20 April Tuesday

കൂട്ടിയും കിഴിച്ചും മുന്നണികൾ; വോട്ടുമറിക്കലും ചർച്ച

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021
കോട്ടയം
തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ അന്തിമ വിശകലനവും കൂട്ടലും കിഴിക്കലുമായി മുന്നണികൾ. പൊതുപ്രവർത്തകരായതിനാൽ സ്ഥാനാർഥികളും പതിവുപോലെ ജനങ്ങൾക്കൊപ്പം മുഴുകി. പോളിങ്ങിന്റെ അന്തിമ കണക്ക് തെരഞ്ഞെടുപ്പ്‌ കമീഷൻ ബുധനാഴ്‌ച പുറത്തുവിട്ടപ്പോൾ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ നാല്‌ ശതമാനത്തിന്റെ കുറവുണ്ട്‌. 2016ൽ 77.16 ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചപ്പോൾ ഇക്കുറി 72.16 ശതമാനമായി കുറഞ്ഞു. ജില്ലയിൽ 75.61 ശതമാനത്തോടെ വൈക്കം ഒന്നാമതെത്തി.  68.05 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ കടുത്തുരുത്തിയാണ് പുറകിൽ. പോളിങ്‌ ശതമാനത്തിലെ വ്യത്യാസം മുന്നണികൾ സൂക്ഷ്‌മമായി വിലയിരുത്തുന്നുണ്ട്‌.   ബൂത്തുകളിൽനിന്നുള്ള കണക്കുകൾ കൂട്ടിയാണ്‌ ഓരോ സ്ഥാനാർഥികളും വിജയസാധ്യത കണക്കുകൂട്ടുന്നത്‌‌.  
  ബിജെപിയുടെ അസാന്നിധ്യം തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിട്ടുണ്ട്‌. അവരുടെ വോട്ടുകൾ പല മണ്ഡലത്തിലും യുഡിഎഫിന്‌ അനുകൂലമായി മറിച്ചത്‌ പരസ്യമായി. ബിജെപി പ്രവർത്തകർതന്നെ ഇക്കാര്യം സമ്മതിച്ച്‌ പല ബൂത്തുകളിലും രംഗത്തുവന്നു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ കാണിച്ച ആവേശം ബിജെപി ഇക്കുറി കാണിച്ചിരുന്നില്ല. ബൂത്ത്‌ ഓഫീസുകൾ കെട്ടാനോ പോളിങ്‌ ബൂത്തിൽ ഏജന്റുമാരെ നിയോഗിക്കാനോ ബിജെപി തയ്യാറായില്ല. ബിജെപി പഞ്ചായത്തംഗങ്ങൾ പരസ്യമായി യുഡിഎഫിന്‌ വോട്ടുചെയ്യണമെന്ന്‌ പറഞ്ഞു.  കോട്ടയം, ഏറ്റുമാനൂർ, വൈക്കം, പുതുപ്പള്ളി, പാലാ, ചങ്ങനാശേരി, കടുത്തുരുത്തി, പൂഞ്ഞാർ മണ്ഡലങ്ങളിൽ ബിജെപി വോട്ടുമറിച്ചു. പൂഞ്ഞാറിൽ ബിജെപി വോട്ടുകൾ കിട്ടിയതായി പി സി ജോർജ്‌ ബുധനാഴ്‌ച സമ്മതിച്ചു.  തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ്‌ ജില്ലയിൽ ബിജെപിയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്നത്‌. അതാണ്‌ കോട്ടയത്ത്‌ യുഡിഎഫിന്റെ പ്രതീക്ഷ.  അതേസമയം ജനങ്ങളിൽനിന്നുള്ള അഭിപ്രായമാണ്‌ എൽഡിഎഫിന്റെ കണക്കുകൂട്ടൽ. ഒമ്പത്‌ മണ്ഡലങ്ങളിലും വിജയിക്കാനുള്ള പ്രവർത്തനമാണ്‌ എൽഡിഎഫ്‌ സംഘടിപ്പിച്ചത്‌. സ്ഥാനാർഥികളുടെ വ്യക്തിപരമായ മികവും എൽഡിഎഫിന്‌ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top