22 October Tuesday

പാർടി അംഗീകരിക്കാത്ത സ്ഥാനാർഥിയെ ജനം ഉൾക്കൊള്ളുമോ: വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

 

പാലാ
കേരള കോൺഗ്രസിന‌് യോജിച്ച‌് അംഗീകരിക്കാൻ കഴിയാത്ത സ്ഥാനാർഥിയെ ജനങ്ങൾ എങ്ങനെ അംഗീകരിക്കുമെന്നും യുഡിഎഫ‌് കൺവൻഷനിൽ ഉന്നത നേതാക്കളുടെ സാന്നിധ്യത്തിൽ മുതിർന്ന നേതാവ‌് പി ജെ ജോസഫിനെ കൂകിവിളിച്ച‌് അപമാനിച്ചത‌് പാലായുടെ സംസ‌്കാരത്തിന‌് ചേർന്നതല്ലെന്നും സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പ്രതികരിച്ചു. 
പാർടി നടപടിക്ക‌് വിധേയനായ പ്രവർത്തകനെ അംഗീകരിക്കാനാവില്ലെന്ന‌് കേരള കോൺഗ്രസിലെ ഒരു വിഭാഗവും എന്നാൽ അയാളാണ‌് പരമയോഗ്യനെന്ന‌് മറുവിഭാഗവും വാദിക്കുന്നു. ജനങ്ങൾ ഇതിൽ ഏതഭിപ്രായം സ്വീകരിക്കുമെന്നതാണ്‌ പരമപ്രധാനം. വേദിയിൽ പി ജെ ജോസഫിനെ കൂകിവിളിച്ചത‌് പാലായിലെ ജനങ്ങളെ അപമാനിക്കുന്നതിന‌് തുല്യമാണ‌്.
പാലായിലെ ജനങ്ങൾ പൊതുവേ സംസ‌്കാരസമ്പന്നരും വിവേകശാലികളും ഉന്നതമായ ആതിഥേയ സംസ‌്കാരം പുലർത്തുന്നവരുമാണ‌്. പാലായുടെ പെരുമയ‌്ക്ക‌് അന്യനാടുകളിൽപോലും ഖ്യാതിയുണ്ട‌്. കേരളത്തിലെ മുൻമന്ത്രിമാരിലൊരാളും കേരള കോൺഗ്രസിലെ മുതിർന്ന നേതാവുമായ പി ജെ ജോസഫിനെ കൂകിവിളിച്ച‌് അസഭ്യം പറഞ്ഞ‌ാണ‌് കൈയേറ്റത്തിന‌് ശ്രമിച്ചത‌്. പൊലീസ‌് സംരക്ഷണവലയം തീർത്തതിനാൽ പരിക്കേറ്റില്ല. 
കേരള കോൺഗ്രസിലെ ഉന്നത നേതൃത്വത്തിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണീ സംഭവങ്ങൾ. ജനാധിപത്യ ബോധത്തിന്റെയും സാമാന്യ മര്യാദയുടെയും നിഷേധം. ജനാധിപത്യത്തിൽ എപ്പോഴും വ്യത്യസ‌്ത അഭിപ്രായങ്ങൾ വരാം. അവയെ കായികമായി നേരിട്ട‌് ഇല്ലാതാക്കുന്ന നിലപാട‌് ഒരു രാഷ‌്ട്രീയ പാർടിക്കും ഭൂഷണമല്ലെന്നും വി എൻ വാസവൻ പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top