22 October Tuesday

മണര്‍കാട് പള്ളി നടതുറക്കൽ; ദര്‍ശനത്തിന്‌ ജനസഹസ്രങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

 കോട്ടയം 

ആഗോള മരിയൻ തീർഥാടന കേന്ദ്രമായ വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശനിയാഴ്‌ച നടതുറന്നപ്പോൾ ആയിരങ്ങൾ ദർശനം നടത്തി. പ്രധാന പള്ളിയുടെ മദ്ബഹയിൽ സ്ഥാപിച്ചിരിക്കുന്ന ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചടങ്ങാണു നടതുറക്കൽ. എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസമാണ് "നടതുറക്കൽ'.
ഏഴാം ദിവസമായ ശനിയാഴ്‌ച രാവിലെ പ്രധാനപള്ളിയിൽ മൂന്നിന്മേൽ കുർബാനയ്ക്ക് ബസേലിയോസ് തോമസ് പ്രഥമൻ ബാവ പ്രധാനകാർമ്മികത്വം വഹിച്ചു. അങ്കമാലി ഭദ്രാസന പെരുമ്പാവൂർ മേഖലാധിപൻ മാത്യൂസ് മോർ അപ്രേം സഹകാർമികനായി.
പെരുന്നാൾ ദിവസമായ ഞായറാഴ്‌ച വിതരണം ചെയ്യുന്ന പാച്ചോർ നേർച്ചക്കുള്ള പന്തിരുനാഴി ഘോഷയാത്ര നടന്നു. രാത്രി എട്ടിന് പ്രദക്ഷിണവും 9.30ന് ആകാശവിസ്മയ കാഴ്ചയും മാർഗംകളിയും പരിചമുട്ടുകളിയും നടന്നു. 
എട്ടാംദിവസമായ ഞായറാഴ്‌ച രാവിലെ 6.30 ന് കരോട്ടെപള്ളിയിൽ കുർബാന, ഒമ്പതിന് മൂന്നിന്മേൽ കുർബാന, പകൽ രണ്ടിന്‌ പ്രദക്ഷിണം, മൂന്നിന്  നേർച്ചവിളമ്പോടെ പെരുന്നാൾ സമാപനം.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top