29 September Tuesday

ഗീതമ്മക്ക‌് കൈത്താങ്ങായി ഇനി ബിനോയി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

 

പാലാ 
ജന്മനാ പോളിയോ ബാധിച്ച്  ഇരുകാലുകളും തളർന്ന ഗീതമ്മക്ക് ബിനോയി ജീവിത പങ്കാളിയാകും. ഇടപ്പാടി മഠത്തിപറമ്പിൽ തങ്കപ്പന്റെയും ചിന്നമ്മയുടെയും ആറ് മക്കളിൽ നാലാമത്തെ മകളാണ് ആവേമരിയ എന്ന ഗീതമ്മക്ക‌് ഇടുക്കി തങ്കമണി താഴെവീട്ടിൽ ബിനോയിയാണ് വരനാകുന്നത്. ശനിയാഴ‌്ച പകൽ  1.30ന് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ ഗീതമ്മയുടെ കഴുത്തിൽ ബിനോയി മിന്നുചാർത്തും. നാട്ടുകാരും അടുത്ത ബന്ധുക്കളുമടങ്ങുന്ന ചെറിയ ചടങ്ങായാണ് വിവാഹം നടക്കുക.
പരസഹായമില്ലാതെ മുന്നോട്ടുപോകാനാവാത്ത അവസ്ഥയിലായ മകളുടെ വൈകല്യം മാതാപിതാക്കളെയും സഹോദരങ്ങളെയും ഏറെ വിഷമിപ്പിച്ചിരുന്നു. ഒന്നാം ക്ലാസ‌് പഠനം സ്‌കൂളിൽ പൂർത്തിയാക്കിയ ഗീതമ്മ വൈകല്യമുള്ള കുട്ടികളെ പരിചരിക്കുന്ന അന്തീനാട് ശാന്തിനിലയത്തിലായിരുന്നു അഞ്ചാം വയസു മുതൽ പരിശീലനം.  ശാന്തിനിലയത്തിൽനിന്ന‌് പ്രാധമിക വിദ്യാഭ്യാസവും സ്വയംതൊഴിലായി തയ്യലും പഠിച്ചു. ശാന്തിഭവനിലെ ചിട്ടയായുള്ള രീതികളും കൗൺസിലിംഗും ഗീതമ്മക്ക് പുതുജീവിതമാണ് നൽകിയത്.
കിടപ്പാടവും പുരയിടവും സർക്കാർ വിലയിട്ട് നൽകാതിരുന്നത് നിയമക്കുരുക്കിലക്കിയിരുന്നു. റവന്യൂ, പൊലീസ് അധികൃതർക്ക് പരാതി നൽകിയെങ്കിലും അവഗണനയായിരുന്നു. തുടർന്ന് പാലായിലെ പൗരാവകാശ സമിതിയും പ്രസിഡന്റ് ജോയി കളരിക്കലും ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചതോടെയാണ് വീടും സ്ഥലവും തിരിച്ചുകിട്ടിയത്.
ശാന്തിനിലയത്തിൽ അന്തേവാസിയായിരുന്ന കാലത്ത് കൗൺസിലറായിരുന്ന സിസ്റ്റർ. ഇടുക്കിയിലേക്ക് സ്ഥലം മാറിപ്പോയതോടെയാണ‌് ഗീതമ്മക്ക‌് കൂട്ടായി ബിനോയിയെ കണ്ടെത്തിയത‌്. പെയിന്റിംഗ് കോൺട്രാക്ടറായിരുന്ന ബിനോയി തന്റെ വിവാഹ സ്വപ്‌നങ്ങളെപ്പറ്റി സിസ്റ്ററോട് മനസുതുറന്നു. അനാഥരോ, അംഗപരിമിതരോ  ആയ ആരെയെങ്കിലും ജീവിപങ്കാളിയാക്കണമെന്നായിരുന്നു ബിനോയിയുടെ ആഗ്രഹം. ഇതേതുടർന്ന‌് സിസ‌്റ്ററുടെ മുൻകൈയിൽ ഗീതമ്മ  ബിനോയിയുമായി കണ്ടുമുട്ടിയതോടെയാണ് വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയത്. ബിനോയി പെയിന്റിഗിന് പുറമെ പാൽ വിതരണവും നടത്തുന്നുണ്ട്.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top