16 April Friday

കരുത്തുകാട്ടാൻ കാഞ്ഞിരപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021
കോട്ടയം
പഴയ വാഴൂർ മണ്ഡലം പരിഷ്‌കാരം വരുത്തി രൂപീകരിച്ചതാണ്‌ കാഞ്ഞിരപ്പള്ളി. ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി ജയിച്ച മണ്ഡലം. കേരള കോൺഗ്രസ് യുഡിഎഫ് വിട്ടതോടെ‌ എൽഡിഎഫിന്റെ വിജയസാധ്യത ഇരട്ടിയായി‌. ഇന്നു കാണുന്ന കാഞ്ഞിരപ്പള്ളി മണ്ഡലം നിലവിൽ വന്നത്‌ 2011 മുതലാണ്‌.
 റബർ കർഷകർ നിരവധിയുള്ള നാട്,‌ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ മുൻകൈ നേടാനായി. തോട്ടം പുരയിടം വിഷയം പരിഹരിച്ചത്‌ നിരവധി കുടുംബങ്ങൾക്ക്‌ നൽകിയ ആശ്വാസം ചെറുതല്ല. 
കേരള കോൺഗ്രസിന്റെ സ്ഥാപക നേതാവ്‌ പി ടി ചാക്കോ ആയിരുന്നു വാഴൂരിന്റെ ആദ്യ എംഎൽഎ. 1957ലെ ആദ്യനിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐയിലെ എൻ രാഘവകുറുപ്പിനെ 80 വോട്ടുകൾക്കാണ്‌ പരാജയപ്പെടുത്തിയത്‌. 1960ൽ കോൺഗ്രസിലെ വി കെ വേലപ്പനും 1965ൽ പ്രൊഫ. കെ നാരായണക്കുറുപ്പും ജയിച്ചു കയറി. നാരായണക്കുറുപ്പ്‌ പിന്നീട്‌ അഞ്ചു തവണകൂടി മണ്ഡലത്തിൽ ജയിച്ചു. 1967ൽ -സിപിഐയുടെ കടയനിക്കാട് പുരുഷോത്തമൻപിള്ളയിലൂടെ മണ്ഡലം ഇടതുപക്ഷത്തെത്തി. 1982ലും 87ലും കാനം രാജേന്ദ്രൻ വിജയിച്ചു. 
കാഞ്ഞിരപ്പള്ളി മണ്ഡലവും 1957 മുതലുണ്ട്‌. ഇതിലെ രണ്ട്‌ പഞ്ചായത്തുകൾ ഒഴികെയുള്ള‌ മുഴുവൻ പ്രദേശവും ഇപ്പോൾ പൂഞ്ഞാർ മണ്ഡലത്തിലാണ്‌. 1957ലെയും 60ലെയും ആദ്യ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ കെ ടി തോമസിനായിരുന്നു വിജയം. 1967ൽ മുസ്‌തഫാ കമാലിലൂടെയും 1987ൽ കെ ജെ തോമസിലൂടെയും സിപിഐ എം മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചു. 1980ൽ കേരള കോൺഗ്രസിലെ തോമസ്‌ കല്ലമ്പള്ളി ജയിച്ചതും എൽഡിഎഫ്‌ സ്ഥാനാർഥിയായാണ്‌. 2006ൽ എൽഡിഎഫ്‌ സ്വതന്ത്രനായി അൽഫോൺസ്‌ കണ്ണന്താനം‌ വിജയിച്ചു‌. 2011, 2016 വർഷങ്ങളിൽ കേരള കോൺഗ്രസ്‌ എമ്മിലെ എൻ ജയരാജ്‌ വിജയിച്ചു. ജയരാജിന്റെ അച്ഛനാണ്‌ കാഞ്ഞിരപ്പള്ളിയിലെ മുൻ എംഎൽഎ പ്രൊഫ. കെ നാരായണകുറുപ്പ്‌.
പഴയ വാഴൂർ മണ്ഡലത്തിലെ ചിറക്കടവ്, വാഴൂർ, വെള്ളാവൂർ, കറുകച്ചാൽ, കങ്ങഴ, നെടുങ്കുന്നം എന്നിവയും പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകളും പുതുപ്പള്ളി മണ്ഡലത്തിന്റെ ഭാഗമായിരുന്ന പള്ളിക്കത്തോടും ഉൾപ്പെടുത്തിയാണ്‌ കാഞ്ഞിരപ്പള്ളി മണ്ഡലം രൂപീകരിച്ചത്‌. ഇപ്പോൾ മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ ഏഴും എൽഡിഎഫ്‌ ഭരിക്കുന്നു. പള്ളിക്കത്തോട്ടിൽ ബിജെപിയും നെടുങ്കുന്നത്ത്‌ യുഡിഎഫുമാണ്‌ ഭരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top