15 October Tuesday

കഥ, തിരക്കഥ, സംവിധാനം–അഭിലാഷ്‌ മാഷ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024
കോട്ടയം
സിനിമാലോകത്ത്‌ തന്റേതായ ഇടം തീർക്കണമെന്നായിരുന്നു അഭിലാഷിന്റെ ആഗ്രഹമെങ്കിലും ജീവിതം അധ്യാപനമെന്ന വഴിയായിരുന്നു അദ്ദേഹത്തിന്‌ നൽകിയത്‌. കുട്ടികൾക്ക്‌ അക്ഷരമധുരം പകരുമ്പോഴും സിനിമയെന്ന ലക്ഷ്യം അയാൾ മറന്നില്ല. ആ സ്വപ്‌നത്തിന്‌ പിന്നാലെ പതിയെ നടന്നു. അത്‌ വെറുതെയായില്ല, മൂന്ന്‌ സിനിമകളും 20 ഷോർട്‌ ഫിലിമുകളും രണ്ട്‌ ഡോക്യുമെന്ററിയും ആ കൈകളിൽ പിറന്നു. എലിക്കുളം സ്വദേശിയും ചമ്പക്കര സുഭാഷ്‌ സ്‌മാരക യുപി സ്‌കൂളിലെ പ്രഥമാധ്യാപകനുമായ എസ്‌ അഭിലാഷാണ്‌ മലയാള സിനിമാലോകത്തേക്ക്‌ പുതിയ ഇടം തീർക്കുന്നത്‌. 
 നാട്ടിലെ ഫിലിം സൊസൈറ്റി നടത്തിയിരുന്ന ചലച്ചിത്രപ്രദർശനമാണ്‌ സിനിമയിലേക്കുള്ള വരവിന്‌ പ്രചോദനമായത്‌. പാലാ സെന്റ്‌ തോമസ്‌ കോളേജിലെ പഠനകാലത്ത്‌ സിനിമയോട്‌ കൂടുതൽ അടുത്തു. 2005 ൽ ഇളങ്ങുളം കെവി യുപി സ്‌കൂളിലാണ്‌ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങുന്നത്‌. ഇവിടുത്തെ നാടകക്കളരിയിൽ നിന്നായിരുന്നു പുതിയതുടക്കം. വീണ്ടും കഥകളെഴുതി. 2009ൽ ആദ്യ ഷോർട്‌ഫിലിം. ‘ചങ്ങാതിക്കൂട്ടം’. 2010ൽ പുറത്തിറങ്ങിയ ‘പാഠം ഒന്ന്‌ പരിസ്ഥിതി’ എന്ന ഷോർട്‌ ഫിലിം നിരവധി അവാർഡുകളാണ്‌ വാരിക്കൂട്ടിയത്‌. ഭൂമി മായുമ്പോൾ, വിങ്സ്‌ ഓഫ്‌ ഫയർ, റേഡിയോ തുടങ്ങിയവയും അവാർഡുകൾ വാങ്ങിക്കൂട്ടുന്നതിനൊപ്പം അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിലും ഇടംനേടി.
   2015 ലാണ്‌ ആദ്യ സിനിമ പുറത്തിറങ്ങുന്നത്‌. കലാഭവൻ മണി നായകനായ ആന്തോളജി വിഭാഗത്തിലുള്ള ‘ഒന്നും ഒന്നും മൂന്ന്‌’. കുട്ടികളുടെ സിനിമയായ കൊന്നപ്പൂക്കളും മാമ്പഴവും ശ്രദ്ധനേടി. നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സിനിമ 2020ൽ റിലീസായി. ഒടുവിൽ തിരക്കഥയും സംവിധാനവും നിർവഹിച്ച കർത്താവ്‌, ക്രിയ, കർമം എന്ന സിനിമ 17 അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ ഇടംനേടുകയും നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയുംചെയ്തു. 
കരുത്തായി ചങ്ങാതിക്കൂട്ടം
 
നാട്ടിൻപുറത്ത്‌നിന്ന്‌ സിനിമാ ലോകത്തേക്ക്‌ എത്തിയ അഭിലാഷിന്‌ കരുത്തായത്‌ സൗഹൃദങ്ങളാണ്‌. സാമൂഹ്യമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ്‌ അരങ്ങിലും അണിയറയിലും സജീവമാകുന്നത്‌. ചലച്ചിത്ര നിർമാണത്തിന്റെ പുതിയപ്രവണതകളും സാധ്യതകളും പ്രേക്ഷകരുടെ താത്പര്യങ്ങളും മനസിലാക്കുന്ന കോമേഴ്സ്യൽ സിനിമക്കുള്ള തയ്യാറെടുപ്പുകളും നടക്കുന്നു. കാഞ്ഞിരപ്പള്ളി സെന്റ്‌ ജോസഫ്‌ പബ്ലിക്‌ സ്‌കൂൾ അധ്യാപിക നീനയാണ്‌ ഭാര്യ. മക്കൾ: അഭിരാം, ആര്യൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top