11 August Thursday

ഒരുമയോടെ നാട്‌; ഒരു കുടുംബത്തിന്റെ രക്ഷകരായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
കോട്ടയം 
ആപത്‌ഘട്ടങ്ങളിൽ കരുതലും കരുത്തും കാട്ടുന്ന ഒരുപറ്റം ജനങ്ങളുടെ കൂട്ടായ ശ്രമമാണ്‌ പിഞ്ചുകുഞ്ഞ്‌ ഉൾപ്പെടെയുള്ള നാലംഗ കുടുംബത്തിന്റെ ജീവൻ രക്ഷിച്ചത്‌. 120ലധികം കുടുംബങ്ങളുള്ള പാറേച്ചാൽ ഭാഗത്തുള്ളവർ ഏത്‌ വിഷമത്തിലും ഒരു മനസ്സോടെയാണ്‌ ഒത്തുകൂടുന്നത്‌. മരണമായാലും വിവാഹമായാലും മറ്റ്‌ ഏത്‌ ചടങ്ങിലും ഈ തുരുത്തിലുള്ളവർ ഒറ്റക്കെട്ടാണ്‌. കഴിഞ്ഞദിവസമുണ്ടായ കാർ അപകടത്തിൽനിന്ന്‌ പിഞ്ചുകുഞ്ഞിനെയും അമ്മയെയും കുടുംബാംഗങ്ങളെയും അതിസാഹസികമായി രക്ഷിക്കാൻ ഇവിടുത്തുകാർക്ക്‌ കഴിഞ്ഞതും ഈ ഒരുമയുള്ളതിനാലാണ്‌. ഏതുസമയത്തും വെള്ളം ഇരച്ചുകയറുമെന്ന സാഹചര്യമായതിനാൽ നാട്‌ ഉറങ്ങിയിരുന്നില്ല. അസാധാരണമായി ഒരു കാർ മുട്ടറ്റം വെള്ളത്തിലൂടെ വരുന്നത്‌ കണ്ടപ്പോഴേ നാട്ടുകാർക്ക്‌ അപകടം മണത്തു. ആദ്യവീട്ടിലെ കൊച്ചുമോൾ ഉൾപ്പെടെയുള്ളവർ ശബ്ദമുണ്ടാക്കി പിന്തിരിപ്പിക്കാൻ ശ്രമിച്ചു. തൊട്ടടുത്ത വീട്ടിലെ ചന്ദ്രബോസ്‌ കാർ പാഞ്ഞടുക്കുന്നത്‌ അപകടത്തിലേക്കാണെന്ന്‌ തിരിച്ചറിഞ്ഞു. കലങ്ങിമറിഞ്ഞ്‌ ഒഴുകുന്ന പുത്തനാറിലേക്ക്‌ കാർ ഓടിയെത്തുന്ന ഘട്ടത്തിൽ ചന്ദ്രബോസ്‌ അലറിക്കരഞ്ഞു. ഇതുകേട്ട്‌ മറുകരയിലുള്ള സനിലും കുടുംബവും മുറ്റത്തിറങ്ങി.
ഇൻഡിക്കേറ്ററിൽ നിന്നുള്ള വെളിച്ചം കണ്ടാണ്‌ തലകീഴയായി മുങ്ങുന്നത്‌ കാറാണെന്ന്‌ മനസ്സിലായത്‌. ഉടൻ ഉറ്റവരെയും അയൽവാസികളെയും വിളിച്ചുണർത്തി രക്ഷാപ്രവർത്തനം തുടങ്ങി. ഈ സമയം കൈവരിയിലൂടെ ഒഴുകിയ കാറിനുള്ളിൽനിന്ന്‌  ചില്ലിൽ അടിച്ച്‌ ‘രക്ഷിക്കണേ’ എന്ന കൂട്ടനിലവിളി കേൾക്കാമായിരുന്നു. സംഭവമറിഞ്ഞ്‌ ഓരോ കുടുംബവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കാർ തോട്ടിലൂടെ ഒഴുകുമ്പോൾ രണ്ടടിപ്പാതയിലൂടെ സ്‌ത്രീകളും കുട്ടികളും അലമുറയിട്ട്‌ പിന്നാലെ പായുകയായിരുന്നു. ഒടുവിൽ മൂന്നു പേർ രണ്ടും കൽപിച്ച്‌ തോട്ടിൽ ചാടി. ടയറിൽ കയർ കെട്ടി പിടിച്ചുകെട്ടി. അപകടത്തിൽ പെട്ടവരെ ആശ്വസിപ്പിക്കാനും ആരും മറന്നില്ല. അന്നവും വസ്ത്രവും കൊടുത്തു. ഒരു കുഞ്ഞിനെയും ഡോക്ടർ ഉൾപ്പെടെയുള്ള മൂന്നുജീവനും രക്ഷിക്കാനായതിന്റെ അഭിമാനത്തിലും ആനന്ദത്തിലുമാണ്‌ ഈ നാട്‌.
പുതിയ റോഡ്‌ ഉടൻ
നഗരസഭയുടെ 45ാം വാർഡായ ഇവിടെ ബൈപ്പാസിൽനിന്ന്‌ കാഞ്ഞിരംവരെ പുതിയ റോഡ്‌ നിർമിക്കാൻ ഡിപിആർ തയ്യാറാക്കിയിട്ടുണ്ടെന്നും പാലമുൾപ്പെടെ പ്രദേശത്തിന്റെ സമഗ്രവികസനത്തിന്‌ പദ്ധതികൾ തയ്യാറാക്കാൻ സർക്കാർതലത്തിൽ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും കൗൺസിലർ ഷീല സതീഷ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top