൽ ചൂട് കൂടിയതും ഇറക്കുമതി കുറയാൻ കാരണമായി. ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്ക് വിലകൂടാനും സാധ്യതയുണ്ട്.
വില കൂടാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടാണ് കേരള ചിക്കന്റെ വ്യാപാരം. ജില്ലയിൽതന്നെയുള്ള 49 ഫാമുകളിൽനിന്നാണ് കോഴികൾ ഔട്ട്‌ലെറ്റുകളിലേക്ക് എത്തുന്നത്. അതുകൊണ്ട് കോഴിക്ക് ക്ഷാമം നേരിടുന്നില്ല. ജില്ലയിലെ 20 ഔട്ട്‌ലെറ്റുകൾ വഴി ദിവസം ശരാശരി നാലായിരം കിലോ ചിക്കൻ വിറ്റുപോകുന്നുണ്ട്. മറ്റ് ചിക്കൻ സ്‌റ്റാളുകളിൽ വിലക്കൂടുതൽ മൂലം മുമ്പത്തേക്കാൾ വിൽപന കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..