22 August Thursday

വായനയിലേക്ക‌് ‘വാതായനം’ തുറന്ന‌് സ്വന്തം ലേഖകൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

 കോട്ടയം

മലയാളക്കരയാകെ ആഘോഷിക്കുന്ന വായന പക്ഷാചരണത്തിൽ പങ്കുചേരുകയാണ് സിഎംഎസ് കോളേജ് മലയാള വിഭാഗവും. മലയാളം പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും വായന ഒരു പുതുമയല്ലെങ്കിലും അതിനു മാധുര്യം ഏറുന്നത് വായനപക്ഷാചരണം പോലുള്ള ദിനങ്ങളിലാണ്. ഇതിന്റെ ഭാഗമായി മലയാള വിഭാഗത്തിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് നിരവധി പുസ്തകളാണ് ഇതിനോടകം വായിച്ചത്. വായനപക്ഷാചരണത്തിന്റെ സമാപനമെന്ന നിലയിൽ പുത്തൻ തലമുറയ്ക്ക് പുസ്തലോകത്തേക്ക് അക്ഷരവാതായനം തുറക്കാനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുമാണ് ‘വാതായനം' എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. ചൊവ്വാഴ്ച നടന്ന പരിപാടി കോട്ടയം അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് എ നസിം ഉദ്ഘാടനം ചെയ്തു. വായനപക്ഷാചരണ പരിപാടി എന്തുകൊണ്ട് ഒരു പൊലീസ് മേധാവി ഉദ്ഘാടനം ചെയ്തു എന്ന് ചിലപ്പോൾ തോന്നാം. എന്നാൽ താനതിന് വളരെ യോജിച്ച വ്യക്തിയെണ് തന്റെ ചടുലമാർന്ന വാക്കുകൾ കൊണ്ട് തന്നെ അദ്ദേഹം തെളിയിച്ചു.  വായനയിലേക്കൊരു വാതായനം എന്ന ഉദ്ദേശ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ വിജയവും അതുതന്നെയായിരുന്നു. "പുസ്തകങ്ങൾ ഇല്ലാത്ത മുറി ജനലുകൾ ഇല്ലാത്ത മുറിക്ക് സമമാണ്’  എന്ന പ്രയോഗം പറഞ്ഞാരംഭിച്ച സംസാരം  വായനയുടെ പ്രാധാന്യവും അതിലൂടെ ഉണ്ടാകുന്ന ആത്മവിശ്വാസവും വിദ്യാർഥികൾക്ക് പകർന്നു. പരന്ന വായനക്കപ്പുറം മികച്ച പുസ്തക രചയിതാവും കൂടിയാണ് ഇദ്ദേഹം. "ഹാർഡ് വർക്കും സ്മാർട്ട് വർക്കുമല്ല ശരീരവും മനസ്സും ചിന്തയും ചേർന്ന ഷാർപ്പ് വർക്കാണ് ആവശ്യം " എന്ന വാക്കുകൾ ഏറെ പ്രചോദകമായി. വാതിൽ എന്നർഥം വരുന്ന വാതായനം എന്ന വാക്കിൽ തന്നെ ഒരു വായനയുണ്ടെന്ന കണ്ടെത്തൽ തന്നെയായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. വിദ്യാർഥികളുടെ വായന മത്സരവും സാഹിത്യ പ്രശ്നോത്തരിയും പുസ്തകാവതരണവുമായിരുന്നു മറ്റ് ആകർഷണങ്ങൾ. മലയാള വിഭാഗത്തിലെ തന്നെ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ശ്രദ്ധേയമായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top