25 August Sunday
വിദ്യാർഥി കനിവ‌് തേടുന്നു

"ഒരിക്കൽ അവൻ എഴുന്നേൽക്കും, നമുക്കൊപ്പം നടക്കും'

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

രണ്ടര വര്ഷം മുമ്പ് ബസ്സിൽ തലയിടിച്ചു വീണ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ അർജുൻ അമ്മ

 കോട്ടയം

എല്ലാ കൗമാരക്കാരെയും പോലെ അർജുനും ഓടി നടന്ന‌ിരുന്നു.  ഒരപകടം അവനെ കിടക്കയിലേക്ക‌് തള്ളുന്നതുവരെ. ഇപ്പോൾ രണ്ടര വർഷം പിന്നിടുന്നു. ആരുവന്നാലും വീടിന്റെ തിണ്ണയിലുള്ള കട്ടിലിന്റെ ഓരം ചേർന്ന‌് കിടന്ന‌് അർജുൻ കൗതുകത്തോടെ നോക്കും. വരുന്നവർ തന്നെ തിരിച്ച‌് ജീവിതത്തിലേക്ക‌് കൈപിടിച്ചുയർത്തുമെന്ന പ്രതീക്ഷയിൽ.  
 
 
  തിരുവാർപ്പ് ചാത്തൻകോട് ബൈജു, പ്രീത ദമ്പതികളുടെ രണ്ട‌് മക്കളിൽ മൂത്തവനാണ‌് അർജുൻ. സ്കൂളിൽനിന്നുള്ള വിനോദയാത്രക്കിടെ ബസ‌ിന്റെ സഡൻബ്രേക്ക് തകർത്തതാണ‌് ആ ജീവിതം. 2016 നവംബറിലായിരുന്നു അത‌്. കാഞ്ഞിരത്തെ സ‌്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ മൈസൂരുവിലേക്ക‌് ടൂർ പോയി തിരിച്ച‌് വരികയായിരുന്നു. ബസ് പാലായിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി സഡൻ ബ്രേക്ക് ചെയ്തു. ഈ സമയം പാട്ടും നൃത്തവുമായി നിന്ന വിദ്യാർഥികൾ കൂട്ടത്തോടെ ബസിനുള്ളിൽ വീണു. ഇവരിൽ അർജുനും ഉണ്ടായിരുന്നു. എന്നാൽ ആ വീഴ്ചയിൽ നിന്ന് അർജുന‌് മാത്രം എഴുന്നേൽക്കാനായില്ല. സംഭവം നടന്ന ഉടൻ പാലായിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴും അർജുൻ വിറച്ചുകൊണ്ടിരുന്നു. തലച്ചോറിനായിരുന്നു ക്ഷതം. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരസഹായത്തോടെ എണീറ്റ് നിൽക്കാമെന്നായപ്പോൾ വീട്ടിലെത്തി. സംഭവം നടന്ന‌് ആറ‌് മാസം വരെ പരസഹായത്തോടെ നടന്ന അർജുൻ പിന്നീട‌് പൂർണമായും കിടപ്പിലായി. അധികം താമസിയാതെ സ്ഥിതി വഷളായി. വീണ്ടും മെഡിക്കൽ കോളേജിലേക്ക‌്. മാസങ്ങൾ നീണ്ട ചികിത്സ. എന്നിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനിടെ എസ്എസ‌്എൽസി പരീക്ഷയെഴുതിയ അർജുൻ 74 ശതമാനം മാർക്ക് വാങ്ങി വിജയിച്ചു. 
പക്ഷേ തുടർപഠനം സാധിച്ചില്ല. ചികിത്സയ‌്ക്ക‌് വീട‌് പണയപ്പെടുത്തി. 
 അമ്മ പ്രീത മകനെഴുന്നേൽക്കുന്ന പ്രതീക്ഷയിൽ എപ്പോഴും ഒപ്പമുണ്ട‌്. വെല്ലൂർ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിക്കുന്നത‌്. ഇതിന‌് അഞ്ച‌് ലക്ഷം രൂപയെങ്കിലുമാകും. പെയിന്റിങ‌് തൊഴിലാളിയായ ബൈജുവിന്റെ വരുമാനമേ കുടുംബത്തിനുള്ളൂ. സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അമ്മ പ്രീതാമോളുടെ പേരിൽ എസ‌്ബിഐ തിരുവാർപ്പ‌് ശാഖയിലുള്ള അക്കൗണ്ടിലേക്ക‌് സഹായങ്ങൾ അയക്കാം. അക്കൗണ്ട‌് നമ്പർ: 67344989482. ഐഎഫ‌്എസ‌്സി കോഡ‌്: SBIN 0070223. ഫോൺ: 9188823516.
 
 
പ്രധാന വാർത്തകൾ
 Top