23 April Friday

ഉറപ്പാണ്‌; ഇനിയും മാറും

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

കോട്ടയം ജനറൽ ആശുപത്രി

 കോട്ടയം

‘ഞാനും സർക്കാരിന്റെ ഭാഗമായി. അങ്ങനെ ഒന്ന്‌ അനുഭവിച്ചറിയുന്നത് 64 വയസിനിടെ  ഇതാദ്യമാണ്‌... എന്നെപ്പോലുള്ളവർക്ക്‌ ഇത്‌ വലിയ‌ അഭിമാനം തോന്നുന്ന ഒന്നാണ്‌. ആശുപത്രി സൗകര്യങ്ങളും റോഡുകളും എത്രയോ മെച്ചപ്പെട്ടു...’ പുതുപ്പള്ളി മൂലേക്കളം ബേബിയുടേതാണീ വാക്കുകൾ. 
"എൽഡിഎഫ്‌ സർക്കാരിന്റെ വികസനപദ്ധതികൾ എല്ലാം എടുത്തുപറയത്തക്കതാണ്. സ്‌കൂൾ, റോഡ്, ആശുപത്രി എന്നുവേണ്ട സമസ്തമേഖലയിലും വികസനമുണ്ടായി. മുടങ്ങിക്കിടന്ന പല പദ്ധതികളും പൂർത്തിയാക്കി.' പറയുന്നത്‌ മറ്റാരുമല്ല, ജസ്‌റ്റിസ്‌ കെ ടി തോമസ്‌‌. നാടിന്റെ ചലനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നയാൾ‌. 
സർക്കാർ സംവിധാനം പ്രതിരോധകാലത്തും പ്രതിസന്ധികളിലും മാത്രമല്ല നാട്‌ കണ്ടതും അനുഭവിച്ചതും. പദ്ധതികളെല്ലാം വീടുകളിലെത്തി സർക്കാർ വീട്ടകമായി മാറിയ യാഥാർഥ്യം മുമ്പെങ്ങും ഉണ്ടായിട്ടില്ല.  കോട്ടയത്തു കൂടി സഞ്ചരിച്ചാൽ എന്തൊക്കെ വികസനങ്ങളാണ്‌ കാണാൻ സാധിക്കുക? എന്താണ്‌ അവയെക്കുറിച്ച്‌ നാട്ടുകാർക്ക്‌ പറയാനുള്ളത്‌? 
 
ഉമ്മൻചാണ്ടി പഠിച്ച സ്‌കൂളാണ്‌, 
പക്ഷേ...
യാത്ര പുതുപ്പള്ളിയിലേക്ക്‌. അവിടത്തെ ഏറ്റവും വലിയ സർക്കാർ സ്‌കൂളിൽ തന്നെ ആദ്യം കയറി. സെന്റ്‌ ജോർജ്‌ ഗവ. വിഎച്ച്‌എസ്‌എസ്.‌ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പഠിച്ച സ്‌കൂൾ‌. പക്ഷേ അവിടെ പുരോഗതി എത്താൻ എൽഡിഎഫ്‌ സർക്കാർ വരേണ്ടിവന്നു.
 1917ൽ തുടങ്ങിയ സ്‌കൂളാണ്‌. കാര്യമായ പുരോഗതി ഉണ്ടാകാതെ കിടക്കുകയായിരുന്നു. അഞ്ചുകോടി രൂപ മുടക്കി പുതിയ കെട്ടിടമാണ്‌ ഇവിടെ ഒരുങ്ങിയിരിക്കുന്നത്‌. അമ്പത്‌ ക്ലാസ്‌ മുറികളും സയൻസ്‌ ലാബുമെല്ലാം ഇവിടെയുണ്ടാകും. 
  "സ്‌കൂൾ മെച്ചപ്പെട്ടപ്പോൾ ഏതാനും വർഷമായി കുട്ടികളുടെ വരവ്‌ കൂടി'‌ –- പ്രധാനാധ്യാപകൻ വി കെ വിജയൻ പറഞ്ഞു. 
അൺ എയ്‌ഡഡ്‌ സ്‌കൂളുകൾക്ക്‌ കോട്ടയം ജില്ലയിൽ പൊതുവേ ആധിപത്യമുണ്ട്‌. എന്നാൽ ആ സ്ഥാനത്ത്‌ ഇപ്പോൾ സർക്കാർ വിദ്യാലയങ്ങൾ വരികയാണെന്ന എൽഡിഎഫ്‌ സർക്കാരിന്റെ അവകാശവാദം അടിവരയിടുന്നതാണ്‌ ഈ വാക്കുകൾ. "സൗകര്യങ്ങൾ വർധിച്ചപ്പോൾ കുട്ടികൾ കൂടുന്നുണ്ട്‌. പുതുപ്പള്ളിയിലെ ഏറ്റവും നല്ല സ്‌കൂളായി ഇത്‌ മാറാൻ പോകുകയാണ്‌.'
 
ആശുപത്രി, സൂപ്പറാ
കോട്ടയം ജനറൽ ആശുപത്രിയിൽനിന്നാണ്‌ യാത്ര തുടങ്ങിയത്‌. അഞ്ചു കൊല്ലം മുമ്പുള്ള ആശുപത്രിയല്ലെന്ന്‌ ഒറ്റ നോട്ടത്തിൽ മനസിലാകും. പുതിയ ഒപി, ഇരിപ്പിടങ്ങൾ, ചികിത്സാ സൗകര്യങ്ങൾ എല്ലാമുണ്ട്‌ ഇവിടെ.‌ അടുത്തിടെ പണിതീർത്ത ഭാഗങ്ങൾ കണ്ടാൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി പോലെ. കൂടാതെ 210 കോടി രൂപയുടെ 10 നില കെട്ടിടമാണ്‌ ഇവിടെ ഉയരുന്നത്‌. 
 "പണ്ട്‌ ഇവിടെ ആവശ്യത്തിന്‌ സ്ഥലം പോലുമില്ലായിരുന്നു. ഇപ്പോൾ ഒന്നുകൂടി വിശാലമായി' –- മെഡിക്കൽ ഓഫീസർ ഇൻ ചാർജ്‌ ഡോ. അജിത്‌ പറഞ്ഞു. ഏറെ ആവേശത്തോടെ ആശുപത്രിയിലെ സൗകര്യങ്ങൾ ഓരോന്നായി അദ്ദേഹം ഞങ്ങളെ കാണിച്ചു. പുതിയ ഐപി ബ്ലോക്കാണ്‌‌ പണിയാനിരിക്കുന്നത്‌. സിടി സ്‌കാനും ഡിജിറ്റൽ എക്‌സ്‌റേയും മാമോഗ്രാമും ഇപ്പോൾ ഇവിടെയുണ്ട്‌. രണ്ടു വർഷമായി താക്കോൽദ്വാര ശസ്‌ത്രക്രിയ നടക്കുന്നു‌. മുട്ടുമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ മുമ്പ്‌ ഇവിടെ അപൂർവമായിരുന്നു. ഇപ്പോൾ പതിവായി നടത്താറുണ്ട്‌.
 രോഗികളുടെ അഭിപ്രായം കൂടി കേൾക്കണ്ടേ.... ഓർത്തോ വിഭാഗത്തിലേക്കാണ് ആദ്യം‌ ചെന്നത്‌. പിറവം സ്വദേശിയായ വിനായക്‌ പ്രഭാകറിന്‌‌ പറയാനുള്ളത്‌ ഇതാണ്‌: "ഇവിടെ നല്ല ചികിത്സയാണെന്ന്‌ അറിഞ്ഞിട്ടാണ്‌ ഇങ്ങോട്ട്‌ വന്നത്‌. എല്ലാ സൗകര്യങ്ങളുമുണ്ട്‌. ജീവനക്കാരും ഡോക്ടർമാരും നല്ല പെരുമാറ്റം.'
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top