25 May Monday
സഹപ്രവർത്തകർക്ക്‌ ധൈര്യം പകർന്ന്‌

കോവിഡിനെ തോൽപ്പിച്ച്‌ മനക്കരുത്തോടെ

കെ ടി രാജീവ്‌Updated: Wednesday Apr 8, 2020

രേഷ്‌മ മോഹൻദാസ്

 കോട്ടയം

‘കോവിഡ്‌ വ്യാപന ദുരിതത്തിൽ ലോകം പകച്ചുനിൽക്കുമ്പോൾ സധൈര്യമായി നേരിടുകയാണിവിടെ, മഹാമാരിയെ നേരിടാൻ  ഇത്രയും ശക്തമായ നേതൃത്വം സംസ്ഥാനത്തുള്ളപ്പോൾ എന്തിനാണ്‌ ഭയപ്പെടുന്നത്‌, നമ്മുടെ ഉള്ളിലുള്ള ആത്മവിശ്വാസത്തിന്റെയും ആത്മധൈര്യത്തിന്റേയും അഗ്നിനാളം ആളിക്കത്തിക്കേണ്ട സമയമാണിത്‌’ –-രോഗം ഭേദമായി ക്വാറന്റയിനിലുള്ള നേഴ്‌സ്‌ രേഷ്‌മാ മോഹൻദാസിന്റേതാണീ വാക്കുകൾ. ലോക ആരോഗ്യ ദിനത്തിലും കോവിഡ്‌ 19ന്റെ ആശങ്കകളും ആകുലതകളും പേറുന്ന സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക്‌ കരുത്തുപകരുന്നതാണ്‌ ഈ സന്ദേശം. കോട്ടയം മെഡിക്കൽ കോളേജിൽ റാന്നിയിലെ വയോധിക ദമ്പതികളെ പരിചരിച്ച്‌ രോഗം പിടിപെട്ട്‌ പിന്നീട്‌ ഭേദമായ സ്‌റ്റാഫ്‌ നേഴ്‌സാണ്‌ രേഷ്‌മ. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയായ ഇവർ ഏപ്രിൽ മൂന്നിനാണ്‌ ആശുപത്രി വിട്ടത്‌. പതിനൊന്ന്‌ ദിവസം കോവിഡ്‌ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു.
 കോവിഡ്‌ ബാധിച്ച വൃദ്ധദമ്പതികളെ ഏറെ സമയം ശുശ്രൂഷിച്ചത്‌ രേഷ്‌മയായിരുന്നു. 12 മുതൽ 22 വരെയായിരുന്നു ഡ്യൂട്ടി. ശാരീരിക അവശതകളും വാശിയും ഏറെയുണ്ടായിരുന്ന  വയോധിക ദമ്പതിമാരെ വളരെ അടുത്തുനിന്ന്‌ ശുശ്രൂഷിക്കേണ്ടിവന്നതാണ്‌ രോഗം പകരാൻ കാരണമായത്‌. സ്വന്തം ആരോഗ്യംപോലും നോക്കാതെ  മാതാപിതാക്കളെ പോലെയാണ്‌ രേഷ്‌മ പരിചരിച്ചത്‌. വൈറസ്‌ പിടിപെടാതിരിക്കാൻ പിപിഇ(പെഴ്‌സണൽ പ്രൊട്ടക്ടീവ്‌ എക്യൂപ്‌മെന്റ്‌) ഉപയോഗിച്ചിരുന്നെങ്കിലും വൃദ്ധരുടെ വളരെ അടുത്ത്‌ പോകേണ്ട സാഹചര്യം ഉണ്ടായി–-രേഷ്‌മ പറഞ്ഞു. ഭക്ഷണവും മരുന്നും കഴിക്കാൻ നിർബന്ധിക്കണമായിരുന്നു. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻപോലും സഹായിക്കേണ്ടിവന്നു. 93ഉം 86ഉം വയസ്‌ പിന്നിട്ടവരുടെ രോഗം മാറിയതിന്റെ  സന്തോഷത്തിൽ സഹിച്ച ത്യാഗവും സേവനവും മറക്കുകയാണീ മാലാഖ. ഒപ്പം മന്ത്രി കെ കെ ശൈലജ ഉൾപ്പെടെയുള്ളവരുടെ നല്ല വാക്കുകളും. 
 സംസ്ഥാനത്ത്‌ ആദ്യഘട്ടം കോവിഡ്‌ ചികിത്സ തുടങ്ങിയത്‌ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു. കൂടുതൽ രോഗികളെത്തിയപ്പോൾ ശക്തമായ ടീമിനെ രൂപീകരിച്ചു. ‘സ്‌പെഷൽ ക്യുർ യൂണിറ്റിലേക്ക്‌, ആരുണ്ടെന്ന്‌ നേഴ്‌സിങ്‌ സൂപ്രണ്ട്‌ ആരാഞ്ഞപ്പോൾ ആദ്യം പേര്‌ നൽകിയതും രേഷ്‌മ. രോഗം പിടിപെടുമെന്ന ഭീതിയില്ലാതെ പരിചരണം തുടങ്ങി. ഈ സമയങ്ങളിലൊന്നും വീട്ടിൽ പോകാനായില്ല. എന്നാൽ 10 ദിവസം അടുത്തുനിന്ന്‌ പരിചരിച്ചപ്പോൾ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി.  
മാർച്ച്‌ 23നാണ്‌ പനിയോടെ രേഷ്‌മ ഫീവർ ക്ലീനിക്കിൽ എത്തിയത്‌. കോവിഡ്‌ ലക്ഷണങ്ങൾ കണ്ടതിനാൽ സാമ്പിൾ പരിശോധനയ്‌ക്ക്‌ അയയ്‌ക്കുകയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അടുത്ത ബന്ധുക്കളുടെയും സൃഹൃത്തുക്കളുടെയും ഭീതിയും ആശങ്കയുമകറ്റാൻ ആത്മവിശ്വാസം തുളുമ്പുന്ന വാട്‌സ്‌ആപ്‌ സന്ദേശവും നൽകി. ധൈര്യം പകർന്ന്‌  എൻജിനിയർ കൂടിയായ ഭർത്താവ്‌ ഉണ്ണികൃഷ്‌ണനും ഒപ്പമുണ്ട്‌. 14 ദിവസം വീട്ടിലെ നിരീക്ഷണശേഷം ഐസൊലേഷൻ വാർഡിൽ വീണ്ടും ജോലിചെയ്യാൻ തയ്യാറെടുക്കുകയാണ്‌ രേഷ്‌മ.
പ്രധാന വാർത്തകൾ
 Top