പത്തനാട്
കങ്ങഴ മഹാദേവക്ഷേത്രം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആന കങ്ങഴ വിശ്വനാഥൻ ചരിഞ്ഞു. 22 വയസ്സുണ്ട് വിശ്വനാഥന്. രണ്ടാഴ്ചയായി വയറിന് അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച് പുലർച്ചെ ആറോടെയാണ് ആനയെ ചെരിഞ്ഞനിലയിൽ കണ്ടത്. 2008ൽ 12വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു വിശ്വനാഥൻ കങ്ങഴയിൽ എത്തിയത്. കൊല്ലം പുത്തൻകുളങ്ങരയിൽനിന്നാണ് ദേവസ്വം ആനയെ വാങ്ങിയത്. കുട്ടിക്കുറുമ്പും വികൃതിയുംകാട്ടി ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ വിശ്വനാഥൻ നാട്ടുകാരുടെ കണ്ണിലുണ്ണിയായി. ഒപ്പം പ്രദേശത്തെ പേരെടുത്ത ആനയായി മാറുകയും ചെയ്തു. മധ്യകേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലേയും ഉത്സവങ്ങൾക്ക് നിറസാന്നിധ്യമായിരുന്ന കങ്ങഴ വിശ്വനാഥന്റെ പെട്ടെന്നുള്ള വിയോഗം നാട്ടുകാർക്കും ആന പ്രേമികൾക്കും വേദനാജനകമായി. ആനയുടെ ജഡം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിക്കാനായി വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ കോന്നിയിലേക്ക് കൊണ്ടുപോയി.