28 May Thursday

എൽഡിഎഫ്‌ ഇടപെട്ടു; നഗരസഭ ഭക്ഷണം വെട്ടിച്ചുരുക്കില്ല

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

 

 
കോട്ടയം
കമ്യൂണിറ്റി കിച്ചണിൽനിന്ന്‌ വിതരണംചെയ്യുന്ന ഭക്ഷണം വെട്ടിക്കുറച്ച വിവാദ തീരുമാനത്തിൽനിന്ന്‌ കോട്ടയം നഗരസഭ പിന്നോട്ട്‌. എൽഡിഎഫ്‌ കൗൺസിലർമാർ നടത്തിയ ചർച്ചയിൽ ആവശ്യക്കാർക്കെല്ലാം ഭക്ഷണമെത്തിക്കാമെന്ന്‌ ചെയർപേഴ്‌സൺ ഡോ. പി ആർ സോന സമ്മതിച്ചു. ആവശ്യക്കാരുടെ വിവരങ്ങൾ കൗൺസിലർമാർ നൽകണം. 
നഗരസഭാ പരിധിയിൽ മൂന്ന്‌ കമ്യൂണിറ്റി അടുക്കളകൾ മാത്രമേയുള്ളൂ. ഇത്‌ പര്യാപ്‌തമല്ലെന്ന്‌ കൗൺസിലർമാർ ചെയർപേഴ്‌സണെ അറിയിച്ചു. അതിനിടയിലാണ്‌ കാർത്തിക ഓഡിറ്റോറിയത്തിലെ ഭക്ഷണം കുറയ്‌ക്കാൻ തീരുമാനമെടുത്തത്‌. ഇതുമൂലം വെള്ളിയാഴ്‌ച പലർക്കും ആഹാരം ലഭിച്ചിരുന്നില്ല. ഫണ്ട്‌ കുറവാണെന്ന ചെയർപേഴ്‌സന്റെ ന്യായീകരണം തെറ്റാണെന്ന്‌ തെളിഞ്ഞിരുന്നു. തനത്‌ ഫണ്ട്‌ 5.9 കോടി രൂപ നഗരസഭയുടെ പക്കലുണ്ട്‌. എന്നാൽ ഇതിന്‌ മറ്റാവശ്യങ്ങളുണ്ടെന്ന്‌ ചെയർപേഴ്‌സൺ പറയുന്നു. അതിഥി തൊഴിലാളികൾക്ക്‌ സ്വന്തമായി ഭക്ഷണം പാകംചെയ്യാനുള്ള സാമഗ്രികൾ നൽകിയതിനാൽ അവർക്ക്‌ ഭക്ഷണപ്പൊതി നൽകേണ്ടതില്ലെന്നാണ്‌ ചെയർപേഴ്‌സന്റെ നിലപാട്‌. എന്നാൽ അഞ്ഞൂറോളം തൊഴിലാളികൾക്കേ ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങൾ നൽകിയിട്ടുള്ളൂ. വെട്ടിക്കുറച്ച പൊതികളുടെ എണ്ണം അതിന്റെ ഇരട്ടിയിലേറെയാണ്‌.
നഗരത്തിൽ ആരും പട്ടിണി കിടക്കാതിരിക്കാൻ നഗരസഭയ്‌ക്ക്‌ ബാധ്യതയുണ്ടെന്നും ആ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും എൽഡിഎഫ്‌ ആവശ്യപ്പെട്ടു. ഇതുപ്രകാരം കാർത്തികയിലെ ഉൽപാദനം കുറയ്‌ക്കേണ്ടെന്ന്‌ തീരുമാനിച്ചു. ആയിരത്തിലധികം പൊതികൾ നൽകിയിരുന്ന കാർത്തികയിൽ 250 എണ്ണമായാണ്‌ കുറച്ചത്‌. ഇനിമുതൽ ആവശ്യമനുസരിച്ച്‌ ഇവിടെ ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യാൻ തീരുമാനമായി. സിപിഐ എം ഏരിയ സെക്രട്ടറി ബി ശശികുമാർ, നഗരസഭാംഗങ്ങളായ സി എൻ സത്യനേശൻ, അരുൺ ഷാജി, കെ കെ ശ്രീമോൻ, ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ സെക്രട്ടറി എസ്‌ ബിനോയി എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top