14 May Friday

വീണ്ടും മുന്നണി പ്രവേശത്തിന്‌ 
ശ്രമവുമായി പി സി ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021
കോട്ടയം
പൂഞ്ഞാറിലെ കനത്ത തോൽവിയുടെ ആഘാതം മാറുന്നതിനു മുമ്പേ ഏതെങ്കിലും മുന്നണിയിൽ കയറിപ്പറ്റാനുള്ള ശ്രമവുമായി പി സി ജോർജ്‌. നിയമസഭയിൽ അംഗത്വമോ ഒരു പഞ്ചായത്തിൽ പോലും ഭരണമോ ഇല്ലാതെ പാർടിക്ക്‌ ഇനി നിലനിൽപില്ലെന്ന്‌ മനസിലായപ്പോഴാണ്‌ പുതിയ നീക്കം. യുഡിഎഫിൽ തന്നെ കയറിപ്പറ്റാനാണ്‌ ജോർജിന്റെ ശ്രമം.  അത്‌ നടന്നില്ലെങ്കിൽ എൻഡിഎയിൽ അഭയം പ്രാപിച്ചേക്കും. 
 ഷോൺ ജോർജിലൂടെ നേടിയ ഒരു ജില്ലാപഞ്ചായത്ത്‌ സീറ്റ്‌ മാത്രമാണ്‌ കേരള ജനപക്ഷം പാർടിക്ക്‌ ഇപ്പോൾ കൈമുതലായി ഉള്ളത്‌. മൂന്ന്‌ പഞ്ചായത്തുകളിലായുള്ള ഏഴ്‌ മെമ്പർമാരും രണ്ട്‌ സഹകരണ ബാങ്കുകളുടെ നേതൃത്വവും ഒഴിച്ചാൽ പാർടി എങ്ങുമില്ല.  ഇതുവരെ കിട്ടിയിരുന്ന ജനപിന്തുണ കൂടി നഷ്ടമായതോടെ ജോർജിന്റെ രാഷ്‌ട്രീയഭാവി പരുങ്ങലിലായി. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ യുഡിഎഫിൽ കയറിപ്പറ്റാനുള്ള ജോർജിന്റെ ശ്രമം യുഡിഎഫ്‌ നേതാക്കൾ തടഞ്ഞിരുന്നു. എന്നാൽ, യുഡിഎഫ് ഇപ്പോൾ തകർന്നടിഞ്ഞ സാഹചര്യത്തിൽ വിട്ടുവീഴ്‌ചക്ക്‌ തയ്യാറാകുമെന്നാണ്‌ ജോർജിന്റെ കണക്കുകൂട്ടൽ. കാഞ്ഞിരപ്പള്ളിയിലെ തോറ്റ കോൺഗ്രസ്‌ സ്ഥാനാർഥി ജോസഫ്‌ വാഴയ്‌ക്കനാണ്‌ ജോർജിന്‌ യുഡിഎഫിലേക്കുള്ള പാലം.
  അതേസമയം, ബിജെപിയുമായി പി സി ജോർജ്‌ ഇപ്പോഴും നല്ല ബന്ധത്തിലാണ്‌. തെരഞ്ഞെടുപ്പിനു മുമ്പ്‌ കടുത്ത മുസ്ലിം വിരുദ്ധത പറഞ്ഞുനടന്നതും ഈ പിന്തുണ കിട്ടാനായിരുന്നു. വോട്ടിൽ ഇത്‌ പ്രതിഫലിക്കുകയും ചെയ്‌തു. ബിജെപിയുടെ വോട്ടുകൾ വ്യാപമായി ജോർജിന്‌ ലഭിച്ചു.  എൻഡിഎ സ്ഥാനാർഥിക്കു വേണ്ടിയുള്ള പ്രചാരണത്തിൽ ബിജെപി പ്രവർത്തകൾ ആവേശം കാണിച്ചിരുന്നില്ല. 
   വർഗീയത ഇളക്കിവിട്ട്‌ വോട്ട്‌ പിടിക്കുകയെന്ന അപകടകരമായ തന്ത്രമാണ്‌ ഇത്തവണ പി സി ജോർജ്‌ പയറ്റിയത്‌. വർഗീയ നിലപാട്‌ പരക്കെ വിമർശിക്കപ്പെട്ടെങ്കിലും പിന്തിരിയാൻ അദ്ദേഹം തയ്യാറായതുമില്ല. അതിന്‌ കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്‌തു. തോൽവിയോടെ പാർടിയിലുള്ള ആജ്ഞാശക്തിയും ജോർജിന്‌ നഷ്ടമായി. മകനെ നിയമസഭയിൽ എത്തിക്കുന്നതടക്കം പലതും ജോർജ്‌ പദ്ധതിയിട്ടിരുന്നു. ഇതിനെല്ലാം ഒരു മുന്നണിയിൽ പ്രവേശിച്ചേ മതിയാകൂ എന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top