Deshabhimani

ആനവണ്ടി യാത്ര ഹിറ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 04:07 AM | 0 min read

 കോട്ടയം

കെഎസ്‌ആർടിസിയുടെ ബജറ്റ്‌ ടൂറിസം സെല്ലിന്റെ ഉല്ലാസയാത്രകൾക്ക്‌ ജില്ലയിൽ പ്രിയമേറുന്നു. പ്രായവ്യത്യാസമില്ലാതെ ആയിരങ്ങളാണ്‌ യാത്രകൾക്ക്‌ ആനവണ്ടിയെ ആശ്രയിക്കുന്നത്‌. കാഴ്ചകളുടെ പുതുവസന്തമൊരുക്കിയതോടെ നവംബറിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ജില്ലകളിൽ രണ്ടാം സ്ഥാനത്ത്‌ എത്താനും കോട്ടയത്തിനായി. എകദേശം 27 ലക്ഷം രൂപയുടെ വരുമാനമാണ്‌ ബജറ്റ്‌ ടൂറിസത്തിന്റെ ഭാഗമായി ലഭിച്ചത്‌. തുരുവനന്തപുരം ജില്ലയാണ്‌ ഒന്നാമത്‌. ടാർജറ്റ്‌ അച്ചീവ്‌മെന്റിൽ സംസ്ഥാനത്ത്‌ കോട്ടയം ഒന്നാമതുമാണ്‌. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി 104 ട്രിപ്പുകളാണ്‌ നവംബറിൽ മാത്രം നടത്തിയത്‌. ഏറ്റവും കൂടുതൽ യാത്രകൾ ഒരുക്കിയതിൽ കോട്ടയം ഡിപ്പോ ജില്ലയിൽ ഒന്നാമത്‌ എത്തിയപ്പോൾ പാലാ രണ്ടാമതായി. സീ അഷ്‌ടമുടി, ഗവി, ചതുരംഗപ്പാറ, മൂന്നാർ–- വട്ടവട, മറയൂർ –- കാന്തല്ലൂർ എന്നിവടങ്ങളായിരുന്നു പ്രധാന യാത്രാ കേന്ദ്രങ്ങൾ. 
വരവായ്‌ ക്രിസ്‌മസ്‌–- 
പുതുവത്സര ദിനങ്ങൾ 
ക്രിസ്‌മസ്‌–- പുതുവത്സര ആഘോഷങ്ങൾക്കും ഒരുങ്ങുകയാണ്‌ കെഎസ്‌ആർടിസി. കടലിന്റെ സൗന്ദര്യം ഒപ്പിയെടുക്കാൻ അവസരമൊരുക്കുന്ന 25 കിലോ മീറ്ററുള്ള കപ്പൽ യാത്രകളാണ്‌ ഇതിൽ പ്രധാനം. 11ന്‌ കോട്ടയം ഡിപ്പോയിൽ നിന്നാണ്‌ ഈ മാസത്തെ അടുത്ത കപ്പൽ യാത്ര. കൂടാതെ മറയൂർ, ചതുരംഗപ്പാറ, കോവളം, കന്യാകുമാരി എന്നിവിടങ്ങളിലേക്കും യാത്രകൾ ഒരുക്കും. ജനുവരിയിൽ മധുര, ചെന്നൈ, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കും യാത്രക്കാരുടെ ആവശ്യാനുസരണം ട്രിപ്പുകൾ ഒരുക്കുമെന്ന്‌ അധികൃതർ പറഞ്ഞു. 
സെൻട്രൽ സോൺ കോ -ഓർഡിനേറ്റർ ആർ അനീഷ്‌, ജില്ലാ കോ -ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം എന്നിവരാണ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ നേതൃത്വം നൽകുന്നത്. 
വരുന്നു ട്രാവൽ ടു 
ടെക്നോളജി 
സാങ്കേതിക വ്യവസായിക മേഖലയിലെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് സ്കൂൾ കോളേജ് തലത്തിലെ കുട്ടികൾക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം ഒരുക്കുന്ന വിനോദ വിജ്ഞാന യാത്ര ‘ട്രാവൽ ടു ടെക്നോളജി'ക്ക് ജില്ലയിൽ വൈകാതെ തുടക്കമാകും. വിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാം ആരംഭിക്കുന്നത്‌. വെള്ളൂർ കെപിപിഎൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇതിന്റെ ഭാഗമാകും.


deshabhimani section

Related News

0 comments
Sort by

Home