27 September Sunday
ദുരിതപ്പെയ്‌ത്ത്‌

മീനച്ചിലാറും മുവാറ്റുപുഴയാറും കരകവിഞ്ഞു; പാലയും വൈക്കവും വെള്ളത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

കോട്ടയം ‐എറണാകുളം റോഡിൽ ആപ്പാഞ്ചിറയിൽ വെള്ളം കയറിയപ്പോൾ

കോട്ടയം> കനത്ത മഴയിൽ മീനച്ചിലാറും  മുവാറ്റുപുഴയാറും കരകവിഞ്ഞതോടെ കോട്ടയും ജില്ലയുടെ മിക്കപ്രദേശങ്ങഴും വെള്ളത്തിലായി. വൈക്കവും പാലയും തലയോലപറമ്പും എം സി റോഡും വേള്ളത്തിലാണ്‌.
 
വൈക്കത്തിന്റെയും സമീപപഞ്ചായത്തുകളുടെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ശനിയാഴ്ചയോടുകൂടി നിരവധി സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. നഗരമധ്യത്തിലൂടെ കടന്നുപോകുന്ന അന്ധകാരതോട് കരകവിഞ്ഞൊഴുകി  വീടുകളിൽ വെള്ളം കയറി. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളായ ചാലപ്പറമ്പ്, പെരുഞ്ചില, അയ്യർകുളങ്ങര, ആറാട്ടുകുളങ്ങര എന്നിവിടങ്ങളിലെ വീടുകളിലും വെള്ളം കയറിയ നിലയിലാണ്. ഉദയനാപുരം  പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ ഒറ്റപ്പെട്ടു. ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. പഞ്ചായത്തിലെ എട്ട്, ഒൻപത്, പത്ത് വാർഡുകളിലാണ് വെള്ളപ്പൊക്ക ഭീഷണി രൂക്ഷമായത്. പഞ്ചായത്തിലെ വാഴമന, മുട്ടുങ്കൽ, പടിഞ്ഞാറെക്കര, പരുത്തുമുടി, വൈക്കപ്രയാർ, ചെട്ടിമംഗലം പ്രദേശങ്ങളിലെ വീടുകളാണ് വെള്ളത്തിലായത്.  വെച്ചൂർ, തലയാഴം, ടിവി പുരം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം  വെള്ളത്തിലായി.
 
ആറ്‌ കരകയറുന്നു
തലയോലപ്പറമ്പ് > മൂവാറ്റുപഴയാറിൽ ജലനിരപ്പുയർന്നതോടെ തലയോലപ്പറമ്പിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മറവൻതുരുത്ത്, തലയോലപ്പറമ്പ്, ചെമ്പ്, വെള്ളൂർ പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. തലയോലപ്പറമ്പ് കോരിക്കൽ റോഡിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വടയാർ ഇളംകാവ് ദേവീക്ഷേത്രം വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലായി.
തലയോലപ്പറമ്പ്, മറവൻതുരുത്ത്, വെള്ളൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. നിരവധി കൃഷിനാശമുണ്ടായി. വെള്ളം കയറിയ വീടുകളിലെ ആളുകളെ മറവൻതുരുത്ത് യുപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി.
 ചെമ്പ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളം കയറുന്ന നിലയിലാണ്.
 
എംസി റോഡിലും വെള്ളം 
കുറവിലങ്ങാട്> എംസി റോഡിൽ വെമ്പള്ളി, പകലോമറ്റം, ഞരളംകുളം, പള്ളിക്കവല കുറവിലങ്ങാട് ടൗൺ ബസ് സ്റ്റാൻഡ്, വൈക്കം റോഡിലെ മൂലംങ്കുഴപ്പാലം, ഞീഴൂർ റോഡ്, തോട്ടുവ എന്നിവിടങ്ങളിൽ  വെള്ളം കയറി. കുറവിലങ്ങാട് പള്ളിക്കവല, ബസ്‌ സ്റ്റാൻഡ് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. പൊലീസ്‌ സ്‌റ്റേഷനു സമീപം സപ്ലൈകോ ഗോഡൗണിലും വെള്ളം കയറി. പള്ളിക്കവലയിലെ സിൻഡിക്കറ്റ് ബാങ്കിന്റെ എടിഎം ശാഖയിലേക്ക് വെള്ളം ഇരച്ചുകയറി ഗ്ലാസ് തകർന്നു. പഞ്ചായത്ത് മാർക്കറ്റിലെ മുഴുവൻ കടകളിലും വൈക്കം റോഡിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.  ബൈപ്പാസിൽ ഗതാഗതം നിലച്ചു. നൂറിലധികം വീടുകളിൽ വെള്ളം കയറി.
 
പാലാ വെള്ളത്തിൽ 
പാലാ> മീനച്ചിലാര്‍ കരകവിഞ്ഞ് പാലാ ടൗണും  താഴ്ന്നപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ളാലംതോട്, മീനച്ചില്‍ തോട്, പൊന്നൊഴുകുംതോട്, ഏഴാച്ചേരിതോട്, കുമ്പാനിത്തോട് എന്നിവയും കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് മലവെള്ളം ഇരച്ചുകയറി. പാലാ ടൗണില്‍ വിവിധ ഇടങ്ങളിൽ വെള്ളം കയറിയതോടെ ഗതാഗതം  നിലച്ചു.  പാലാ-–-പൊന്‍കുന്നം റോഡില്‍തെ ക്കേക്കര, കടയം, കുമ്പാനി, വായനശാല, എന്നിവിടങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കടപ്പാട്ടൂര്‍, മുരിക്കുംപുഴ കരിമ്പത്തിക്കണ്ടം, പാറപ്പള്ളി, മുത്തോലി, പുലിയന്നൂര്‍, വളഞ്ഞങ്ങാനം, വിലങ്ങുപാറ, വിളക്കുമാടം, മുണ്ടുപാലം എന്നിവിടങ്ങളും വെള്ളത്തിനടിയിലായി.  പൂവരണി ക്ഷേത്രത്തിലും വെള്ളംകയറി.  
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top