25 January Saturday

കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ ഇന്ന്‌ കൊടിയുയരും

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

 തലയോലപ്പറമ്പ്

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് വെള്ളിയാഴ്‌ച തലയോലപ്പറമ്പിൽ കൊടി ഉയരും.  6,7,8,9 തീയതികളിലാണ് സമ്മേളനം. വിവിധ ഏരിയകളിൽ നിന്ന് പതാക–-കൊടിമര–-കപ്പി–-കയർ ബാനർ ജാഥകൾ വൈകിട്ട്‌ അഞ്ചിന്‌ കടുത്തുരുത്തിയിൽ സംഗമിച്ചശേഷം തലയോലപ്പറമ്പിൽ എത്തിച്ചേരും. പൊതുസമ്മേളന നഗരിയായ വി എസ് ഗോപാലകൃഷ്ണൻ നഗറിൽ( തലയോലപ്പറമ്പ് ടൗൺ ) സ്വാഗതസംഘം രക്ഷാധികാരി അഡ്വ. പി കെ ഹരികുമാർ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. 
 പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാക  എം സി ജേക്കബിന്റെ അയർക്കുന്നത്തെ സ്മൃതിമണ്ഡപത്തിൽ നിന്ന് പി എൻ പ്രഭാകരൻ ക്യാപ്റ്റൻ ടി എസ് ജയന് കൈമാറും. പൊതുസമ്മേളന നഗറിലേക്കുള്ള പതാക പി ഐ ഷുക്കൂറിന്റെ കാഞ്ഞിരപ്പള്ളിയിലെ മണ്ഡപത്തിൽ നിന്ന് ആർ ടി മധൂസൂദനൻ ജാഥാ ക്യാപ്റ്റൻ സജിൻ വട്ടപ്പള്ളിക്ക് കൈമാറും.
 പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കൊടിമരം തലയോലപ്പറമ്പിലെ വി എസ് ഗോപാലകൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽനിന്ന്‌ കെ കുഞ്ഞപ്പൻ ജാഥാ ക്യാപ്റ്റൻ ടി ആർ സുഗതന് കൈമാറും. കെ വേണുഗോപാലിന്റെ  വൈക്കത്തെ സ്മൃതി മണ്ഡപത്തിൽനിന്ന്‌ പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമരം ഇ എം കുഞ്ഞുമുഹമ്മദ് ജാഥാ ക്യാപ്റ്റൻ ടി ടി സെബാസ്റ്റ്യന് കൈമാറും.
 ജേക്കബ് വള്ളിക്കാപ്പന്റെ ഈരാറ്റുപേട്ടയിലെ സ്മൃതി മണ്ഡപത്തിൽനിന്ന്‌ പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കപ്പി –- കയർ അഡ്വ. പി ഷാനവാസ് ജാഥാ ക്യാപ്റ്റൻ സി കെ ഹരികുമാറിന് കൈമാറും. വി എൻ എം ഇസ്മയിലിന്റെ ഏറ്റുമാനൂരിലെ സ്മൃതി മണ്ഡപത്തിൽനിന്ന്‌ പൊതുസമ്മേളന നഗറിലേക്കുള്ള കപ്പി–- കയർ ടി വി കുര്യക്കോസ് ജാഥാ ക്യാപ്റ്റൻ കെ കെ കരുണാകരന് കൈമാറും.
 പി എം കുഞ്ഞൂഞ്ഞിന്റെ ചങ്ങനശേരിയിലെ സ്മൃതി മണ്ഡപത്തിൽ നിന്ന് പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ബാനർ പ്രൊഫ. ആർ നരേന്ദ്രനാഥ് ജാഥ ക്യാപ്റ്റൻ അഡ്വ. ജോസഫ് ഫിലിപ്പിന് കൈമാറും. ജി സി ദാമോദരന്റെ കോട്ടയത്തെ സ്മൃതി മണ്ഡപത്തിൽനിന്ന്  പൊതുസമ്മേളന നഗരിയിലേക്കുള്ള ബാനർ കെ സി ജോസഫ് ജാഥാ ക്യാപ്റ്റൻ ടി എം രാജൻ കുട്ടിക്ക് കൈമാറും. 
ഏഴിന് എം സി ജേക്കബ് നഗറിൽ ആരംഭിക്കുന്ന(കെ അർ ആഡിറ്റോറിയം) പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് ‘രാജ്യന്തര കരാറുകളും കാർഷിക മേഖലയും’  സെമിനാർ കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം ഞായറാഴ്ച സമാപിക്കും.
തിങ്കളാഴ്ച ജില്ലാറാലിയും പൊതുസമ്മേളനവും നടക്കും. വൈകിട്ട് മൂന്നിന്‌ ആശുപത്രിക്കവലയിൽനിന്ന്‌ റാലി. തലയോലപ്പറമ്പ് ടൗണിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാനമേളയും നടക്കും.
 
 
പ്രധാന വാർത്തകൾ
 Top