18 June Tuesday
ഇതുവരെ സംഭരിച്ചത‌് 15,676.861 ക്വിന്റൽ നെല്ല‌്

വയലുകളിൽ കൊയ‌്ത്തുത്സവം; സംഭരണവും ഉഷാർ

വെബ് ഡെസ്‌ക്‌Updated: Thursday Mar 7, 2019

 കോട്ടയം

പ്രളയക്കെടുതിയിൽനിന്ന‌് സർക്കാർ സഹായത്തോടെ വീണ്ടെടുത്ത പാടശേഖരങ്ങളിൽ കൊയ‌്ത്തുത്സവത്തിന്റെ ആരവം. വിളവെടുത്തെ നെല്ല‌് കളങ്ങളിൽ നിറയുന്നതിനൊപ്പം അതിവേഗം സംഭരണവും മുന്നേറുന്നു. നെല്ലുവില യഥാസമയം അക്കൗണ്ടുകളിൽ ലഭ്യമാകുന്നതോടെ കർഷകരും ഉഷാർ. നെല്ലിന്റെ ഈർപ്പത്തെച്ചൊല്ലിയും മറ്റും നെല്ലെടുപ്പ‌് കാലത്ത‌് കർഷകരും മില്ലുടമകളും തമ്മിലുണ്ടാകാറുള്ള പതിവ‌് തർക്കങ്ങളോ അഭിപ്രായഭിന്നതയോ ഒന്നുമില്ലാതെയാണ‌് ഇക്കുറി പുഞ്ചക്കൊയ‌്ത്ത‌്.ജില്ലയിൽ ഇത്തവണ 17,088 ഹെക്ടറിലാണ‌് നെൽകൃഷിയുള്ളത‌്‌. മഹാപ്രളയം ഉണ്ടായിട്ടും മുൻ വർഷത്തെക്കാൾ നാലായിരത്തോളം ഹെക്ടറിൽ അധികമായി ഇത്തവണ കൃഷിയിറക്കാനായി. തുടർച്ചയായ മടവീഴ‌്ചയെത്തുടർന്ന‌് രണ്ടും മൂന്നുംവട്ടം കൃഷിയിറക്കേണ്ടിവന്ന പാടശേഖരങ്ങൾ നിരവധിയാണ‌്. ഇവിടെയെല്ലാം അടിയന്തിര സഹായം അടക്കം ലഭ്യമാക്കി സർക്കാർ കർഷകരിൽ ആത്മവിശ്വാസം വളർത്തിയതോടെ നെൽപ്പാടങ്ങളിൽ പുതുനാമ്പുകൾ മുളയ‌്ക്കുകയായിരുന്നു. 5854.335 ഹെക്ടർ പാടശേഖരങ്ങളിലാണ‌് പ്രളയം നാശം വരുത്തിയത‌്. ഇവിടെയെല്ലാം വീണ്ടും കൃഷിയിറക്കാനായത‌് വലിയ നേട്ടമായി. സർക്കാർ ഒപ്പമുണ്ടെന്ന വിശ്വാസം കർഷകരെ വീണ്ടും കൃഷയിറക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. 
സർക്കാർ ഇടപെടലിനൊപ്പം കാലാവസ്ഥയും അനുകൂലമായതോടെ ഇക്കുറി മികച്ച വിളവാണ‌് ലഭിച്ചതെന്ന‌് കർഷകർ പറയുന്നു. ഏക്കറിന‌് 25–-28 ക്വിന്റൽ നെല്ലുവരെ ലഭിക്കുന്നുണ്ട‌്. വേനൽമഴ കർഷകരിൽ ഭീതി ഉയർത്തുന്നുണ്ടെങ്കിലും ഇപ്പോൾ കാര്യമായ പ്രതിസന്ധിയില്ല. സപ്ലൈകോയും മില്ലുടമകളും മുന്നോട്ടുവയ‌്ക്കുന്ന മാനദണ്ഡപ്രകാരം ആവശ്യത്തിന‌് ഉണക്കുള്ള നെല്ല‌് നൽകാനാകുന്നുണ്ട‌്. ഇതിനാൽതന്നെ  സംഭരണത്തിൽ കാര്യമായ പ്രശ‌്നങ്ങളുമില്ല. 
വിവിധ മേഖലകളിലെ പുഞ്ചപ്പാടങ്ങളിൽ കൊയ‌്ത്ത‌് നിരന്നതോടെ കാർഷിക മേഖലയിൽ പുത്തനുണർവായി. കർഷകരും കർഷക –-ചുമട്ടു തൊഴിലാളികളും അടക്കം സജീവമായിട്ടുണ്ട‌്. പൂർണമായും യന്ത്രങ്ങളിലാണ‌് കൊയ‌്ത്ത‌്. കളങ്ങളിൽ നിറയുന്ന പൊലി യഥാസമയം ഉണക്കി ചാക്കുകളിൽ നിറച്ച‌് സംഭരണച്ചുമതലയുള്ള മില്ലുകളുടെ ലോറികളിൽ കയറ്റുകയാണ‌് തൊഴിലാളികൾ. കർഷകർക്കും അതേസമയം തൊഴിലാളികൾക്കും കൊയ‌്ത്തുകാലം മികച്ച വരുമാന മാർഗവുമാണ‌്. 
വിളവെടുപ്പിന് പാകമായ 12,36.74 ഹെക്ടറിൽ ഇതിനകം മൂവായിരത്തോളംഹെക്ടറിൽ കൊയ‌്ത്തും സംഭരണവും പൂർത്തിയായി.15,676.861 ക്വിന്റൽ നെല്ല‌് സംഭരിച്ചു.  കൃഷിവകുപ്പും സപ്ലൈകൊയും സംയുക്തമായാണ‌് ഇതിന‌് നേതൃത്വം നൽകുന്നത‌്. സംഭരിച്ച നെല്ലിന്റെ വിലയായി ചൊവ്വാഴ‌്ചവരെ 38.80 കോടി രൂപ കർഷകരുടെ അക്കൗണ്ടുകളിൽ ലഭ്യമാക്കി. വൈക്കം താലൂക്കിലാണ‌് ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല‌് സംഭരിച്ചിട്ടുള്ളത‌്. ഇവിടെ മാത്രം  8498.297 ക്വിന്റൽ ഏറ്റെടുത്തു. ചങ്ങനാശേരി–-11.710, കാഞ്ഞിരപ്പള്ളി–-18.244, കോട്ടയം–-7074.901, മീനച്ചിൽ–-73.709 ക്വിന്റൽ നെല്ല‌് എടുത്തു. 
 
29 അരിമില്ലുകൾ ജില്ലയിലെ സംഭരണത്തിന‌് നേതൃത്വം നൽകുന്നു. പാഡി മാർക്കറ്റിങ‌് ഓഫീസുകളുടെ പൂർണ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ‌് നെല്ലെടുപ്പ‌്. ചെറിയ പരാതികൾ പോലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അത‌് പരിഹരിച്ച‌് സംഭരണം സുഗമമാക്കുന്നുണ്ട‌്. വെച്ചൂർ, തലയാഴം, കുമരകം, കല്ലറ തുടങ്ങിയ പ്രദേശങ്ങളിലാണ‌് ഇപ്പോൾ വിളവെടുപ്പ‌് പുരോഗമിക്കുന്നത‌്. മെയ‌് അവസാനത്തോടെയേ ജില്ലയിലെ കൊയ‌്ത്ത‌ും സംഭരണവും  പൂർത്തിയാകൂ എന്ന‌് പ്രിൻസിപ്പൽ കൃഷി ഓഫീസ‌് അധികൃതർ പറഞ്ഞു. പ്രളയത്തിൽ കൃഷിനശിച്ച പാടശേഖരങ്ങൾക്കായി 159.11 മെട്രിക‌് ടൺ വിത്ത‌് സൗജന്യമായി നൽകി. ധനസഹായമായി 7.90 കോടി രൂപയും നൽകി. ഇതിനൊപ്പം പമ്പിങ‌് സബ‌്സിഡിയും വളവും മറ്റ‌് സഹായങ്ങളും ലഭ്യമാക്കി.
   കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവിലയ‌്ക്കൊപ്പം സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ‌ും ചേർത്ത‌് കിലോയ‌്ക്ക‌് 25.30 രൂപ ക്രമത്തിലാണ‌് നെല്ലെടുക്കുന്നത‌്.  20,966 കർഷകരാണ‌് ഇത്തവണ പാഡി മാർക്കറ്റിങ‌് ഓഫീസുകൾ മുഖേന നെൽകൃഷിയിൽ രജിസ‌്റ്റർ ചെയ‌്തിട്ടുണ്ട‌്. മില്ലുകൾക്ക‌് കൈമാറിയ  നെല്ല‌ിന്റെ തൂക്കം അടക്കം രേഖപ്പെടുത്തിയ പിആർഎസ‌് ഫോറം ഹാജരാക്കിയ ഉടൻ   കർഷകരുടെ അക്കൗണ്ടിലേക്ക‌് പണം അനുവദിക്കും.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top