19 January Sunday

മീനച്ചിലാർ ‘ലിഫ്‌ടി’ലാക്കാൻ 2 മാസംകൂടി

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

 കോട്ടയം

മീനച്ചിലാറ്റിലെ വെള്ളം നെല്ലിനും കരക്കൃഷിക്കും പ്രയോജനപ്പെടുത്തുന്ന ലിഫ്‌ട്‌ ഇറിഗേഷൻ പദ്ധതി രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാകും. മീനച്ചിലാർ–-മീനന്തറയാർ–-കൊടൂരാർ നദീ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ജനകീയ പ്രവർത്തനങ്ങളിലൂടെ വീണ്ടെടുക്കപ്പെട്ട തോടുകളിലെ നീരൊഴുക്ക്‌ നിലനിർത്തുകയാണ്‌ ലക്ഷ്യം.
തോടുകളിൽ വെള്ളമെത്തിയാൽ കൃഷിയും മെച്ചപ്പെടുമെന്ന്‌ പരീക്ഷിച്ച്‌ തെളിയിച്ചതോടെ പദ്ധതിക്കൊപ്പം സർക്കാരും ചേരുകയായിരുന്നു. പമ്പ്‌ഹൗസിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 45 ലക്ഷം രൂപ അനുവദിച്ചു.  ജലസേചനവകുപ്പിനാണ്‌ നിർമാണ ചുമതല.  
1350 ഏക്കറിൽ നെൽകൃഷിക്കും കരഭൂമിയിലെ വിവിധ കൃഷികൾക്കും ആവശ്യത്തിന്‌ വെള്ളം എത്തിക്കാനാകുമെന്നാണ്‌ കണക്കുകൂട്ടൽ. കഴിഞ്ഞവർഷം മോട്ടോർ ഉപയോഗിച്ച്‌ തോടുകളിലേക്ക്‌ വെള്ളം എത്തിച്ചിരുന്നു. മഴക്കാലത്ത്‌ മീനച്ചിലാറ്റിൽ ജലനിരപ്പുയരുന്നതിനാൽ തോടുകളിലേക്ക്‌ സ്വഭാവികമായും വെള്ളം കിട്ടും. എന്നാൽ മറ്റ്‌ കാലയളവിൽ മീനച്ചിലാറ്റിലെ ജലനിരപ്പ്‌ തോട്ടിലേതിനേക്കാൾ ഒന്നരമീറ്റർ താഴെയാണ്‌. ഇതാണ്‌ കൃഷിക്ക്‌ വെള്ളം കിട്ടാത്തതിനുകാരണം. മോട്ടോർ ഉപയോഗിച്ച്‌ വെള്ളം പമ്പ്‌ ചെയ്‌ത്‌ മടയ്‌ക്കൽ തോട്ടിലേക്ക്‌ എത്തിച്ചാൽ പാടശേഖരങ്ങളിൽ ജലസേചന സൗകര്യമൊരുക്കാനാകുമെന്ന്‌ വ്യക്തമായതോടെ  ലിഫ്‌ട്‌ ഇറിഗേഷൻ എന്ന ആശയം ഉടലെടുത്തു. മീനച്ചിലാറ്റിൽ ഇതിന്‌ ഏറ്റവും അനുയോജ്യമായത്‌ ആറുമാനൂർ ഭാഗത്താണെന്ന്‌ കണ്ടെത്തിയിരുന്നു. മീനച്ചിലാറിന്‌ സമീപമുള്ള മടയ്‌ക്കൽ തോട്ടിലേക്ക്‌ വെള്ളം പമ്പ്‌ ചെയ്‌ത്‌ ചൊറിച്ചി തോടുവഴി വെള്ളൂർ തോട്ടിലൂടെ മീനന്തറയാറ്റിൽ എത്തിക്കും. മടയ്‌ക്കൽതോടിന്‌ സമീപമാണ്‌ പമ്പ്ഹൗസിന്റെ നിർമാണം. 75 കുതിരശക്തിയുള്ള പമ്പുസെറ്റ്‌ ഉപയോഗിച്ച്‌ വെള്ളം എടുക്കും. പമ്പ്‌ഹൗസിന്റെ അടിത്തറ നിർമാണം പുരോഗമിക്കുകയാണ്‌.    
രണ്ടുവർഷം മുമ്പ് നദീ പുനർസംയോജന പദ്ധതിയിലൂടെയായിരുന്നു തോടുകളുടെ നവീകരണം. അയർക്കുന്നം, വിജയപുരം, മണർകാട്‌ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിനും ലിഫ്‌ട്‌ ഇറിഗേഷനിലൂടെ   പരിഹാരമാകും. കഴിഞ്ഞ ജൂലൈയിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയാണ്‌ പദ്ധതിയുടെ നിർമാണം ഉദ്ഘാടനം ചെയ്‌തത്‌.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top