06 August Thursday

ചങ്ങനാശേരി നഗരസഭ; ജോസ്‌ വിഭാഗം ചെയർമാനെതിരെ അവിശ്വാസത്തിന് ജോസഫ് വിഭാഗം

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019
ചങ്ങനാശേരി >ചങ്ങനാശേരി നഗരസഭാ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിലിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നു. കേരള കോൺഗ്രസ് പി ജെ ജോസഫ്  വിഭാഗം നിയോജകമണ്ഡലം കമ്മിറ്റിയിലാണ് തീരുമാനം. തീരുമാനം യുഡിഎഫ് ജില്ലാ സംസ്ഥാന നേതൃത്വങ്ങളെ അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.  കേരള കോൺഗ്രസിലെ ധാരണപ്രകാരം കാലാവധി കഴിഞ്ഞിട്ടും ലാലിച്ചൻ കുന്നിപ്പറമ്പിൽ ചെയർമാൻ സ്ഥാനം രാജിവയ്‌ക്കാത്ത സാഹചര്യത്തിലാണ്  ജോസഫ് വിഭാഗം തീരുമാനം. നേതാക്കളും ജോസഫ് വിഭാഗത്തിനൊപ്പം നിൽക്കുന്ന ആറു നഗരസഭാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
 
നഗരസഭാ ഭരണം ആദ്യരണ്ടരവർഷം കോൺഗ്രസിനും പിന്നീടുള്ള രണ്ടരവർഷം കേരളകോൺഗ്രസ്‌ എമ്മിനും നൽകാനായിരുന്നു യുഡിഎഫ്തീരുമാനം. ഇതുപ്രകാരം കോൺഗ്രസിലെ സെബാസ്റ്റ്യൻ മാത്യു മണമേൽ ആദ്യ രണ്ടരവർഷം ചെയർമാനായി. കേരള കോൺഗ്രസിന് ലഭിച്ച രണ്ടരവർഷത്തെ നഗരസഭാ അധ്യക്ഷ സ്ഥാനം ലാലിച്ചൻ കുന്നിപ്പറമ്പിലിനും സാജൻ ഫ്രാൻസിസിനും പങ്കിട്ട് നൽകാനായിരുന്നു പാർട്ടി തീരുമാനം.
 
ലാലിച്ചൻ കുന്നിപ്പറമ്പിലിന്റെ കാലാവധി പൂർത്തിയായപ്പോൾ കേരളകോൺഗ്രസ്‌ പിളർപ്പിനെതുടർന്ന്‌ അഭിപ്രായ ഭിന്നത രൂക്ഷമായി. ഇതോടെ ലാലിച്ചൻ രാജിവയ്ക്കാതെ സ്ഥാനത്ത് തുടർന്നു. ലാലിച്ചൻ  ജോസ് വിഭാഗത്തിലും സാജൻ ഫ്രാൻസിസ് ജോസഫ് വിഭാഗത്തിലുമാണ്. ലാലിച്ചൻ സ്ഥാനം രാജിവച്ച് ധാരണ പാലിക്കണമെന്ന് യുഡിഎഫ് സംസ്ഥാന നേതാക്കളുൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് ജോസഫ് വിഭാഗം അവിശ്വാസപ്രമേയത്തിന്‌ തീരുമാനിച്ചത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top