25 January Saturday
സ്ഥലം എംഎൽഎക്കെതിരെ പരോക്ഷ വിമർശം

ഒറ്റുകാരുടെ അതിമോഹങ്ങൾക്ക് ആയുസുണ്ടാവില്ല: ജോസ് കെ മാണി

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019
കടുത്തുരുത്തി 
കുതന്ത്രങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും രാഷ്ട്രീയ പ്രവർത്തകരെ വിലക്കെടുക്കാമെന്നുള്ള കേരളാ കോൺഗ്രസിലെ ഒറ്റുകാരുടെ അതിമോഹങ്ങൾക്ക്  ആയുസുണ്ടാവില്ലെന്ന് കേരളാ കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ  മാണി എംപി. കേരളാ കോൺഗ്രസ്‌  എം കടുത്തുരുത്തി നിയോജകമണ്ഢലം കമ്മിറ്റി സംഘടിപ്പിച്ച കെ എം മാണി അനുസ്മരണറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
അഞ്ച് പതിറ്റാണ്ടുകൾക്കൊണ്ട് കെ എം മാണി പടുത്തുയർത്തിയ കേരളാ കോൺഗ്രസ്‌ പ്രസ്‌ഥാനത്തെ രാഷ്ട്രീയമായി ശിഥിലീകരിക്കാനാണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്. മാണി സാറിന്റെ മുന്നിൽ വിശ്വസ്തരായി അഭിനയിക്കുകയും പദവികളെല്ലാം സ്വന്തമാക്കുകയും ചെയ്തിട്ട് മാണിസാറിന്റെ രാഷ്ട്രീയ പ്രസ്‌ഥാനത്തെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തുകയും ചെയ്ത ഒറ്റുകാർക്ക് ചരിത്രം തിരിച്ചടി നൽകുമെന്ന്‌ സ്ഥലം എംഎൽഎയെ പരോക്ഷമായി ജോസ്‌ കെ മാണി ഓർമിപ്പിച്ചു. 
കോടതി വിധിക്ക് തെറ്റായ വ്യാഖ്യാനങ്ങൾ ചമച്ചും നുണകൾ പ്രചരിപ്പിച്ചും കേരളാ കോൺഗ്രസ്‌ എമ്മിനെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് തലതാഴ്‌ത്തേണ്ടി വരും. ജോസ് കെ മാണി പറഞ്ഞു. 
ബ്ലോക്ക് ജങ്‌ഷനിൽ നിന്നും പ്രകടനം ആരംഭിച്ചു.   നിയോജകമണ്ഡലം പ്രസിഡന്റ് പി എം മാത്യു ഉഴവൂർ അധ്യക്ഷനായി. തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ. എൻ ജയരാജ് എംഎൽഎ, ജോസഫ് എം പുതുശ്ശേരി എക്‌സ് എംഎൽഎ, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ഇ ജെ അഗസ്തി, എം എസ് ജോസ്, മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്, മുൻ എംഎൽഎ പി എം മാത്യു,  ജോസ് പുത്തൻകാലാ, സഖറിയാസ് കുതിരവേലി തുടങ്ങിയവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top