20 October Sunday

റാണിയുടെ കരുതൽ; രക്ഷപ്പെട്ടത്‌ നാലു ജീവൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

 കറുകച്ചാൽ 

എങ്ങുനിന്നോ വന്നു നാട്ടിന്റെ കാവലാളായ റാണിയെന്ന നായയാണ്‌ നെടുങ്കുന്നത്തെ ഇപ്പോളത്തെ താരം.   അവസരോചിതമായ ഇടപെടലിലൂടെ കുട്ടികളടക്കം  നാലു ജീവനുകൾ രക്ഷിച്ച് നെടുംകുന്നം പഞ്ചായത്ത് തൊട്ടിക്കൽ പ്രദേശത്തെ ഓമനയായിരിക്കുകയാണ്‌ ഈ  നായ. റാണിയുടെ കരുതലിൽ   തൊട്ടിക്കൽ ചെരുവിൽ വിട്ടിൽ മേരിക്കുട്ടിയും മകൾ പ്രിയയും കൊച്ചുമക്കളായ എട്ടാം ക്ലാസ് വിദ്യാർഥിനി വേദയും
ഏഴാം ക്ലാസ് വിദ്യാർഥിനി ഹൃദ്യയുമാണ് രക്ഷപ്പെട്ടത്‌.  വ്യാഴാഴ്ച വൈകിട്ടുണ്ടായ കാറ്റിലും - മഴയിലും  തൊട്ടിക്കൽ അങ്കണവാടിക്ക്‌   സമീപം  തേക്കിൻ കമ്പ് ഒടിഞ്ഞ്  വൈദ്യുതി ലൈനിൽ വീണ്‌ കമ്പി പൊട്ടി.
കനത്ത മഴയിൽ വൈദ്യുതി കമ്പി റോഡിൽ പൊട്ടികിടന്ന വിവരം ആരും അറിഞ്ഞിരുന്നില്ല.  ഇതൊന്നും അറിയാതെ രാത്രിയിൽ മേരിക്കുട്ടിയു മകൾ പ്രിയയും കൊച്ചുമക്കളും വീട്ടിലേക്ക്‌ വരുകയായിരുന്നു.
ഇവരോടൊപ്പം രണ്ടു മാസം  മുമ്പ് തൊട്ടിക്കൽ പ്രദേശത്ത് വന്ന് കൂടിയ റാണിയെന്ന നായയും  ഉണ്ടായിരുന്നു. മേരി കുട്ടിയും കുടുംബം വിടിനടുത്ത് എത്താറായപ്പോൾ തൊട്ടു മുന്നിൽ പോയ നായ വലിയ ശബ്ദത്തിൽ അലറി കരയുകയും പിന്നെ നിർത്താതെ കുരയ്ക്കുകയുമായിരുന്നു. ഇത്‌ കൂടാതെ കുടുംബത്തെ മുന്നോട്ട്‌ പോകുന്നതിൽ നിന്ന്‌ നായ കുരച്ച്‌ കൊണ്ട്‌ തടയുകയും ചെയ്‌തു. 
നായയുടെ പതിവില്ലാതെയുള്ള ഭാവപ്രകടനം കണ്ട് മേരികുട്ടിയും മകളും കൈയിലിരുന്ന മെഴുകുതിരി തെളിച്ചപ്പോൾ തൊട്ട്‌  മുന്നിലായി വൈദ്യുതി ലൈൻ പൊട്ടി കിടക്കുന്നതാണ് കാണുന്നത്. നായ ലൈനിൽ ചവിട്ടിയപ്പോൾ ഷോക്കേൽക്കുകയും തുടർന്ന് മറ്റുള്ളവർക്ക്‌ അപകടം ഉണ്ടാകാതിരിക്കുവാൻ കുരച്ചു ബഹളം ഉണ്ടാക്കുകയുമായിരുന്നു. തൊട്ടിക്കൽ യുവധാര ക്ലബ്ബിന് സമീപം പെട്ടിക്കട നടത്തുകയാണ് മേരിക്കുട്ടി. റാണി നാട്ടിൽ എത്തിയപ്പോൾ മുതൽ മേരി കുട്ടിയുടെ കടയുടെ സമീപത്താണ് കിടക്കുന്നത്. കടയടച്ച് വിട്ടിലേക്ക് പോകുമ്പോൾ ഇവർക്കൊപ്പം നായയും പോരും.  രാവിലെ  തിരികെയും വരും.  പതിവുപോലെ  ഇവർ കടയടച്ച് വീട്ടിലേക്കു പോകും  വഴിയാണ് വൈദ്യുതി ലൈൻ പൊട്ടി കിടന്നത്.
റാണി തടഞ്ഞതിനെ തുടർന്ന്‌  മേരിക്കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് സമീപവാസികൾ ഇലക്രടിസിറ്റി ഓഫീസിൽ അറിയിച്ച്‌ ലൈൻ ഓഫ് ചെയ്ത് ലൈൻ മാറ്റിയിടുകയും ചെയ്‌തു.   നാലു പേരുടെ ജീവൻ രക്ഷിച്ച റാണി ഇതൊന്നും വലിയ കാര്യമല്ല എന്ന രീതിയിൽ ഇപ്പോഴും  തൊട്ടിക്കൽ പ്രദേശത്തെ കാവലാളായി തന്റെ ജോലിയിൽ മുഴുകിയിരിക്കുകയാണ്.
 
 
പ്രധാന വാർത്തകൾ
 Top