16 January Saturday

ഇത്‌ പൊങ്ങലക്കരിയുടെ പൊൻ ‘മേഘല’

യു വിനയൻUpdated: Tuesday Dec 1, 2020

വീട്ടുവഴിയിലെ വെള്ളക്കെട്ടിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്ന മേഘല

കോട്ടയം
തമിഴ്‌ സംഘകാല കാവ്യം മണിമേഘലയിൽ നിന്നാണ്‌ മേഘലയെന്ന‌ പേര്‌ പിറന്നത്‌. കുമരകം പൊങ്ങലക്കരിക്കാരി മേഘലയുടെ ജീവിതവും ഒരു കാവ്യംപോൽ അതിശയോക്തി നിറഞ്ഞത്‌.  ഏറ്റുമാനൂർ ബ്ലോക്ക്‌‌ പഞ്ചായത്ത്‌ കുമരകം ഡിവിഷനിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി രംഗത്തിറങ്ങുമ്പോളും മേഘല ജോസഫിന്‌‌ കരുത്തായ്‌ കൂടെയുള്ളത്‌‌ കനൽവഴികൾ താണ്ടിയ അനുഭവം. 
മെത്രാൻകായലിന്റെ തീരത്ത്‌ പൊങ്ങലക്കരിയിൽ നിന്നാണ്‌ സ്ഥാനാർഥി വരുന്നത്‌. വീട്ടിൽനിന്ന്‌ മുട്ടറ്റം വെള്ളംനിറഞ്ഞ വഴികടന്ന്‌ പ്രവർത്തകർക്കൊപ്പം നാട്ടുകാരുടെ ഇടയിലേക്ക്‌.  ‘പത്താംക്ലാസ്‌ വരെ ഇവിടെയൊരു കൂരയിലായിരുന്നു താമസം.  പിന്നീട്‌ 2003ൽ ഡിവൈഎഫ്‌ഐ കരി യൂണിറ്റ്‌ പ്രവർത്തകർ ചേർന്നാണ്‌ വീടുണ്ടാക്കിത്തന്നത്‌. വീടും വെള്ളവും ഭക്ഷണവുമില്ലാത്തവന്റെ ഉള്ളിലെ തീ എനിക്ക്‌ നന്നായറിയാം’ മേഘല പറഞ്ഞു.
പ്രതിസന്ധികൾ താണ്ടിയായിരുന്നു പഠനവും പൊതുപ്രവർത്തനവുമെല്ലാം. പൊളിറ്റിക്‌സിൽ ബിരുദാനന്തര ബിരുദവും എംഎഡും എടുത്തു. നാട്ടകം ഗവ. കോളേജ്‌ തെരഞ്ഞെടുപ്പിൽ യുയുസിയായി ജയിച്ചു. ഇടയിൽ സാമ്പത്തികം വില്ലനായപ്പോൾ നാലരവർഷം ബസ്‌ കണ്ടക്ടറുടെ കുപ്പായമണിഞ്ഞു. കോട്ടയം–- ചേർത്തല റൂട്ടിലെ വേമ്പനാട്‌ ബസിലായിരുന്നു ജോലി. ഗാനമേള ട്രൂപ്പുകൾക്കൊപ്പം പാടാനും പോവാറുണ്ട്‌. സിവിൽ സർവീസ്‌ മോഹം മനസിലുണ്ടായിരുന്നെങ്കിലും പിന്നീടിത്‌ ഉപേക്ഷിച്ചു. എംഎഡിന്‌ ശേഷം വിവിധ സ്‌കൂളുകളിൽ അധ്യാപികയായി.
2018 ലെ പ്രളയത്തിൽ മേഘലയുടേത്‌ ഉൾപ്പെടെ നിരവധി വീടുകൾ നശിച്ചു. സുരേഷ്‌കുറുപ്പ്‌ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന്‌ റോട്ടറി ക്ലബ്‌ പൊങ്ങലക്കരിയിൽ 25 വീട്‌ നിർമിക്കാൻ തയ്യാറായി. ഒറ്റാൽ, ഭയാനകം സിനിമകളുടെ ചിത്രീകരണത്തിനായി കരിയിലെത്തിയ സംവിധായകൻ ജയരാജും ആറ്‌ വീട്‌ നിർമിക്കാൻ വഴിയൊരുക്കി. ഇവയിലൊന്നാണ്‌ മേഘലയ്‌ക്കും ലഭിച്ചത്‌. ചെറുകൂരയിലെ കഷ്ടപ്പാടുകളിൽനിന്ന് പൊതുപ്രവർത്തനത്തിൽ സജീവമാകുമ്പോൾ ലക്ഷ്യം നാട്ടിലെ സാധാരണക്കാരന്റെ ശബ്ദമാവുക മാത്രം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top