29 May Friday
കാഞ്ഞിരംകുളം കോളനിയില്‍

ചക്കയും തേങ്ങയുമായി കുറവിലങ്ങാട് പൊലീസ്

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

 കുറവിലങ്ങാട്

ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് വാഹനം കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനിക്കുള്ളിലേക്ക് എത്തിയപ്പോൾ ആദ്യമൊന്ന്‌ അമ്പരന്നെങ്കിലും പിന്നീട്‌ ആഹ്ലാദമായി. ജീപ്പിനുപിന്നാലെ തേങ്ങയും ചക്കയും കയറ്റിയ പിക്അപ് ലോറി എത്തി. 
ലോക്ഡൗണായതിനാൽ ജോലിക്കുപോകാതെ ദിവസങ്ങളായി ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക്‌ സാധനങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നതി നാണ് വന്നതെന്ന്‌ വാഹനത്തിൽ നിന്നിറങ്ങിയ കുറവിലങ്ങാട് എസ്ഐ ടി ആർ ദീപു, അഡിഷണൽ എസ് ഐ എസ് കെ സജിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ളസംഘം  അറിയിച്ചു. 
കോളനിയിലെ 65 വീടുകളിലേക്കുമായി 250 തേങ്ങകളും കുറച്ചുചക്കകളുമായിട്ടാണ് പൊലീസ് എത്തിയത്. ഒരു വീട്ടിൽനിന്നും ഒരാൾ വീതം വന്ന് തിരക്കുകൂട്ടാതെ ഇത് വാങ്ങണമെന്ന്‌ അറിയിച്ചപ്പോൾ അവരുടെ മുഖങ്ങളിൽ പ്രകാശം വിടർന്ന പുഞ്ചിരി. മൂന്നും നാലും തേങ്ങകളും ചക്കയും അവർക്ക്‌ നൽകി. ചക്ക കൊണ്ടുപോകുന്നവർ മുറിച്ച് അയൽവാസികൾക്കുകൂടി നൽകണമെന്ന്‌ പൊലീസിന്റെ നിർദേശം. 
റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ മോനിപ്പള്ളി കുന്നക്കാട്ട് സ്റ്റീഫനാണ് വിതരണത്തിനുള്ള തേങ്ങയും ചക്കയും പൊലീസിനെ ഏൽപ്പിച്ചത്. കോഴായിലുള്ള തന്റെ സഹോദരിയുടെ പുരയിടത്തിലെ ഉൽപ്പന്നങ്ങളാണ്‌ ഇവ. അയൽവാസി രേവതിഭവനിൽ വിജയൻനായർ സ്വന്തം പിക്അപ് വാൻ ലോഡ് എത്തിക്കാനായി സൗജന്യമായി വിട്ടുനൽകി. കോഴായിലെ പുരയിടത്തിൽ നിന്നും തേങ്ങയിട്ടതും വാരിക്കൂട്ടിയതും ലോഡ് ചെയ്തതുമെല്ലാം എഎസ്ഐ വർഗീസ് കുരുവിള, സിവിൽ പൊലീസ് ഓഫീസർമാരായ കെ ആർ ജിനു, എം എസ് അരുൺ, അജേഷ്, ഷാജി എന്നിവരായിരുന്നു. അരച്ചുകൂട്ടാൻ തേങ്ങയില്ലാതെ വിഷമിച്ചിരുന്നപ്പോഴാണ് തേങ്ങയുമായി പൊലീസ് എത്തിയതെന്ന് കോളനിനിവാസികൾ പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top