27 May Wednesday

വരുമോ, വീട്ടിലിരിക്കുന്ന കാലം...

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

 

കോട്ടയം

കോവിഡ്‌ 19 എന്ന ഭീകരൻ ലോകത്തെ തന്നെ മാറ്റിമറിക്കുകയാണ്‌. ഇതുവരെയുള്ള എല്ലാ ശീലങ്ങളും മനുഷ്യൻ ഒറ്റയടിക്ക്‌ മാറ്റി; പഴയ ലോകമേ അല്ലെന്നു തോന്നുന്ന രീതിൽ. അവയിൽ ഏറ്റവും പ്രധാനമാണ്‌ ജീവിതം വീടുകളിൽ കേന്ദ്രീകരിച്ചത്‌. ജോലിയും പഠനവും പരിശീലനവും –- എല്ലാമെല്ലാം "അറ്റ്‌ ഹോം' എന്ന ഓമനപ്പേരോടെ മുറിക്കുള്ളിലായി. സാങ്കേതികവിദ്യയുടെ വളർച്ചക്കൊപ്പം ഈ കൊറോണക്കാലം അത്തരമൊരു സംസ്‌കാരത്തിലേക്ക്‌ നീങ്ങുകയാണെന്നതിന്റെ സൂചനകളാണെങ്ങും. മഹാമാരി മാറിയാലും ഇനി പലതും വീടുകളിലേക്ക്‌ പറിച്ചുനട്ടേക്കാം. ജോലിയും പഠനവും, എന്തിനേറെ മത ചടങ്ങുകൾ വരെ ഓൺലൈനിലായി. നഗരത്തിലെ തിരക്ക്‌ കുറയും. അന്തരീക്ഷ മലനീകരണം, വാഹനാപകടങ്ങൾ, യാത്രാ ചെലവ്‌, ജനത്തിരക്ക്‌ –- എല്ലാമെല്ലാം കുറയാം. ഓഫീസ്‌ എന്നത്‌ സങ്കൽപം മാത്രമായാൽ നേട്ടങ്ങളുടെ കണക്ക്‌ ഇനിയും ഒരുപാടുണ്ട്‌.

 

ജില്ലയിലെ പ്രമുഖ പരിശീലന കേന്ദ്രം ഓൺലൈൻ പരീക്ഷ നടത്താൻ സോഫ്‌റ്റ്‌വെയർ ഉണ്ടാക്കിയപ്പോൾ കൊറോണയൊന്നും മുൻകൂട്ടി കണ്ടിരുന്നില്ല. ഇപ്പോൾ പല പരീക്ഷകളും അവർ ഓൺലൈനായി നടത്തി. പഴയ സോഫ്‌റ്റ്‌വെയർ ഇതിനായി ഒന്ന്‌ വികസിപ്പിച്ചു. തുടർന്നങ്ങോട്ട്‌ ഈ രീതി പരമാവധി ഉപയോഗപ്പെടുത്താനുള്ള ആലോചകൾ തുടങ്ങിക്കഴിഞ്ഞു. 

  "ഇ ലോക'വുമായി ഇണങ്ങിക്കഴിഞ്ഞ വിദ്യാർഥി സമൂഹത്തെ ഓണലൈനായി പരിശീലിപ്പിക്കാൻ ഒരു പ്രയാസവുമില്ലെന്ന്‌ അധ്യാപകർ തന്നെ പറയുന്നു. പാഠങ്ങൾ വാട്‌സാപ്പിൽ ലഭ്യമാക്കാം. പ്രോജക്ടുകൾ വീഡിയോകളായി അയക്കാം. ജില്ലയിൽ സ്‌കൂളുകൾ പൂട്ടിയപ്പോൾ ചിലയിടങ്ങളിൽ അധ്യാപകർ വാട്‌സ്‌ആപ്പിലൂടെ ക്ലാസ്‌ എടുത്തിരുന്നു. പക്ഷേ ഇതൊന്നും സ്‌കൂളിനു പകരമാവില്ലെങ്കിലും പ്രൊഫഷണൽ മേഖലയിലും ഹ്രസ്വകാല കോഴ്‌സിലും ഈ പരീക്ഷണം പരമാവധി നടപ്പാക്കാൻ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. അഞ്ചോ ആറോ മാസത്തെ കോഴ്‌സുകൾ പരമാവധി ഓൺലൈനിലാക്കുകയാണ്‌ ലക്ഷ്യം. ഇതുവഴി കൂടുതൽ പഠിതാക്കളെ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്‌. കൊറോണക്കാലത്തു തന്നെ അഡ്‌മിഷൻ നടത്തി അവരെ ഇതിന്‌ സജ്ജരാക്കുകയാണ്‌ ലക്ഷ്യം. നിരവധി വിദ്യാർഥികളുടെ പഠനം ഇതുവഴി വീടുകൾക്കുള്ളിലാകും. ഓൺലെൻ പഠനത്തിന്‌ സമയപരിധില്ലെന്നതാണ്‌ മറ്റൊരു പ്രത്യേകത. ഏതു സമയത്തും പഠിക്കാം; ഏതു പാതിരായ്‌ക്കും അധ്യാപകരോട്‌ സംശയങ്ങൾ ചോദിക്കാം.

പ്രധാന വാർത്തകൾ
 Top