26 May Tuesday

ഈ മാലാഖമാരുടെ അടുത്ത ദൗത്യം കാസർകോട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

കോട്ടയം മെഡിക്കൽ കോളേജിലെ നിരീക്ഷണത്തിൽ നിന്ന് മുക്തരായ നേഴ്‌സുമാർ നേഴ്‌സിങ് സൂപ്രണ്ടുമാരോടൊപ്പം

 കോട്ടയം

കോവിഡ് 19 ചികിത്സയിൽ ചരിത്രം രചിച്ച കോട്ടയം മെഡിക്കൽ കോളേജിലെ മാലാഖമാർ നിരീക്ഷണത്തിൽനിന്ന് മുക്തരായി. തങ്ങളുടെ അടുത്ത  ചുമതല നിർവഹിക്കാൻ കാസർകോട്ടേയ്‌ക്ക്‌ പുറപ്പെടാൻ അവർ തയ്യാറായി നിൽക്കുകയാണ്‌.  സ്നേഹവും ആത്മവിശ്വാസവും പരിചരണവും നൽകി അവിടുത്തെ  രോഗബാധിതരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്തം നിറഞ്ഞമനസ്സോടെ അവർ ഏറ്റെടുത്തു. ആദ്യ ബാച്ചിലെ 10 പേർ അടുത്തദിവസം തന്നെ പുറപ്പെടും. 
തിരുവനന്തപുരത്തു നിന്നും കാസർകോടെത്തിയ പ്രത്യേക സംഘത്തോടൊപ്പം ഇവരും ചേരും. മെഡിക്കൽ കോളേജിൽ വയോധികരെ പരിചരിച്ച നേഴ്സ് രേഷ്മ മോഹൻദാസിന് രോഗം പകർന്നിരുന്നു. തുടർന്ന്‌ ഐസോലേഷൻ വാർഡിലെ 52 നേഴ്സുമാരും ക്വാറന്റയിനിലായിരുന്നു. 
ചൊവ്വാഴ്ചയാണ്‌ ഇവരുടെ ക്വാറന്റയിൻ കാലാവധി പൂർത്തിയായത്‌. സർക്കാരിന്റെ ആവശ്യപ്രകാരം കാസർകോട്ടെ രോഗികളെ പരിചരിക്കാൻ സന്നദ്ധരായി നിൽക്കുകയാണ് ഈ നേഴ്‌സുമാർ.
പ്രധാന വാർത്തകൾ
 Top