23 January Wednesday

ഹരിതകേരളം: ജനകീയ യജ്ഞത്തില്‍ പങ്കാളികളാകുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

 കോട്ടയം > ഹരിതകേരളത്തിനായുള്ള ജനകീയ യജ്ഞത്തില്‍ ഏവരും പങ്കാളികളാകണമെന്ന് സിപിഐ എം ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഹരിത സമൃദ്ധിയുടെ നാടായിരുന്ന കേരളത്തില്‍ കടുത്ത വരള്‍ച്ചയും പകര്‍ച്ചവ്യാധികളും ഇതര പാരിസ്ഥിതിക വെല്ലുവിളികളും ശക്തിപ്പെടുന്നു. കാര്‍ഷിക തകര്‍ച്ചയും കുടിവെള്ളക്ഷാമവും കൈത്തൊഴില്‍ മേഖലയിലെ പ്രതിസന്ധികളും ഇതിന്റെ പ്രത്യാഘാതങ്ങളാണ്. തരിശിടങ്ങള്‍ വര്‍ധിക്കുന്നത് കര്‍ഷകരുടെയും തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാക്കി.

  വേമ്പനാട്ട് കായല്‍ ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളി നേരിടുന്നു. ആഗോളവല്‍ക്കരണത്തിന്റെ പതാകയേന്തിയ മൂലധനശക്തികള്‍ അവതരിപ്പിക്കുന്ന വികസന മാതൃക പ്രകൃതിയെ തകര്‍ത്ത് ലാഭം കൊയ്യുന്നതാണ്. പഞ്ചനക്ഷത്ര ടൂറിസം വളരുമ്പോള്‍ ലഭിക്കുന്ന തൊഴിലിന്റെ നിരവധി മടങ്ങ് തൊഴില്‍ ഇതുമൂലം പരമ്പരാഗത തൊഴിലാളികള്‍ക്ക് നഷ്ടമാകുന്നു. നെല്‍പാടങ്ങള്‍ നികത്തുന്നതിനും മലകള്‍ ഇടിക്കുന്നതിനും ജലാശയങ്ങള്‍ കൈയേറുന്നതിനും വലതുപക്ഷ സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കിയത്. പിന്നീടുവന്ന പിണറായി സര്‍ക്കാര്‍ മെത്രാന്‍ കായലില്‍ കൃഷി വീണ്ടെടുത്തതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഇച്ഛാശക്തി പ്രകടിപ്പിച്ച് മുന്നോട്ടുപോകുന്നു. 
കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനത്തെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഹരിതകേരള മിഷന്‍ രൂപീകരിച്ചത്. ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, മാലിന്യസംസ്കരണം തുടങ്ങിയ മേഖലകളില്‍ വന്‍ജനപങ്കാളിത്തം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങള്‍ വഴി മിഷന്‍ ലക്ഷ്യമിടുന്നത്. പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള ആര്‍ദ്രം പദ്ധതിയും ഇതിന്റെ ഭാഗമാണ്. നദികളും തോടുകളും ഇതര ജലസ്രോതസുകളും വീണ്ടെടുക്കുക, അവയെ പുനഃസംയോജിപ്പിക്കുക, ജലലഭ്യത വര്‍ധിപ്പിക്കാന്‍ മഴക്കുഴികള്‍, കിണര്‍ റിച്ചാര്‍ജിങ്, തരിശുനിലം കൃഷിയോഗ്യമാക്കല്‍, ജൈവകൃഷി ഉള്‍പ്പെടെയുള്ള പുരയിടകൃഷി, ഉറവിട മാലിന്യസംസ്കരണം, പ്ളാസ്റ്റിക് മാലിന്യനിര്‍മാര്‍ജനം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങണമെന്നും എല്ലാ ഘടകങ്ങളോടും സമ്മേളനം ആവശ്യപ്പെട്ടു. 
2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസനപദ്ധതിയാണ് ഉത്തരവാദിത്വ ടൂറിസം. ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ച പദ്ധതി പരിസ്ഥിതിയെ തകര്‍ക്കുന്ന പഞ്ചനക്ഷത്ര ടൂറിസത്തിന് ബദലായി പ്രാദേശിക ജനതയുടെ കൃഷി, തൊഴില്‍ എന്നിവ നിലനിര്‍ത്തി അവരുടെ കല, ജീവിതം, സംഗീതം എന്നിവ വികസിപ്പിക്കുകയാണ് ലക്ഷ്യം. പിണറായി സര്‍ക്കാരും ഇതിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. വൈക്കം കേന്ദ്രീകരിച്ച് ആരംഭിച്ച 'പെപ്പര്‍ ടൂറിസം' പദ്ധതി ഈ നിലയ്ക്കുള്ള ചുവടുവയ്പ്പാണ്. 
വേമ്പനാട്ട് കായലിന്റെ കിഴക്കെ കരയിലെ പ്രദേശങ്ങളെയും ജലസ്രോതസുകളെയും കൂട്ടിയിണക്കി പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വേമ്പനാട്ട് കായല്‍ ശുചിയാക്കുക, കൈയേറ്റം തടയുക, കായലിലേക്ക് ഒഴുകിയെത്തുന്ന മീനച്ചിലാര്‍, കൊടൂരാര്‍, മൂവാറ്റുപുഴയാര്‍ എന്നിവയെ കൂട്ടിയിണക്കി വിശാല ടൂറിസം പദ്ധതികള്‍ക്ക് മുന്‍കൈ എടുക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
 
പ്രധാന വാർത്തകൾ
 Top