കോട്ടയം
അൽഫോൻസാ തീർഥാടനത്തിനൊരുങ്ങി കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടനപള്ളിയും അൽഫോൻസാ ജന്മഗൃഹവും.
ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിലുള്ള തീർഥാടനം ശനിയാഴ്ച നടക്കും. അഞ്ച് ജില്ലകളിലായുള്ള അതിരൂപതയുടെ 18 ഫൊറോനകളിൽനിന്നും തീർഥാടകരെത്തും.
ശനി രാവിലെ 5.30ന് അതിരമ്പുഴ, വെട്ടിമുകൾ, ചെറുവാണ്ടൂർ, കോട്ടയ്ക്കുപുറം എന്നിവിടങ്ങളിൽനിന്ന് അതിരമ്പുഴ മേഖലയുടെ തീർഥാടനവും രാവിലെ 5.45ന് പാറേൽ മരിയൻ തീർഥാടനകേന്ദ്രത്തിൽനിന്ന് ചങ്ങനാശേരി -തുരുത്തി മേഖലകളുടെ തീർഥാടനവും കുടമാളൂർ മേഖലയിലെ വിവിധശാഖകളിൽനിന്നുള്ള തീർഥാടകർ രാവിലെ 6.45ന് പനമ്പാലം സെന്റ് മൈക്കിൾസ് ചാപ്പലിൽ എത്തുന്ന രീതിയിൽ കുടമാളൂർ മേഖലയുടെ തീർഥാടനവും ആരംഭിക്കും.
കോട്ടയം സിഎംഎസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽനിന്ന് രാവിലെ 8.45ന് കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂർ മേഖലകളുടെ തീർഥാടനങ്ങളും പകൽ 12ന് കുറുമ്പനാടം മേഖലയുടെ തീർഥാടനവും ആരംഭിക്കും. ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീർഥാടനം പകൽ 1.30ന് കുടമാളൂർ പള്ളിയിൽ എത്തും. ആലപ്പുഴ, എടത്വ, പുളിങ്കുന്ന്, ചമ്പക്കുളം, മുഹമ്മ മേഖലകളിലെ തീർഥാടകർ മാന്നാനം ആശ്രമപള്ളിയിൽ രാവിലെ 9.45ന് എത്തി കുടമാളൂരിലേക്ക് പദയാത്രയായി നീങ്ങും. അമ്പൂരി, തിരുവനന്തപുരം, കൊല്ലം- ആയൂർ മേഖലകളിൽനിന്നുള്ള തീർഥാടകരും വിവിധ സമയങ്ങളിൽ എത്തും. തീർഥാടകർക്കുള്ള നേർച്ചഭക്ഷണം കുടമാളൂർ ഫൊറോന പള്ളിയിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ ക്രമീകരിച്ചിട്ടുണ്ട്.
മുടിയൂർക്കരപള്ളിക്ക് സമീപം ചാഴികാടൻ റോഡ്, കെഇ സ്‌കൂൾ മൈതാനം, കുടമാളൂർ സെന്റ് ജോസഫ് ചാപ്പൽ ജങ്‌ഷനോട് ചേർന്നുള്ള ഗ്രൗണ്ട്, കുടമാളൂർ –- കുമാരനല്ലൂർ റോഡ് എന്നിവിടങ്ങളിലാണ് പാർക്കിങ് സൗകര്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..