പാലാ
മോഷണക്കേസുകളിൽ പൊലീസിനെ വെട്ടിച്ച് നടന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം ഉളിയനാട് പുത്തൻകുളം നന്ദുഭവനത്തിൽ തീവെട്ടി ബാബു എന്ന് വിളിക്കുന്ന ബാബുവിനെയാണ്(61) പാലാ പൊലീസ് നെയ്യാറ്റിൻകരയിൽ നിന്ന് അറസറ്റ് ചെയ്തത്. കഞ്ചാവ് കേസിൽ ജയിലിലുള്ള മകനെ കാണാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
സംസ്ഥാനത്തെമ്പാടുമായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ദിവസം രാത്രി ഭരണങ്ങാനത്ത് കട കുത്തിപ്പൊളിച്ച് മോഷണം നടത്തുകയും ഈരാറ്റുപേട്ടയിൽനിന്ന് സ്കൂട്ടർ മോഷ്ടിക്കുകയും ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തികിന്റെ നിർദേശപ്രകാരം പാലാ ഡിവൈഎസ്പി എ ജെ തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ച് തെരച്ചിൽ നടത്തിവരികയായിരുന്നു.
ഇതിനിടെ മോഷ്ടാവിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷകസംഘം നെയ്യാറ്റിൻകര ജയിൽ പരിസരത്തുനിന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു. ബാബു ഓരോ തവണ ശിക്ഷ കഴിഞ്ഞിറങ്ങുമ്പോഴും അന്നുതന്നെ മോഷണം നടത്തുന്ന പതിവുണ്ട്. കഴിഞ്ഞ ഒക്ടോബർ 30നാണ് ഇയാൾ വിയ്യൂർ ജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയത്. ഈ ദിവസം ഏതെങ്കിലും സ്റ്റേഷൻ പ്രദേശത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. പാലാ എസ്എച്ച്ഒ കെ പി തോംസൺ, ഈരാറ്റുപേട്ട എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ, എസ്ഐമാരായ എം ഡി അഭിലാഷ്, സി വി രാജു, സിപിഒമാരായ ജോബി, ജോഷി മാത്യു, സി രഞ്ജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..