07 August Friday
പഠനം ഊര്‍ജിതമാക്കി കോട്ടയം

ലക്ഷ്യം ഒന്നാം സ്ഥാനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

 

 
കോട്ടയം
എസ്എസ്എൽസി പരീക്ഷ വിജയശതമാനത്തിൽ 2019ലെ ഏഴാം സ്ഥാനത്തുനിന്നും മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയതിന്റെ ആവേശത്തിലാണ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും. സ്‌കൂൾ തുറന്നില്ലെങ്കിലും അടുത്തവർഷം ഏറ്റവും മുന്നിലെത്താനുറച്ചാണ് ഓൺലൈൻ ക്ലാസുകളും അനുബന്ധ പഠന പ്രവർത്തനങ്ങളും സജീവമായി പുരോഗമിക്കുന്നത്. 
 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കിയ വിവിധ കർമപരിപാടികളാണ് വിജയശതമാനം വർധിക്കാൻ വഴിയൊരുക്കിയത്. സമഗ്രശിക്ഷ കേരളയും ഡയറ്റും തദ്ദേശസ്ഥാപനങ്ങളും ഇതിന് പിന്തുണയേകി. ജില്ലാ പഞ്ചായത്തിന്റെ ഏബിൾ 2 വിജയോത്സവം പദ്ധതി നടപ്പാക്കിയ 42 സർക്കാർ സ്‌കൂളുകളിൽ 32ഉം നൂറുമേനി വിജയം നേടി. ജില്ലയിൽ ആകെ 190 സ്‌കൂളുകൾ നൂറുശതമാനം വിജയവും 1851 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസും നേടി.
  പുതിയ അധ്യയന വർഷത്തിൽ ജില്ലയിൽ ഇതുവരെ പത്താം ക്ലാസിൽ പ്രവേശനം നേടിയിട്ടുള്ള എല്ലാ വിദ്യാർഥികളുടെയും പങ്കാളിത്തം ഓൺലൈൻ ക്ലാസുകളിൽ  ഉറപ്പാക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ ജെ പ്രസാദും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി ആർ ഷൈലയും പറഞ്ഞു. ആദ്യഘട്ടത്തിൽ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന 2500ഓളം വിദ്യാർഥികൾക്കാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് വീടുകളിൽ സംവിധാനങ്ങളില്ലാതിരുന്നത്. വിവിധ മേഖലകളിൽനിന്നുള്ളവരുടെ സഹകരണത്തോടെ ഇവരിൽ ഏറെപ്പേർക്കും പഠനോപാധികൾ ലഭ്യമാക്കി. സർക്കാർ വകുപ്പുകൾ, -സ്വകാര്യ സ്ഥാപനങ്ങൾ, രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധ, സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർ ഇതിൽ പങ്കാളികളായി. 
  വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകൾ കാണാൻ വീടുകളിൽ സൗകര്യമില്ലാതിരുന്ന കുട്ടികൾക്കായി ജില്ലയിൽ 145 പൊതുകേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ സജ്ജമാക്കിയത്. സ്വന്തമായി പഠനോപാധികൾ ലഭിച്ചതോടെ ഈ കേന്ദ്രങ്ങളിൽ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു. നിലവിൽ 16 പൊതുപഠന കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. നാനൂറോളം പേർക്കു മാത്രമാണ് പഠനോപാധികൾ വിതരണം ചെയ്യാനുള്ളത്.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top