കോട്ടയം
ദിവസവും ഒന്നിലേറെത്തവണ കഴുകുന്ന കൂടുകൾ...ദുർഗന്ധമില്ലാത്ത, വൃത്തിയുള്ള പരിസരം. ആവശ്യത്തിന് ഭക്ഷണം, വെള്ളം, പരിചരണം എന്നിവ ലഭിക്കുന്നതിനാൽ കൂട്ടിൽ ശാന്തരായി കിടക്കുന്ന നായ്‌ക്കൾ... ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് ചോദിച്ചവർക്ക് പ്രവർത്തനമികവുകൊണ്ട് മറുപടി. തെരുവുനായ നിയന്ത്രണത്തിന് ഒരുക്കിയ കോടിമത എബിസി സെന്ററിലെ സാഹചര്യം സങ്കൽപ്പങ്ങൾക്കുമപ്പുറം... മാതൃകാപരം.
എബിസി കേന്ദ്രത്തിന്റെ പ്രവർത്തനം ഒരാഴ്‌ച പിന്നിടുമ്പോൾ 60 നായ്‌ക്കൾക്ക് ശസ്‌ത്രക്രിയ നടത്തി. ദിവസേന 10 നായ്ക്കൾക്ക് വീതമാണ് വന്ധ്യംകരണം. മുറിവുണങ്ങുന്നതുവരെ സംരക്ഷിച്ചു പ്രതിരോധ കുത്തിവയ്‌പ്പ് നൽകിയാണ് തുറന്നുവിടുന്നത്. തിങ്കളാഴ്‌ചയും 10 എണ്ണത്തിനെ കേന്ദ്രത്തിലെത്തിച്ചു. പിടികൂടുന്ന നായ്‌ക്കളിൽ പലതിനും അസുഖമുണ്ടായിട്ടും മികച്ച പരിചരണം നൽകുന്നതിനാൽ ഒന്നിനുപോലും കുഴപ്പമുണ്ടായിട്ടില്ലെന്ന് എബിസി കോർഡിനേറ്റർ ഡോ. എൻ ജയദേവൻ പറഞ്ഞു.
നായ്‌ക്കളെ പിടിക്കുന്നതിന് പരിചയസമ്പന്നരായ രണ്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. ഒരു നായയെ പിടികൂടി കേന്ദ്രത്തിലെത്തിച്ച് ശസ്‌ത്രക്രിയയ്‌ക്ക് ശേഷം അവയെ അതേ സ്ഥലത്ത് തിരികെവിടുന്നതിനുള്ള പ്രതിഫലം 300 രൂപയാണ്. വാഹനച്ചിലവ് 200 രുപയും. ഒരു ഡോക്ടറും ഒരു തിയറ്റർ അസിസ്‌റ്റന്റും നാല് മൃഗപരിപാലകരും ഇവിടെ പ്രവർത്തിക്കുന്നു.
ആദ്യദിവസങ്ങളിൽ പിടികൂടിയ നായ്‌ക്കളെ പുറത്തുവിട്ട് തുടങ്ങി. ശസ്‌ത്രക്രിയക്ക് വിധേയമാക്കിയ ആൺ നായ്‌ക്കളെ നാല് ദിവസത്തിന് ശേഷവും പെൺനായ്‌ക്കളെ അഞ്ച് ദിവസത്തിന് ശേഷവുമാണ് തുറന്നുവിടുന്നത്. പേവിഷ പ്രതിരോധ കുത്തിവയ്‌പ്പും രോഗങ്ങൾക്കും നായ്‌ക്കളുടെ ശരീരത്തിൽ കാണുന്ന കീടങ്ങൾക്കും പ്രതിവിധി നൽകിയശേഷമാണ് പുറത്തുവിടുന്നത്. ഇപ്പോൾ മുൻസിപ്പൽ പ്രദേശത്ത് നിന്നുള്ള നായ്‌ക്കളെയാണ് പിടികൂടുന്നത്.
16 മുതൽ പള്ളം ബ്ലോക്ക് പരിധിയിൽനിന്ന് നായ്‌ക്കളെ പിടിച്ചുതുടങ്ങുമെന്ന് ഡോ. എൻ ജയദേവൻ പറഞ്ഞു. ഒരു തിയറ്റർ കൂടി സജ്ജമാക്കി പ്രവർത്തനം വിപുലമാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..