15 July Wednesday

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ ദുരൂഹത തുടരുന്നു; പിന്നിൽ പരിചയക്കാരാകാനും സാധ്യത

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
കോട്ടയം > കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മ പാറപ്പാടം ഷാനി മൻസിലിൽ ഷീബയുടെ കൊലപാതകത്തിൽ ദുരൂഹത തുടരുന്നു. കവർച്ചക്കിടെയുള്ള കൊലപാതകമാണെന്ന്‌ ഉറപ്പിക്കാനാവാത്ത അവസ്ഥ. പരിചയമുള്ള ആരെങ്കിലും ചെയ്‌തതാകാമെന്ന സാധ്യതയും പൊലീസ്‌ ഇപ്പോൾ പരിശോധിക്കുന്നുണ്ട്‌. ദമ്പതികളുടെ സാമ്പത്തിക ഇടപാടിന്റെ വിവരങ്ങൾ അന്വേഷിച്ചു വരുന്നു. 
 
അടുപ്പിൽ ചായ വയ്‌‌ക്കാനുള്ള പാത്രങ്ങൾ കണ്ടെത്തിയിരുന്നു. വന്നത്‌ പരിചയക്കാരനാകാനുള്ള സാധ്യതയാണ്‌ ഇത്‌ കാണിക്കുന്നത്‌. അടുപ്പത്ത്‌ പുഴുങ്ങാൻ വച്ചിരുന്ന മുട്ടപ്പാത്രത്തിലെ വെള്ളം വറ്റിയിരുന്നു. വീട്ടിൽനിന്ന്‌ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്‌. അലമാരയും മറ്റും അരിച്ച്‌ പെറുക്കിയിരിക്കുന്നു. അങ്ങനെ കവർച്ചയുടെ ലക്ഷണങ്ങളുമുണ്ട്‌. എന്തുപയോഗിച്ചാണ്‌ തലയ്‌‌ക്കടിച്ചതെന്നും വെട്ടിയതെന്നും ഇനിയും വ്യക്തമായിട്ടില്ല. ഫാനിന്റെ ലീഫ്‌ തൂങ്ങാൻ കാരണം മൃതദേഹം കെട്ടിത്തൂക്കാൻ ശ്രമിച്ചിട്ടാകാം.‌ അതല്ലെങ്കിൽ മർദ്ദിക്കാനുപയോഗിച്ച വസ്‌തു കൊണ്ടതാകാം. ഹാളിലെത്തിച്ചാണ്‌ ഗ്യാസ്‌ സിലിണ്ടർ തുറന്നുവിട്ടിരിക്കുന്നത്‌.
 
സംഭവം നടന്നത്‌ രാവിലെ പത്തോടെ
 
തിങ്കളാഴ്‌ച ഉച്ചക്ക്‌ ശേഷമാണ്‌ സംഭവം നടന്നതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ രാവിലെ പത്തോടെ നടന്നെന്ന്‌ തുടരന്വേഷണത്തിൽ വ്യക്തമായി. വീട്ടിലെ കാറുമായാണ്‌ പ്രതി കടന്നത്‌. ഈ കാർ രാവിലെ 10.45ന്‌ റോഡിലൂടെ പോകുന്നത്‌ അടുത്തുള്ള വീട്ടിലെ സിസിടിവിയിൽ പതിഞ്ഞു.
 
സംഭവം നടന്നത്‌ രാവിലെ 10നും 10.30നും ഇടയിലാണെന്ന്‌ ഇതിൽനിന്ന്‌ ഊഹിക്കാം. എന്നാൽ വിവരം പുറത്തറിയുന്നത്‌ വൈകിട്ട്‌ അഞ്ചിന്‌.കഴുത്തിന്‌ അസുഖമുള്ളതിനാൽ മുഹമ്മദ്‌‌ സാലി അധികമൊന്നും പുറത്തിറങ്ങിയിരുന്നില്ല. സംഭവദിവസം രാവിലെ എട്ടരയോടെ മീൻകാരൻ വന്നപ്പോൾ മീൻവാങ്ങാൻ പുറത്തിറങ്ങിയത്‌ സമീപത്തുള്ളവർ കണ്ടു.
 
അന്വേഷണം മറ്റ്‌ ജില്ലകളിലേക്കും
 
കുറ്റവാളി എറണാകുളത്തേക്കോ ആലപ്പുഴയിലേക്കോ കടന്നതായി സൂചനയുണ്ട്‌. ഇങ്ങോട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഫോറൻസിക്‌ വിഭാഗവും ഡോഗ്‌ സ്‌ക്വാഡും സംഭവസ്ഥലത്ത്‌ പരിശോധന നടത്തി. നായ മണംപിടിച്ച്‌ ഓടി പ്രധാന റോഡിലെത്തി പിന്നീട്‌ കോട്ടയം ഭാഗത്തേക്ക്‌ അര കിലോമീറ്ററോളം ഓടി അറുപുഴ പാലത്തിനടിയിൽ നിന്നു.
 
ഫോറൻസിക്‌ തെളിവുകളും പരിക്കേറ്റ സാലിയുടെ മൊഴിയുമാണ്‌ കേസിൽ നിർണായകം. സാലിക്ക്‌ ഗുരുതരമായ പരിക്കുള്ളതിനാൽ മൊഴി തരാവുന്ന അവസ്ഥയിലല്ല. ഷീബയുടെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടും നിർണായകമാണ്‌.തൊട്ടടുത്ത വീട്ടിൽ ആൾതാമസമില്ല. ഇതിന്റെ ഗേറ്റ്‌ കല്ലുപയോഗിച്ച്‌ ഇടിച്ച്‌ പൊട്ടിച്ച്‌ പൊലീസ്‌ അകത്തുകയറി പരിശോധിച്ചു.
 
ഡിഐജി കാളിരാജ്‌ മഹേഷ്‌കുമാർ സംഭവ സ്ഥലത്തെത്തി. ജില്ലാ പൊലീസ്‌ മേധാവി ജി ജയ്‌ദേവ്‌, ഡിവൈഎസ്‌പി ആർ ശ്രീകുമാർ, ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി ഗിരീഷ്‌ പി സാരഥി, കോട്ടയം വെസ്‌റ്റ്‌ എസ്‌എച്ച്‌ഒ എം ജെ അരുൺ, എസ്‌ഐ ടി ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top