14 May Friday

യുഡിഎഫ്‌ പരാജയം; ജില്ലാ കോൺഗ്രസ്‌ നേതൃത്വത്തിൽ ഭിന്നത പുകയുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021
കോട്ടയം
നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ യുഡിഎഫിന്റെ ദയനീയ പരാജയത്തിന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമാണ്‌ കോൺഗ്രസ്‌ ക്യാമ്പിൽ നിന്നും ഉയരുന്നത്‌.  പിടിപ്പുകേടു മൂലം ജയിച്ചു കയറാമായിരുന്ന പല സീറ്റുകളിലും പാർടി വൻ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ച ഭാരവാഹികൾ ഒരു പ്രവർത്തനവും നടത്താതെ പ്രസ്താവനയിൽ ഒതുങ്ങി നിന്നെന്നാണ്‌  ഐ ഗ്രൂപ്പ്‌ ആരോപണം. 
ആദ്യമായി ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ മുപ്പതിനായിരത്തിന്‌ മുകളിൽ വോട്ട് നേടിയ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ലീഡ്‌ പതിനെണ്ണായിരമായി കുറഞ്ഞു. അമിതമായി ജോസഫ്‌ ഗ്രൂപ്പിനെ ആശ്രയിച്ചു. ജില്ലയിൽ ഒരു സ്വാധീനവുമില്ലാത്ത അവരെയാണ്‌ ഡിഡിസി കൂടെ നിർത്തിയത്‌. ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തരായ തിരുവഞ്ചൂർ രാധാകൃഷ്‌ണനും, കെ സി ജോസഫും തമ്മിലുള്ള വടംവലിയും വലിയ തിരിച്ചടിയായി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയ്ക്കു പിന്നാലെ ജില്ലാ കോൺഗ്രസിൽ നേതൃത്വത്തിൽ അഴിച്ചു പണി വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന്‌ ദേശീയ നേതൃത്വം അനുകൂല നിലപാടു സ്വീകരിച്ചുവെങ്കിലും സംസ്ഥാന നേതൃത്വം പിന്തിരിപ്പിക്കുകയായിരുന്നു. നിയമസഭാ തെരെഞ്ഞെടുപ്പിലെ തോൽവി കൂടി വന്നതോടെ ഡിസിസി പ്രസിഡന്റും നേതൃത്വവും രാജിവയ്ക്കണം എന്ന ആവശ്യം വീണ്ടും ഉയർന്നിട്ടുണ്ട്‌. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേയാണു ഉമ്മൻചാണ്ടിയുടെ പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തേയ്ക്കു വരുന്നത്. ഇദ്ദേഹത്തിന്റെ തട്ടകമായ വകത്താനത്ത്‌ കോൺഗ്രസിന്‌ വോട്ട്‌ കുറഞ്ഞതും ചർച്ചയായിട്ടുണ്ട്‌. എ ഗ്രൂപ്പ്‌ നേതാക്കൾ തന്നെ പ്രസിഡന്റിനെതിരെ രംഗത്തുണ്ട്‌. എ ഗ്രൂപ്പിന്റെ കൈവശമുള്ള പ്രസിഡന്റ് സ്ഥാനം പിടിക്കാൻ ഐ ഗ്രൂപ്പ്‌ ചരട്‌ വലി ആരംഭിച്ചിട്ടുണ്ട്‌. 
അതേമസയം നിയമസഭാ തെരെഞ്ഞുടുപ്പ്‌ തോൽവിയുടെയും വോട്ട്‌ ചോർച്ചയുടെയും ഉത്തരവാദികൾ ജില്ലയിലെ ഡിസിസി നേതൃത്വമാണെന്നും, പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നും കെ കരുണാകരൻ സ്റ്റഡി സെന്റർ ജില്ലാ ചെയർമാൻ വി കെ അനിൽകുമാർ ആവശ്യപ്പെട്ടു. ഐ ഗ്രൂപ്പ്‌ കാരനാണ്‌ ഇദ്ദേഹം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top