03 August Tuesday

ബിജെപിയുടെ കള്ളപ്പണം; 
കോട്ടയത്തും തെരഞ്ഞെടുപ്പിലിറക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021

 

സ്വന്തം ലേഖകൻ
കോട്ടയം
ബിജെപിയുടെ കള്ളപ്പണമൊഴുക്കൽ പൊലീസ്‌ കോട്ടയത്തും തെളിവുതേടും. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും  ബിജെപി കേന്ദ്രങ്ങളിലൂടെ  ജില്ലയിൽ കള്ളപ്പണം ഒഴുകിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോടികളുടെ കള്ളപ്പണമാണ്‌ ബിജെപി വിനിയോഗിച്ചത്‌. എല്ലാ ജില്ലകളിലും ഇതിന്റെ വീതം എത്തിയിരുന്നതായും പൊലീസിന്‌ വിവരം കിട്ടിയിരുന്നു.  അതിന്റെ ചുവടുപിടിച്ചാണ്‌ കോട്ടയത്തും അന്വേഷണം. കൊടകരയിൽ തട്ടിയെടുത്ത പണം തെക്കൻ ജില്ലകളിലും വിതരണം ചെയ്യാനുള്ളതെന്നായിരുന്നു സൂചന. ഇപ്പോൾ പുറത്തുവന്ന കെ സുരേന്ദ്രൻ –- സി കെ ജാനു പണമിടപാടിന്റെ  ചർച്ചകൾക്ക്‌ കോട്ടയമായിരുന്നു ആദ്യ വേദി. ആ സമയത്ത്‌ സംസ്ഥാന നേതാക്കൾ മുഖേന ജില്ലയിലെ നേതാക്കളിലേക്കും പണമെത്തിയെന്നാണ്‌ സൂചന. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പേ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ നയിച്ച സംസ്ഥാന ജാഥയ്‌ക്കുശേഷമാണ്‌ ബിജെപിയുടെ സംഘടനാ പ്രവർത്തനം തെരഞ്ഞെടുപ്പിലും ശക്തിപ്പെട്ടത്‌. മാർച്ച്‌ ആദ്യവാരം കോട്ടയത്ത്‌ എൻഡിഎ ഘടകകക്ഷി നേതൃയോഗത്തിന്‌ എത്തിയപ്പോഴാണ്‌ സി കെ ജാനു പണം ആവശ്യപ്പെട്ടതെന്നാണ്‌ പുറത്തുവന്ന വിവരം.  ഇതുസംബന്ധിച്ച്‌ പൊലീസ്‌ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്‌. യോഗം ചേർന്ന കലക്ടറേറ്റിനു സമീപത്തെ ഹോട്ടലിൽ നിന്നടക്കം തെളിവുകൾ കിട്ടി. ബിജെപിയുടെ സംഘടനാ പ്രവർത്തനം ജില്ലയിലെ ചില മേഖലകൾ കേന്ദ്രീകരിച്ചുമാത്രമാണ്‌. അവിടെയുള്ള നേതാക്കളെ ചുറ്റിപ്പറ്റിയാണ്‌ പ്രവർത്തനം. ജില്ലയിലെല്ലായിടത്തും ബിജെപിക്ക്‌ അനുഭാവികളും വോട്ടും ഉണ്ട്‌. തീവ്രഹിന്ദുത്വ നിലപാട്‌ അംഗീകരിക്കുന്ന ആ വോട്ടുകൾ പ്രചാരണം നടത്തിയില്ലെങ്കിലും കൃത്യമായി ലഭിക്കുമെന്ന്‌ നേതാക്കൾക്കും അറിയാം.  അതുകൊണ്ടുതന്നെ വ്യാപകമായ സംഘടനാ പ്രവർത്തനം ജില്ലയിൽ നടത്താറില്ല. എന്നാൽ വോട്ടിന്‌ പണം നൽകേണ്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ച്‌ നേതാക്കൾ തന്നെ ഇടപെടും. തദ്ദേശ തെരഞ്ഞെടുപ്പിലും അത്തരം നീക്കമുണ്ടായി. പ്രാദേശിക നേതാക്കളിലെത്തിയ പണം വോട്ടുമറിച്ച്‌ ചെയ്യാൻ സാധ്യതയുള്ളവരെ കണ്ടെത്തി വിതരണം ചെയ്‌തു. ബിജെപിക്കാർ വിജയിച്ച വാർഡുകളിൽ ഇത്തരം വോട്ടുകളും നിർണായകമായിരുന്നു. വോട്ടിനുവേണ്ടി മാത്രമല്ല നേതാക്കൾ പണമെറിയുന്നത്‌. സാമ്പത്തിക ബുദ്ധിമുട്ടുള്ള വീടുകളിൽ ചെന്ന്‌ വായ്‌പയായും പണം കൊടുക്കും. ഇത്‌ തിരിച്ചുവാങ്ങാറുമില്ല. നെൽകൃഷിയും മറ്റ്‌ ബിസിനസുകളും ചെയ്യുന്ന ബിജെപി നേതാക്കൾ ജില്ലയിലുണ്ട്‌. ഇതിന്റെ മറവിലും കള്ളപ്പണം ഒഴുക്കുന്നുണ്ടെന്നാണ്‌ സൂചന.  ജനങ്ങളിൽനിന്ന്‌ പണം സമാഹരിക്കാതെയാണ്‌ ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണം. മുകളിൽ നിന്ന്‌ ലഭിക്കുന്ന പണം തെരഞ്ഞെടുപ്പിനും ചെലവിടുകയാണ്‌ പതിവ്‌. ജയസാധ്യതയുടെ പേരിൽ തരംതിരിച്ചാണ്‌ മണ്ഡലങ്ങളിൽ പണം നൽകുന്നത്‌. കോട്ടയത്ത്‌ കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നീ മണ്ഡലങ്ങൾ എ ക്ലാസ്‌ മണ്ഡലമായും കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂർ മണ്ഡലങ്ങൾ ബി ക്ലാസ്‌ ആയും തരംതിരിച്ചാണ്‌ പണം വിതരണം ചെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top