09 July Thursday
ഇതുവരെ പോയത് 9937 പേര്‍

അതിഥി തൊഴിലാളികളുടെ മടക്കം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

 

 
കോട്ടയം 
ജില്ലയിൽനിന്ന്‌ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അതിഥി തൊഴിലാളികളുടെ മടക്കയാത്ര തുടരുന്നു. പശ്ചിമ ബംഗാളിലേക്കുള്ള അഞ്ചാമത്തെ ട്രെയിൻ ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടു. ഹൗറ സ്റ്റേഷനിലേക്കുള്ള ഈ ട്രെയിനിൽ ജില്ലയിൽനിന്നുള്ള 1320 തൊഴിലാളികളാണുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി ബിഹാറിലേക്ക് 1153 പേർ മടങ്ങി. ഇതോടെ ജില്ലയിൽനിന്ന് ഇതുവരെ സ്വദേശത്തേക്ക് പോയ അതിഥി തൊഴിലാളികളുടെ എണ്ണം 9937 ആയി. 
ചങ്ങനാശേരി -350, മീനച്ചിൽ- 345, കോട്ടയം-300, കാഞ്ഞിരപ്പള്ളി - 205, വൈക്കം- 120 എന്നിങ്ങനെയാണ് ചൊവ്വാഴ്‌ച പശ്ചിമബംഗാളിലേക്ക് പോയവരുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. ഇടുക്കിയിൽ നിന്നുള്ള 144 പേരും ഇതേ ട്രെയിനിലുണ്ടായിരുന്നു.
ചങ്ങനാശേരി- 541, കോട്ടയം- 342, മീനച്ചിൽ 134, വൈക്കം 69, കാഞ്ഞിരപ്പള്ളി- 67 എന്നിങ്ങനെയാണ് തിങ്കളാഴ്ച ബിഹാറിലേക്ക് പോയവരുടെ താലൂക്ക് തിരിച്ചുള്ള കണക്ക്.
നേരത്തെ രജിസ്റ്റർ ചെയ്ത ക്രമത്തിലാണ് ജില്ലാ ഭരണകൂടം തൊഴിലാളികൾക്ക് മടക്കയാത്രയ്ക്ക് സൗകര്യമേർപ്പെടുത്തുന്നത്. രജിസ്റ്റർചെയ്യാൻ അവസരം ലഭിക്കാതിരുന്ന തൊഴിലാളികൾക്കായി അസി. ലേബർ ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ പൊലീസ് സംരക്ഷണയിൽ കെഎസ്ആർടിസി ബസുകളിലാണ് തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിലെത്തിക്കുന്നത്. ഇതിനു പുറമെ എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ ഇവിടെനിന്ന് തൊഴിലാളികളെ എത്തിച്ച് നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്.
കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം അനിൽ ഉമ്മൻ, ആർഡിഒ ജോളി ജോസഫ്, ഡെപ്യൂട്ടി കലക്ടർമാരായ ജെസി ജോൺ, ജിയോ ടി മനോജ്, തഹസിൽദാർമാർ എന്നിവർ  തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top