കോട്ടയം
സാധാരണക്കാരന്റെ ശബ്ദമായി മാറിയ ദേശാഭിമാനിയുടെ 80–-ാം വാർഷികാഘോഷ പരിപാടികൾക്ക് വ്യാഴാഴ്‌ച അക്ഷരനഗരിയിൽ തുടക്കമാകും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വേറിട്ട പരിപാടികളുടെ അകമ്പടിയോടെയാണ് വാർഷികാഘോഷം നടക്കുന്നത്. തിരുനക്കര മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന വേദിയിലാണ് പരിപാടി. രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. നാടൻപാട്ട് മത്സരം, സെമിനാറുകൾ, ദേശാഭിമാനി സാഹിത്യ പുരസ്‌കാര വിതരണം, മെഗാ ഷോ തുടങ്ങിയവകൊണ്ട് വേദി സമ്പുഷ്‌ടമാകും.
വ്യാഴം രാവിലെ 10ന് ‘ലിംഗനീതിയും ലിംഗസമത്വവും ഇന്ത്യയിൽ ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. കൃഷ്‌ണകുമാരി രാജശേഖരൻ അധ്യക്ഷയാകും.അഡ്വ. ടി എൻ ഗീനാകുമാരി, ഡോ. മ്യൂസ് മേരി ജോർജ് എന്നിവർ പങ്കെടുക്കും.
രണ്ടിന് നാടൻപാട്ട് മത്സരം പി കെ മേദിനി ഉദ്‌ഘാടനം ചെയ്യും. ടി ആർ രഘുനാഥൻ അധ്യക്ഷനാകും. വെള്ളി പകൽ 11ന് നാടൻപാട്ട് മത്സരം തുടരും. വൈകിട്ട് നാലിന് ‘അന്ധവിശ്വാസവും അനാചാരങ്ങളും ഇന്ത്യയിൽ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്യും. അഡ്വ. കെ സുരേഷ് കുറുപ്പ് അധ്യക്ഷനാകും. കരിവെള്ളൂർ മുരളി, ഡോ. എ കെ അർച്ചന, അഡ്വ. കെ അനിൽകുമാർ, വി ബി പരമേശ്വരൻ, സി ജെ ജോസഫ് എന്നിവർ പങ്കെടുക്കും.
10ന് പകൽ മൂന്നിന് "മാധ്യമങ്ങളുടെ രാഷ്‌ട്രീയവും ജനാധിപത്യവും ഇന്ത്യയിൽ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്യും. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനാകും.
ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ്, കൈരളി ടിവി ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരൻ, ദീപിക മാനേജിങ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു എന്നിവർ പങ്കെടുക്കും.
മാധ്യമ സെമിനാറിന് ശേഷം ദേശാഭിമാനി സാഹിത്യ പുരസ്‌കാര സമർപ്പണം നടക്കും. സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വൻ അധ്യക്ഷനാകും.
അഡ്വ.പി കെ ഹരികുമാർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. കെ സച്ചിദാനന്ദൻ, അശോകൻ ചരുവിൽ, എസ് ഹരീഷ് എന്നിവരാണ് അവാർഡ് ജേതാക്കൾ. തുടർന്ന് മെഗാഷോയും അരങ്ങേറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..