14 April Wednesday

യുവതിയെ വകവരുത്താനുള്ള ശ്രമം: വിവാഹത്തിന‌് നിർബന്ധിച്ചതിന്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021
പാലാ 
വെള്ളിയേപ്പള്ളിയിൽ 26കാരിയെ തലക്കടിച്ച‌് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിവാഹിതനും രണ്ട‌് പെൺമക്കളുടെ അഛനുമായ മുൻ കൊലക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവറെ പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു. കൊട്ടരമറ്റത്ത‌് ഓട്ടോഡ്രൈവറായ കടപ്പാട്ടൂർ പുറ്റുമഠത്തിൽ അമ്മാവൻ സന്തോഷ് എന്ന് വിളിക്കുന്ന പി കെ സന്തോഷ്കുമാറിനെയാണ‌്(61) പാലാ എസ‌്എച്ച‌്ഒ സുനിൽ തോമസും സംഘവും ചേർന്ന‌് അറസ‌്റ്റ‌് ചെയ‌്തത‌്. പാലാ വെള്ളിയേപ്പളളി വലിയമലയ്ക്കൽ ടിന്റു മരിയ ജോണിനെ(26) ബുധനാഴ‌്ച പുലർച്ചെ അഞ്ചോടെ വീടിനു സമീപം വഴിയിൽ തലക്കടിച്ച‌് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണിയാൾ. അവിവാഹിതയായ യുവതിയുമായി പ്രതിക്കുണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങൾക്കൊടുവിൽ തന്നെ വിവാഹം ചെയ്യണമെന്ന യുവതിയുടെ നിർബന്ധത്തിൽനിന്ന‌് രക്ഷപ്പെടാനുള്ള വഴിതേടലുമാണ‌് സംഭവത്തിന‌് പിന്നിലെന്ന‌് പൊലീസ‌് പറഞ്ഞു. കമ്പിപ്പാരക്കുള്ള അടിയേറ്റ‌് തലയ്‌ക്കും മുഖത്തും കഴുത്തിലും മാരകമായി പരിക്കേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേിപ്പിച്ച യുവതി അപകടനില തരണം ചെയ‌്തിട്ടുണ്ട‌്. മുഖത്തേറ്റ അടിയിൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ‌് യുവതി. ഇതിനാൽ ഇവരുടെ വിശദമായ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലന്നും യുവതിയുടെ നില മെച്ചപ്പെട്ട ശേഷമെ കൊലപാതക ശ്രമത്തിലേക്ക‌് നയിച്ച മറ്റെന്തെങ്കിലും ശക്തമായ കാരണങ്ങളുണ്ടോയെന്ന‌് അറിയാനാവൂ എന്നും പാലാ ഡിവൈഎസ‌്പി പ്രഭുല്ലചന്ദ്രൻ പറഞ്ഞു.
ചൊവ്വാഴ‌്ച അർത്തുങ്കിലിലും മറ്റും ഇരുവരും ഒരുമിച്ച‌് സന്തോഷിന്റെ ഓട്ടോയിൽ യാത്ര പോയി മടങ്ങിവന്ന ശേഷമായിരുന്നു കൊലപാതക ശ്രമം. യാത്രക്കിടെ തന്നെ വിവാഹം ചെയ്യണമെന്ന യുവതിയുടെ നിർബന്ധത്തിന‌് സമ്മതം മൂളിയ സന്തോഷ‌് എവിടെയെങ്കിലും പോയി ഒരുമിച്ച‌് ജീവിക്കാമെന്ന വ്യജേന വിളിച്ചിറക്കിയാണ‌് വീടിന‌് സമീപം വഴിയിൽ പതിയിരുന്ന‌് ആക്രമിച്ചത‌്. ബന്ധുവിന്റെ കാറിൽ വീട്ടിൽനിന്ന‌് കൈയിൽ കരുതിയ ഇരുമ്പുപാരയുമായി യുവതിയുടെ വീടിന് 100 മീറ്റർ അടുത്തെത്തി കാത്തുകിടന്നു. നാലേമുക്കാലോടെ സന്തോഷ് സ്ഥലത്തെത്തി എന്ന് ഫോൺ വിളിച്ചു ഉറപ്പിച്ച് യുവതി വീട്ടിൽ നിന്നും ഇറങ്ങി. സന്തോഷിന് അടുത്ത് എത്തിയ സമയം ഇയാൾ കൈയിൽ കരുതിയിരുന്ന ഇരുമ്പുപാര ഉപയോഗിച്ച‌് യുവതിയെ ആക്രമിക്കുകയായിരുന്നു. അടികിട്ടിയ യുവതി പ്രാണരക്ഷാർഥം ഓടിയെങ്കിലും സന്തോഷ് പിന്തുടർന്ന് പലതവണ തലയ്ക്കടിച്ചു. യുവതി മരിച്ചുവെന്ന് കരുതി ഇവരുടെ ഫോൺ കൈക്കലാക്കി കാറിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് കാർ പാലായിലെ വർക്ക് ഷോപ്പിൽ ഏൽപ്പിച്ച ശേഷം തെളിവ‌് നശിപ്പിക്കാനായി  യുവതിയുടെ മൊബൈൽ ഫോൺ  പാലാ പാലത്തിൽനിന്ന‌് മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞു. തുടർന്ന‌് വീട്ടിൽ മടങ്ങിയെത്തിയ പ്രതി ഇരുമ്പുപാര വീട്ടിൽ ഒളിപ്പിച്ച‌് ധരിച്ചിരുന്ന വസ‌്ത്രങ്ങൾ കഴുകിയിട്ട ശേഷം പതിവുപോലെ സ‌്റ്റാൻഡിലെത്തി ഓട്ടോറിക്ഷ ഓടിച്ചുവരുന്നതിനിടെയാണ‌് പിടിയിലായത‌്.  മീനച്ചിലാറ്റിൽ പ്രതി എറിഞ്ഞുകളഞ്ഞ യുവതിയുടെ ഫോണും ആക്രമിക്കാൻ ഉപയോഗിച്ച ഇരുമ്പ് പാരയും ധരിച്ചിരുന്ന വസ‌്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതിയെ സംഭവസ്ഥലത്ത‌് എത്തിച്ച‌് തെളിവെടുപ്പ‌് നടത്തി. പ്രിൻസിപ്പൽ എസ് ഐ കെ എസ‌് ശ്യാംകുമാർ, എസ്ഐ തോമസ് സേവ്യർ, എഎസ്ഐ എ ടി ഷാജിമോൻ, സിപിഒമാരായ കെ എസ‌് രാജേഷ്, അരുൺചന്ത്‌, ഷെറിൻ സ്റ്റീഫൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായി. പ്രതിയെ വെള്ളിയാഴ‌്ച കോടതിയിൽ ഹാജരാക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top