22 October Tuesday

അവഗണനയുടെ വേദന പങ്കിട്ട‌് കെ എം ചാണ്ടി അനുസ‌്മരണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

 പാലാ

പാലായുടെ രാഷ്ട്രീയചരിത്രത്തിൽനിന്ന‌് സ്വാതന്ത്ര്യസമരസേനാനികളായ കോൺഗ്രസ‌് നേതാക്കളെ തുടച്ചുമാറ്റാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധവേദിയായി പ്രൊഫ. കെ എം ചാണ്ടി അനുസ‌്മരണം. മുൻ എംജി സർവകലാശാല വൈസ‌് ചാൻസലറും സ്വാതന്ത്ര്യസമരസേനാനി ആർ വി തോമസിന്റെ മകനുമായ ഡോ. സിറിയക‌് തോമസ‌് അധ്യക്ഷപ്രസംഗത്തിൽ തൊടുത്ത വിമർശം തുടർന്നു സംസാരിച്ചവരും സദസ്സും ഏറ്റെടുത്തു‌. അനുസ‌്മരണ സമ്മേളനം ഉദ‌്ഘാടനംചെയ‌്ത കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രനും വിഷയത്തിൽനിന്ന‌് ഒഴിയാനായില്ല. സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ‌് നേതാവുമായ കെ എം ചാണ്ടിക്ക‌് ജന്മനാട്ടിൽ സ‌്മാരകമില്ലാത്തതും സമകാലികരായ ആർ വി തോമസ‌്, ചെറിയാൻ ജെ കാപ്പൻ എന്നിവരുടെ സ‌്മാരകങ്ങൾ ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയ ഗൂഢനീക്കത്തിനുമെതിരെയായിരുന്നു വിമർശം.
കെ എം ചാണ്ടിക്ക‌് ജന്മനാടായ പാലായിൽ ഉചിതമായ സ‌്മാരകമില്ലെന്ന‌് കെ എം ചാണ്ടി ഫൗണ്ടേഷൻ ചെയർമാൻ ഡോ. സിറിയക‌് തോമസ‌് പറഞ്ഞു. സ‌്മാരകം നിർമിക്കാനുള്ള ശ്രമങ്ങളെ പാലാ നഗരസഭയും അതിനെ നയിക്കുന്നവരും തടയുന്നു. 
ഘടകകക്ഷികളുടെ താൽപര്യങ്ങൾക്ക‌ുവേണ്ടിയാണ‌് സ്വാതന്ത്ര്യസമരസേനാനികളായ കോൺഗ്രസ‌് നേതാക്കളെ തമസ‌്കരിച്ചതെന്നും കേരള കോൺഗ്രസ‌് എമ്മിനെ പരോക്ഷമായി സൂചിപ്പിച്ച‌് അദ്ദേഹം പറഞ്ഞു. 
കോൺഗ്രസ‌് നേതാക്കളുടെ സ‌്മരണപോലും ഉന്മൂലനം ചെയ്യുന്ന നടപടികൾ പാലാ നഗരസഭാ നേതൃതം തുടരുന്നു. നഗരസഭാ ചെയർമാനായിരുന്ന ചെറിയാൻ ജെ കാപ്പന്റെ കാലത്ത‌്, ആർ വി തോമസിന്റെ സ‌്മരണാർഥം സ്ഥാപിച്ച ആർ വി പാർക്ക‌് ഇല്ലാതാക്കിയെന്നും ഡോ. സിറിയക‌് തോമസ‌് തുറന്നടിച്ചു. പാർക്കിന്റെ ബോർഡുപോലും അവശേഷിപ്പിച്ചില്ല. കോൺഗ്രസ‌് നേതാവായിരുന്ന ജോർജ‌് തോമസ‌് കൊട്ടുകാപ്പള്ളി സ്ഥലം വിട്ടുകൊടുത്ത‌് സ്വന്തം പണം ചെലവഴിച്ച‌് നിർമിച്ചതാണ‌് മുനിസിപ്പൽ ടൗൺ ഹാൾ. അവിടെനിന്ന‌് അദ്ദേഹത്തിന്റേതുൾപ്പെടെ ആദ്യകാലചെയർമാൻമാരുടെ ചിത്രങ്ങൾ പോലും നീക്കി. ചെറിയാൻ ജെ കാപ്പൻ സ‌്മാരക മുനിസിപ്പൽ സ‌്റ്റേഡിയത്തിന്റെ പേരുമാറ്റാനാണ‌് ഒടുവിലെ ശ്രമം. ചില കോൺഗ്രസ‌് കൗൺസിലർമാരും ഇതിനു കൂട്ടുനിൽക്കുന്നു. പാലായിലെ പഴയകാല കോൺഗ്രസ‌് നേതാക്കളുടെ പേരെങ്കിലും നിലനിർത്തപ്പെടണം. സാധാരണ കോൺഗ്രസുകാരുടെ വികാരവും വേദനയും ഉൾക്കൊള്ളാൻ കെപിസിസി നേതൃത്വം തയ്യാറാകണം. കെ എം ചാണ്ടിയുടെ ജന്മശതാബ്ദി വരാനിരിക്കേ ഉചിതമായ സ‌്മാരകം നിർമിക്കാനും അനുസ‌്മരണം സംഘടിപ്പിക്കാനും കെപിസിസി നേതൃത്വം മുൻകൈയെടുക്കണം. നിർമാണം പൂർത്തിയാകുന്ന പാലാ ജനറൽ ആശുപത്രിക്ക‌് കെ എം ചാണ്ടിയുടെ പേര‌് നൽകണമെന്നും സിവിൽസ‌്റ്റേഷൻ ജങ‌്ഷനിൽ കെ എം ചാണ്ടി ‌സ‌്മാരക സ‌്തൂപം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട‌് മുഖ്യമന്ത്രിക്ക‌് നിവേദനം നൽകിയിട്ടുണ്ടെന്നും സിറിയക‌് തോമസ‌് പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top