22 October Tuesday

വിജയരഥത്തിൽ വിദ്യാർഥികളുടെ മഹാസംഗമം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

എസ്എഫ്ഐ പാലായിൽ നടത്തിയ മഹാസംഗമം ഉദ്ഘാടനം ചെയ്യാൻ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വേദിയിലേക്ക് എത്തുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ സമീപം

 പാലാ

കോട്ടയത്തെ കലാലയങ്ങളിലൊന്നാകെ വിജയരഥം തെളിച്ചെത്തിയ എസ‌്എഫ‌്ഐയുടെ മഹാമുന്നേറ്റം പാലായിലും അലയടിച്ചു. വലതുപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും നിരന്തരമുള്ള 
വേട്ടയാടലിനെ അതിജീവിച്ച‌് കേരളമാകെ മുന്നേറിയ എസ‌്എഫ‌്ഐ, ജില്ലയിൽ കരുത്തുകാട്ടിയതിന്റെ വിജയകാഹളമാണ‌് പാലായെ ത്രസിപ്പിച്ചത‌്.   
  ജില്ലയിലെ 38 ക്യാമ്പസുകളിലും എസ്‌എഫ്‌ഐക്ക‌് വൻ വിജയം സമ്മാനിച്ച പ്രതിഭകളെ സ്വീകരിക്കാൻ ‘ചരിത്രവിജയങ്ങളുടെ മഹാസംഗമം’ എന്ന പേരിൽ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്കായിരുന്നു വിദ്യാർഥികളുടെ പടയണി. കൊട്ടാരമറ്റം ബസ‌്സ‌്റ്റാൻഡിനു സമീപത്തുനിന്ന‌് ളാലം പാലം ജങ‌്ഷനിലെ വേദിയിലേക്ക‌് നയിച്ച റാലിയിൽ ആയിരക്കണക്കിന‌് വിദ്യാർഥികൾ അണിനിരന്നു. വാദ്യമേളങ്ങളും വനിതകൾ നയിച്ച ശിങ്കാരിമേളവും ഓണത്തെ വരവേറ്റ‌് മാവേലിയും ഒപ്പം ചേർന്നപ്പോൾ റാലിയുടെ ആഘോഷപ്പൊലിമ പതിന്മടങ്ങായി. മുദ്രാവാക്യം വിളിച്ച‌് മുന്നേറിയ നൂറുകണക്കിന‌്  വിദ്യാർഥിനികളുടെ പങ്കാളിത്തവും പാലാ നഗരത്തിന‌് ആവേശക്കാഴ‌്ചയായി. ഇടയ‌്ക്കിടെ പെയ‌്ത മഴക്കും പോർവീര്യത്തെ തളർത്താനായില്ല.
   സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ മഹാസമ്മേളനം ഉദ്‌ഘാടനംചെയ‌്തു. 38 കോളേജ‌് യൂണിയനുകൾക്കുമുള്ള ഉപഹാരം അദ്ദേഹം വിതരണംചെയ‌്തു. സിപിഐ എം ജില്ലാസെക്രട്ടറി വി എൻ വാസവൻ, ജില്ലാസെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ‌്, എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പൻ,  എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ 
വി എ വിനീഷ്‌, സംസ്ഥാന ജോയിന്റ‌് സെക്രട്ടറി കെ എം അരുൺ, സംസ്ഥാന വൈസ‌് പ്രസിഡന്റ‌് എം എസ‌് ശരത‌് എന്നിവർ സംസാരിച്ചു. എസ്‌എഫ്‌ഐ ജില്ലാപ്രസിഡന്റ്‌ ജസ്‌റ്റിൻ ജോസഫ‌് അധ്യക്ഷനായി. സെക്രട്ടറി എം എസ്‌ ദീപക്ക‌് സ്വാഗതവും സംസ്ഥാനകമ്മിറ്റിയംഗം എൻ ആർ വിഷ‌്ണു നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top