21 September Monday
ഉരുൾപൊട്ടിയെന്ന്‌ അഭ്യൂഹം

അടിവാരത്ത് മലവെള്ളപ്പാച്ചിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

 പൂഞ്ഞാർ

അടിവാരത്ത് വ്യാഴാഴ്‌ച രാത്രിയോടെ  ഉരുള്‍പൊട്ടിയതായി അഭ്യൂഹം. നദി കലങ്ങിമറിഞ്ഞ്‌ പൂഞ്ഞാറിലേക്ക്‌ ഒഴുകി. പെരിങ്ങുളത്ത് പാലത്തിനൊപ്പം ഉയരത്തിൽ നദി ഒഴുകി. മലവെള്ളപ്പാച്ചിലിൽ പ്രദേശമാകെ ഭീതിയിലായി.
സംഭവത്തെത്തുടർന്ന്‌ ഈരാറ്റുപേട്ട പൊലീസും, ഫയര്‍ഫോഴ്‌സും പെരിങ്ങുളത്തെത്തി. പൂഞ്ഞാര്‍ ടൗണിന് സമീപം ചെക്കുഡാമും നിറഞ്ഞുകവിഞ്ഞ് ഒഴുകി. ഇതോടെ ഉരുൾപൊട്ടിയതാണെന്ന സംശയം ഉയർന്നു. എന്നാൽ അടിവാരത്തിന്റെ കിഴക്കന്‍ മേഖലയായ കോട്ടത്താവളത്തടക്കം, പല മേഖലയിലും മണിക്കൂറുകളോളം ശക്തമായ മഴപെയ്തിരുന്നു. ഇതുമൂലമുള്ള മലവെള്ളപ്പാച്ചിലാണ്‌ ഉണ്ടായതെന്നും കരുതുന്നു.  
 കൈത്തോടുകള്‍ നിറഞ്ഞ് കവിഞ്ഞ് വലിയ വെള്ളപ്പാച്ചിലായി മീനച്ചിലാറ്റിലേക്ക്‌ എത്തി. ആറിന് തീരത്തുള്ള പലരുടെയും പുരയിടങ്ങളില്‍ വെള്ളംകയറി. അടിവാരത്ത് സ്‌കൂള്‍ പരിസരവും വെള്ളത്തിനടിയിലായി. അടിവാരം പൂഞ്ഞാര്‍ റോഡില്‍ മുഴയന്‍മാവിലും വെള്ളംകയറി. 
തീക്കോയി, വാഗമൺ പ്രദേശത്തുണ്ടായ മഴയെത്തുടർന്ന് തീക്കോയി ആറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വഴിക്കടവിലെ മിനി ഡാം നിറഞ്ഞ് വെള്ളം ഒഴുകിത്തുടങ്ങി. ഈ വെള്ളവും മീനച്ചിലാറ്റിലേക്കാണ് എത്തുന്നത്.  കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top