13 November Wednesday
കേന്ദ്രസർക്കാരിന്റെ അർധ ഫാസിസ്‌റ്റ്‌ ഭരണത്തിനെതിരെ

എൽഡിഎഫ്‌ പ്രകടനവും ധർണയും നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

 കോട്ടയം

സംഘപരിവാർ സർക്കാരിന്റെ അർധ ഫാസിസ്‌റ്റ്‌ ഭരണവാഴ്‌ചക്കെതിരെ വൻ ജനകീയ പ്രതിഷേധം ഉയർത്തി എൽഡിഎഫ്‌ രംഗത്ത്‌. രാജ്യത്തിന്റെ സമസ്‌തതലങ്ങളിലും ആഴ്‌ന്നിറങ്ങിക്കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധതയും ഭരണഘടനാ അവഹേളനവും അസഹിഷ്‌ണുതയും തുറന്നുകാട്ടാൻ എൽഡിഎഫ്‌ ജില്ലാ–-മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ജില്ലയിലെ ഒമ്പത്‌ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും പ്രകടനവും ധർണയും നടത്തും. 
സാഹിത്യകാരന്മാരും ചലച്ചിത്രകാരന്മാരും സിവിൽസർവീസ്‌ ഉദ്യോഗസ്ഥർ പോലും സംഘപരിവാർ ഭീഷണിയിലാണിന്ന്‌. പ്രധാനമന്ത്രിയെ വിയോജനം അറിയിച്ചതിന്റെ പേരിൽ രാജ്യത്തെ പ്രഗത്ഭ വ്യക്തികളെ അറസ്‌റ്റ്‌ ചെയ്യാനാണ്‌ നീക്കം. കശ്‌മീരിൽ നടന്ന ജനാധിപത്യക്കുരുതി സാർവദേശീയതലത്തിൽ രാജ്യത്തിന്റെ മാനംകെടുത്തി. പാർലമെന്റിനെ നോക്കുകുത്തിയാക്കി 30 മണിക്കൂറിനുള്ളിൽ 20 ബിൽ പാസാക്കിയതിലൂടെ സർക്കാരിന്റെ തനിനിറം വെളിച്ചത്ത്‌വന്നു. മഹാത്മജിയുടെ 150ാം ജയന്തി വേളയിലും ഗാന്ധിനിന്ദ ആവർത്തിക്കുകയാണ്‌ സംഘിസർക്കാർ. ജനാധിപത്യം, മതനിരപേക്ഷത, സ്ഥിതിസമത്വം തുടങ്ങി ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന മൂല്യങ്ങളെ ചവിട്ടിയരച്ച്‌ ഇന്ത്യയെ ഹിന്ദുമൗലികവാദ രാജ്യമാക്കിമാറ്റുകയാണ്‌ ആർഎസ്‌എസ്‌–-ബിജെപി ലക്ഷ്യം. എന്നാൽ ജനാധിപത്യമുൾപ്പെടെയുള്ള മൂല്യങ്ങളുടെ തുരുത്തായി അവശേഷിക്കുന്ന കേരളത്തിൽ സംഘപരിവാർ ഉമ്മാക്കി ചെലവാകില്ലെന്ന സന്ദേശമാണ്‌ എൽഡിഎഫ്‌ സർക്കാർ ഉയർത്തുന്നത്‌. 
കോട്ടയത്ത്‌ പ്രകടനത്തെ തുടർന്ന്‌ നടത്തുന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. ഏറ്റുമാനൂരിൽ അഡ്വ. കെ സുരേഷ്‌ കുറുപ്പ്‌ എംഎൽഎയും പാലായിൽ മാണി സി കാപ്പൻ എംഎൽഎയും സമരപരിപാടി ഉദ്‌ഘാടനം ചെയ്യും. മറ്റ്‌ മണ്ഡലങ്ങളും സമരം ഉദ്‌ഘാടകരും: കാഞ്ഞിരപ്പള്ളി –- സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, പൂഞ്ഞാർ –- ജനതാദൾ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിജിലി ജോസഫ്‌, പുതുപ്പള്ളി –- സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, ചങ്ങനാശേരി –- ജനാധിപത്യ കേരള കോൺഗ്രസ്‌ വർക്കിങ് ചെയർമാൻ  ഡോ. കെ സി ജോസഫ്‌, കടുത്തുരുത്തി –- എൽഡിഎഫ്‌ ജില്ലാ കൺവീനർ പ്രൊഫ. എം ടി ജോസഫ്‌, വൈക്കം –- സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവംഗം ടി പുരുഷോത്തമൻ. 
ഈ സമരപരിപാടിയിൽ പങ്കെടുത്ത്‌ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ –- മതനിരപേക്ഷ വിശ്വാസികളോടും എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top