19 April Monday
എസ്‌എസ്‌എൽസിക്കൊരുങ്ങി 19,754 കുട്ടികൾ

കോവിഡ്‌ തോൽക്കണം പരീക്ഷ ജയിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

ഇനി പരീക്ഷ പോരാട്ടം ... വ്യാഴാഴ്ച്ച ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷക്ക് പഠിച്ചൊരുങ്ങുന്ന കോട്ടയം കഞ്ഞിക്കുഴി മൗണ്ട്  കാർമൽ സ്കൂൾ  ഹോസ്‌റ്റലിലെ വിദ്യാർഥിനികൾ

കോട്ടയം
വ്യാഴാഴ്‌ച ആരംഭിക്കുന്ന എസ്‌എസ്‌എൽസി പരീക്ഷയെഴുതുന്നത്‌ ജില്ലയിലെ 19,754 കുട്ടികൾ. 252 സ്‌കൂളുകളാണ്‌ പരീക്ഷയ്‌ക്കൊരുക്കിയത്‌. തെരഞ്ഞെടുപ്പ്‌ തിരക്കുകൾക്ക്‌ നടുവിലും പരീക്ഷയ്‌ക്കുവേണ്ട തയ്യാറെടുപ്പുകളെല്ലാം പൂർത്തീകരിച്ചിരിക്കയാണ്‌ വിദ്യാഭ്യാസവകുപ്പ്‌.  10,153 ആൺകുട്ടികളും 9631 പെൺകുട്ടികളുമാണ്‌ ജില്ലയിൽ രജിസ്‌റ്റർചെയ്‌തിട്ടുള്ളത്‌. പോയവർഷത്തേക്കാൾ 148 കുട്ടികൾ കുറവ്‌. 2020ൽ രജിസ്‌റ്റർചെയ്‌തവരുടെ എണ്ണം 19,902 ആണ്‌.  പരീക്ഷാസെന്ററുകളായി അനുവദിക്കപ്പെട്ട സർക്കാർ സ്‌കൂളുകളുടെ എണ്ണം 66. എയ്‌ഡഡ്‌ മേഖലയിൽ 168ഉം അൺഎയ്‌ഡഡിൽ 12ഉം സ്‌കൂളുകളുണ്ട്‌. 2078 എസ്‌സി വിദ്യാർഥികളും 298 എസ്‌ടി വിദ്യാർഥികളും പരീക്ഷയെഴുതും. ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്‌ക്കിരുത്തുന്നത്‌ കോട്ടയം എംഡി സെമിനാരി സ്‌കൂളാണ്‌. 364 ആൺകുട്ടികളും 51 പെൺകുട്ടികളുമടക്കം ആകെ 415 കുട്ടികൾ. നാല്‌ വിദ്യാർഥികൾമാത്രം  പരീക്ഷയെഴുതുന്ന വാഴപ്പള്ളി ഗവ. എച്ച്‌എസിലാണ്‌ ജില്ലയിൽ ഏറ്റവും കുറവ്‌. മാർച്ച്‌ 17ന്‌ നിശ്‌ചയിച്ച പരീക്ഷ തെരഞ്ഞെടുപ്പ്‌ കണക്കിലെടുത്താണ്‌ ഏപ്രിലിലേക്ക്‌ മാറ്റിയത്‌. ഓരോ സ്‌കൂളുകളിലും കോവിഡ്‌ പ്രതിരോധം ഉറപ്പാക്കിയാണ്‌ പരീക്ഷാനടത്തിപ്പ്‌. ഒരു ക്ലാസിൽ 20 കുട്ടികളെയാണ്‌ അനുവദിക്കുക. ഒരു ബെഞ്ചിൽ രണ്ടുപേർ വീതം ഇരുത്തും. മാസ്‌ക്‌ നിർബന്ധമാണ്‌. പരീക്ഷാകേന്ദ്രങ്ങളിൽ അണുനശീകരണം നടത്തും. തെർമൽ സ്‌കാനർ ഉപയോഗിച്ച്‌ താപനില പരിശോധിക്കാനുള്ള പ്രത്യേക സൗകര്യമുണ്ടാകും‌. സാനിറ്റൈസർ നൽകും. കോവിഡ്‌ ബാധിച്ചവർക്കും ക്വാറന്റയിനിൽ കഴിയുന്നവർക്കും പരീക്ഷ എഴുതുന്നതിന്‌ പ്രത്യേക  മുറികൾ സജ്ജീകരിച്ചു. ഇത്തരം വിദ്യാർഥികൾ പിപിഇ കിറ്റ്‌ ധരിച്ചെത്തണം. ഇൻവിജിലേറ്റർമാരും പിപിഇ കിറ്റ്‌ ധരിക്കും. ഇവരുടെ ചോദ്യക്കടലാസുകളും ഉത്തരക്കടലാസുകളും  പ്രത്യേകമായി സൂക്ഷിക്കും. പരീക്ഷയെഴുതാൻ കഴിയാത്തവർക്ക്‌ പിന്നീട്‌ സേപരീക്ഷയെഴുതാനും ക്രമീകരണമുണ്ട്‌. എസ്‌എസ്‌എൽസി പരീക്ഷക്കിടെ   ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞവർഷം കണക്ക്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി പരീക്ഷകൾ മെയ്‌ അവസാനം നടത്തിയാണ്‌ ഫലംപ്രഖ്യാപിച്ചത്‌. കോവിഡ്‌ ഭീതി ഒഴിഞ്ഞിട്ടില്ലെങ്കിലും വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത്‌ പരീക്ഷ നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. എട്ടുമുതൽ 12 വരെയുള്ള പരീക്ഷകൾ ഉച്ചയ്‌ക്കുശേഷവും പിന്നീടുള്ള ദിവസങ്ങളിൽ രാവിലെയുമാണ്‌. പ്ലസ്‌ടു, വിഎച്ച്‌എസ്‌ഇ പരീക്ഷകളും എട്ടുമുതൽ 26 വരെ ദിവസങ്ങളിലായി   നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top